തൃശൂർ: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ സജീവമാക്കി കോൺഗ്രസ്. ജില്ലയിൽ മത്സരിക്കുന്ന 11 മണ്ഡലങ്ങളിലേക്കുമുള്ള സ്ഥാനാർത്ഥി സാധ്യതാ പട്ടിക ഡി.സി.സി, കെ.പി.സി.സിക്ക് കൈമാറി. മത്സരിക്കാനാഗ്രഹിക്കുന്നവരുടെയും ഡി.സി.സി നിർദ്ദേശിക്കുന്നവരുടെയും പട്ടികയാണ് സമർപ്പിച്ചത്.
ഡി.സി.സിക്ക് ലഭിച്ച ബയോഡാറ്റയിലും അപേക്ഷയിലും ചർച്ചകൾ നടത്തിയ ശേഷമാണ് പട്ടിക കൈമാറിയത്. ഡി.സി.സി പ്രസിഡന്റ് ജോസഫ് ടാജറ്റിന്റെ നേതൃത്വത്തിലാണ് ജില്ലയിൽ നിന്നുള്ള കെ.പി.സി.സി സെക്രട്ടറിമാരടക്കമുള്ളവർ തിരുവനന്തപുരത്ത് ചർച്ച നടത്തിയത്. നേരത്തെ പുറത്തു വന്ന പേരുകൾ തന്നെയാണ് പട്ടികയിലും. ഇതിൽ പുതുക്കാട്,കൊടുങ്ങല്ലൂർ, മണലൂർ മണ്ഡലങ്ങളിലെ പേരുകളാണ് അന്തിമ തീരുമാനത്തിനായി വിട്ടിരിക്കുന്നത്. പുതുതായി അഡ്വ. ഷാജി കോടങ്കണ്ടത്ത്, യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഒ.ജെ. ജെനീഷ്, സോണിയ ഗിരി, മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ദാസൻ എന്നിവരുടെ പേരുകൾ പട്ടികയിലുണ്ട്. ടി.എൻ. പ്രതാപനും ഇത്തവണ നിയമസഭയിലേക്ക് മത്സരിക്കും. ചാലക്കുടിയിൽ സനീഷ് ജോസഫ് തന്നെയാണ്. ഡി.സി.സി പ്രസിഡന്റിന് മത്സരിക്കാൻ സാധിക്കുമെങ്കിൽ രംഗത്തുണ്ടാകുമെന്ന് സംസ്ഥാന നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. പുതുക്കാട് മണ്ഡലത്തിലാണ് സാധ്യത. ഗുരുവായൂർ, ഇരിങ്ങാലക്കുട മണ്ഡലങ്ങളിൽ മുസ്ലീം ലീഗും കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പുമാണ് മത്സരിക്കുന്നത്. ഗുരുവായൂർ സീറ്റ് വച്ച് മാറാനുള്ള നീക്കം നടത്തിയെങ്കിലും വിജയിച്ചില്ല.
കോൺഗ്രസ് സ്ഥാനാർത്ഥി നിർണയം:
ചർച്ചകളിൽഈഴവസമുദായം
അവഗണിക്കപ്പെടുന്നു
തൃശൂർ: കോൺഗ്രസ് സ്ഥാനാർത്ഥി നിർണയ പ്രാരംഭ ഘട്ട ചർച്ചകളിൽ പോലും ഈഴവ സമുദായം അവഗണിക്കപ്പെടുന്നതായി പരാതി. പരമ്പരാഗത ഈഴവ വോട്ടുകൾ കുറയുന്നതിൽ ഒരു ആശങ്കയും നേതൃത്വത്തിനില്ല. ബി.ഡി.ജെ.എസ് - ബി.ജെ.പി ബന്ധം അർഹിക്കുന്ന ഗൗരവത്തോടെ കാണുന്നില്ലെന്നുമാണ് പ്രവർത്തകർ ചൂണ്ടിക്കാണിക്കുന്നത്. ജില്ലയിലെ ഭൂരിപക്ഷ സമുദായത്തിന് അർഹമായ പ്രാതിനിധ്യം സംഘടനയിലും സ്ഥാനാർത്ഥി നിർണയത്തിലും നൽകണമെന്ന ആവശ്യം കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് എ.ഐ.സി.സി ജനറൽ സെക്രട്ടറിയായിരുന്ന താരിഖ് അൻവറിന് ആർ. ശങ്കർ ഫോറം സമർപ്പിച്ചിരുന്നു. പരിഗണിക്കുമെന്ന് അന്ന് ലഭിച്ച ഉറപ്പ് ഇന്നും തുടരുന്നു. 40% പ്രാതിനിധ്യമുള്ള കൊടുങ്ങല്ലൂർ ,പുതുക്കാട്, ഒല്ലൂർ, മണലൂർ എന്നീ മണ്ഡലങ്ങളിൽ ഈഴവ സ്ഥാനാർത്ഥികളെ മത്സരിപ്പിക്കണമെന്ന് ആർ ശങ്കർ ഫോറം ആവശ്യം ഉന്നയിച്ചിട്ടുണ്ട്. യുവ പ്രാതിനിധ്യമെന്ന നിലയിൽ കെ.പി.സി.സി മെമ്പർ നിഖിൽ ദാമോദരനെ ഒല്ലൂരിൽ പരിഗണിക്കണമെന്നും ആവശ്യപ്പെടുന്നു. കാലങ്ങളായുള്ള അവഗണന തുടർന്നാൽ യു.ഡി.എഫിനുള്ള സാദ്ധ്യതയ്ക്ക് മങ്ങൽ ഉണ്ടാവുമെന്നാണ് പൊതവേയുള്ള വിലയിരുത്തൽ.
തർക്കങ്ങളില്ലാതെ ഇത്തവണ സ്ഥാനാർത്ഥി ലിസ്റ്റ് പ്രഖ്യാപിക്കാനാകുമെന്ന പ്രതീക്ഷയിലാണ്. ഇതൊരു പ്രാഥമിക നീക്കം മാത്രമാണ്. ചർച്ചകൾ നടത്തി വിജയ സാധ്യതയുള്ള സ്ഥാനാർത്ഥിയെ നിർണയിച്ചതിനുശേഷം മാത്രമേ പ്രഖ്യാപനം ഉണ്ടാകൂ.
അഡ്വ. ജോസഫ് ടാജറ്റ്
ഡി.സി.സി പ്രസിഡന്റ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |