
കേരളത്തിന്റെ പുതുയുഗപ്പിറവി പ്രഖ്യാപിച്ച് യാത്രയ്‌ക്കൊരുങ്ങുകയാണ് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. രാഷ്ട്രീയവും വികസനവും പറഞ്ഞുള്ള യാത്ര ഇന്ന് കാസർകോട് കുമ്പളയിൽ നിന്ന് തുടങ്ങുമ്പോൾ' കേരള കൗമുദിയുമായി സംസാരിക്കുന്നു
@ യാത്ര തിരുവനന്തപുരത്തെത്തുമ്പോൾ വി.ഡി.സതീശനാവുമോ മുഖ്യമന്ത്രി സ്ഥാനാർത്ഥി..?
അത്തരമൊരു ചർച്ചയും വിവാദവുമില്ല. ദയവു ചെയ്ത് ഉണ്ടാക്കരുത്. വി.ഡി.സതീശൻ പ്രതിപക്ഷ നേതാവ് മാത്രമാണ്. നിയമസഭയിലും പുറത്തും പാർട്ടിക്കും മുന്നണിക്കും ജനങ്ങൾക്കും വേണ്ടി വാദിക്കുന്നൊരാൾ. കോൺഗ്രസിലെ നൂറു നേതാക്കളിലൊരാൾ.. ഹൈക്കമാൻഡ് ഒരു പട്ടികയിറക്കും. അത് ജയസാദ്ധ്യതയും ജനകീയതയുമുള്ളവരാവും. മുൻകാലങ്ങളിലെപ്പോലെ വൈകില്ല. തദ്ദേശത്തിൽ ആദ്യ സ്ഥാനാർത്ഥിപ്പട്ടിക കോൺഗ്രസിന്റേതായിരുന്നു. നിയമസഭയിലും അങ്ങിനെയാവും. എന്നോട് മത്സരിക്കാൻ പറഞ്ഞാൽ മത്സരിക്കും.
@ മൂന്നാം ഇടതു സർക്കാർ ഉറപ്പാണെന്ന് എൽ.ഡി.എഫ് ?
ആരാണ് ഇടതുപക്ഷം? യഥാർത്ഥത്തിൽ നെഹ്രുവിയൻ കാഴ്ചപ്പാടിൽ മുന്നോട്ടു പോകുന്ന ശരിയായ ഇടതുപക്ഷം കോൺഗ്രസാണ്. അവർ വലതുപക്ഷമല്ല, തീവ്ര വലതുപക്ഷം. മതത്തേയും ജാതിയേയും അടർത്തിയെടുത്ത് വോട്ടിനു വേണ്ടി കച്ചവടം നടത്തുന്ന സി.പി.എം ബി.ജെ.പിക്കും മുകളിലാണ്.
@ ബി.ജെ.പി വീണ്ടും അക്കൗണ്ട് തുറക്കുമോ...?
ഇല്ലെന്നാണ് കേരളത്തിന്റെ രാഷ്ട്രീയ സാമൂഹിക സാഹചര്യത്തിൽ പറയാനുള്ള ഉത്തരം. പിന്നെ, സി.പി.എം സഹായിച്ചാൽ നടക്കും. അത്തരമൊരു ശ്രമം നടക്കുന്നതിനാൽ കോൺഗ്രസിന്റെ ശക്തമായ പ്രതിരോധമുണ്ടാവും.
@ എന്താണ് യാത്രയുടെ പ്രധാന അജണ്ട...?
പ്രത്യേകം അജണ്ടയില്ല. കേരളത്തിലെ ഭൂരിപക്ഷം ഇടത് സഹയാത്രികർ പറയുന്നത് ഇവരെ താഴെയിറക്കണമെന്നാണ്. ഇത്തവണ ഞങ്ങളുടെ ഊർജം പരമ്പരാഗത യു.ഡി.എഫ് വോട്ടുകൾ മാത്രമല്ല. അസംതൃപ്തരായ സി.പി.എം അണികൾ നൽകുന്ന ആവേശമാണ്. എത്ര സീറ്റെന്നതല്ല, അധികാരത്തിൽ ജനം യു.ഡി.എഫിനെ ഇരുത്തും. ഇനി ഇവിടെ തകരാൻ ഒരു മേഖലയുമില്ല. വിദ്യാഭ്യാസം, ആരോഗ്യം, കാർഷികം, പട്ടികജാതിമേഖല, വന്യജീവി പ്രശ്‌നം.. . ഞങ്ങൾ ഇത്തവണ മുൻതൂക്കം നൽകുന്നത് ഇത്തരം വിഷയങ്ങൾ പഠിച്ച് അതിനെല്ലാം എങ്ങിനെ പരിഹാരം കാണാമെന്നാണ്.
@ ശബരിമലയിൽ കോടതി പറഞ്ഞത് അന്വേഷണം ശരിയായ ദിശയിലാണെന്നാണല്ലോ?
. കോടതിയുടെ നിയന്ത്രണത്തിലായിട്ടും അന്വേഷണം മുഴുവൻ അട്ടിമറിച്ചില്ലേ. എല്ലാവർക്കും ജാമ്യം നൽകി. അയ്യപ്പൻ്റെ കട്ടിളപ്പാളി ഇളക്കിക്കൊണ്ടുപോകാൻ കഴിഞ്ഞെങ്കിൽ അവർ പുറത്തിറങ്ങിയാൽ എന്തൊക്കെ ചെയ്യാനാവും. ഒരു പ്രാഥമിക കുറ്റപത്രമെങ്കിലും നൽകാമായിരുന്നില്ലേ. എസ്.ഐ.ടിക്കുമേൽ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും അത്ര മാത്രം സമ്മർദ്ദമുണ്ട്. കേസ് അട്ടിമറിക്കാം. പക്ഷെ ജനവിധി അട്ടിമറിക്കാനാവില്ല.
@ വി.ഡി.സതീശനെ പ്രതിരോധിക്കാൻ കോൺഗ്രസുകാരെപ്പോലും കാണുന്നില്ല...?
വലിയ ആക്രമണം നടക്കുന്നുണ്ട്. നിയമസഭയിൽ അഞ്ചു മന്ത്രിമാരാണ് വളഞ്ഞിട്ടാക്രമിച്ചത്. എല്ലാവർക്കും മറുപടി കൊടുത്തിട്ടുണ്ട്. എനിക്കെതിരായ ആക്രമണങ്ങളിൽ രമേശ് ചെന്നിത്തലയും കെ.മുരളീധരനും മറുപടി പറഞ്ഞിട്ടുണ്ട്. . പാർട്ടി ഇപ്പോൾ ഗ്രൂപ്പ് സമവാക്യങ്ങളൊന്നുമില്ലാതെ ഒറ്റക്കെട്ടായി പോവുകയാണ്.
വി.ഡി. സതീശന്റെ പുതുയുഗ
യാത്രയ്ക്ക് ഇന്ന് തുടക്കം
തിരുവനന്തപുരം: യു.ഡി.എഫ് നേതൃത്വത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ നയിക്കുന്ന പുതുയുഗ യാത്രയ്ക്ക് ഇന്ന് കാസർകോട് മഞ്ചേശ്വരം മണ്ഡലത്തിൽ തുടക്കമാവും. വൈകിട്ട് നാലിന് കുമ്പളയിൽ എ.ഐ.സി.സി സംഘടനാ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ ഉദ്ഘാടനം ചെയ്യും.
പത്തു വർഷത്തെ ദുർ ഭരണത്തിൽ നിന്നു ജനങ്ങളെ മോചിപ്പിക്കുക, പുതു കേരളം സൃഷ്ടിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളുമായാണ് യാത്ര പുറപ്പെടുന്നതെങ്കിലും ,അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിനുള്ള നിലമൊരുക്കലാണ് പ്രധാന ദൗത്യം. ശബരിമല സ്വർണ്ണത്തട്ടിപ്പിനെതിരെ പ്രതിപക്ഷം തുടർച്ചയായ സമരങ്ങൾ നടത്തി വരികയാണ്. വിലക്കയറ്റം, വികസന മുരടിപ്പ് തുടങ്ങി മറ്റ് ജനകീയ വിഷയങ്ങളും ജനങ്ങളിലെത്തിക്കും.
എല്ലാ ജില്ലകളിലും പ്രധാന കേന്ദ്രങ്ങളിൽ പര്യടനം നടത്തുന്ന യാത്ര മാർച്ച് ഏഴിന് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് സമാപിക്കും. രാഹുൽ ഗാന്ധി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. ഒരു മാസം നീണ്ടു നിൽക്കുന്ന യാത്രയ്ക്കിടെ സമൂഹത്തിന്റെ നാനാതുറകളിലുള്ളവരെ പങ്കെടുപ്പിച്ച് പ്രതിപക്ഷ നേതാവ് മുഖാമുഖം പരിപാടിയും നടത്തും. ഓരോ ജില്ലയും അഭിമുഖീകരിക്കുന്ന പ്രധാന വിഷയങ്ങളും ചർച്ച ചെയ്യും. വിവിധ മേഖലകളുമായി ബന്ധപ്പെട്ട വികസന കാഴ്ചപ്പാടും അവതരിപ്പിക്കും. ഞായറാഴ്ചകളിൽ യാത്രയ്ക്ക് അവധിയായിരിക്കും. യു.ഡി.എഫ് ഘടക കക്ഷികളുടെ നേതാക്കളും പങ്കെടുക്കും. വിവിധ കേന്ദ്രങ്ങളിലായി എ.ഐ.സി.സി അദ്ധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, പ്രിയങ്ക ഗാന്ധി എം.പി, ദീപാദാസ് മുൻഷി, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപ മുഖ്യമന്ത്രി ഡി.കെ.ശിവകുമാർ തുടങ്ങിയ നേതാക്കൾ പങ്കെടുക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |