
തിരുവനന്തപുരം: മാവേലിക്കര മുൻ എം.എൽ.എ എം.മുരളി വിദ്യാർത്ഥി യുവജന പ്രസ്ഥാനങ്ങളിലൂടെ സംസ്ഥാന രാഷ്ട്രീയത്തിൽ കോൺഗ്രസിന്റെ മുഖമായി മാറിയ നേതാവായിരുന്നെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. താൻ കെ.എസ്.യു പ്രവർത്തകനായിരുന്നപ്പോൾ ആലപ്പുഴ കെ.എസ്.യു ജില്ലാ പ്രസിഡന്റായിരുന്നു മുരളി. ഏറ്റവും നന്നായി നിയമസഭാ നടപടികളിൽ ഇടപെട്ടിരുന്ന എം.എൽ.എമാരിൽ ഒരാളായിരുന്നു.
തദ്ദേശ തിരഞ്ഞെടുപ്പ് വിജയത്തിൽ അദ്ദേഹത്തിന് നിർണായക പങ്കുണ്ട്. കരുത്തുറ്റ നേതാവിനെയും മികച്ച സംഘാടകനെയുമാണ് മുരളിയുടെ വിയോഗത്തിലൂടെ കോൺഗ്രസിന് നഷ്ടമായതെന്നും വി.ഡി. സതീശൻ പറഞ്ഞു. എം.എം. ഹസ്സൻ, തമ്പാനൂർ രവി എന്നിവരും മുരളിയുടെ വിയോഗത്തിൽ അനുശോചിച്ചു.
മുരളി കോൺഗ്രസിലെ സൗമ്യമുഖങ്ങളിലൊന്ന്: കെ.സി. വേണുഗോപാൽ
തിരുവനന്തപുരം: മാവേലിക്കര മുൻ എം.എൽ.എ എം. മുരളി കോൺഗ്രസ് പാർട്ടിയിലെ സൗമ്യമുഖങ്ങളിൽ ഒരാളായിരുന്നെന്ന് എ.ഐ.സി.സി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എം.പി. കെ.എസ്.യു സംസ്ഥാന അദ്ധ്യക്ഷനായിരുന്നപ്പോൾ മുരളി നേതൃത്വം നൽകിയ പ്രക്ഷോഭങ്ങൾ വിദ്യാർത്ഥി സംഘടനാ ചരിത്രത്തിലെ സുപ്രധാന അദ്ധ്യായങ്ങളാണ്. ദുർബല ജനതയുടെ ശബ്ദമാകാൻ മുരളി ശ്രദ്ധിച്ചിരുന്നു. സംഘടനാപ്രവർത്തനത്തിലും ഉത്തരവാദിത്തങ്ങൾ നിർവഹിക്കുന്നതിലും വീഴ്ച വരുത്താൻ മുരളി തയ്യാറായിരുന്നില്ല. കരുത്തനായ നേതാവിനെയാണ് കോൺഗ്രസിന് നഷ്ടമായതെന്നും വേണുഗോപാൽ പറഞ്ഞു.
എം. മുരളിയുടെ വിയോഗം സമൂഹത്തിന് നഷ്ടം: സ്പീക്കർ
തിരുവനന്തപുരം: മാവേലിക്കര മുൻ എം.എൽ.എ എം. മുരളിയുടെ വിയോഗം പൊതുസമൂഹത്തിന് നഷ്ടമാണെന്ന് സ്പീക്കർ എ.എൻ. ഷംസീർ. വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെ പൊതുരംഗത്തേക്ക് കടന്നുവന്ന അദ്ദേഹം നാലുതവണ തുടർച്ചയായി മാവേലിക്കര മണ്ഡലത്തെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തി. നിയമസഭ ലോക്കൽ ഫണ്ട് അക്കൗണ്ട്സ് കമ്മിറ്റി ചെയർമാനായും സ്തുത്യർഹസേവനം അനുഷ്ഠിച്ചു. അദ്ദേഹം മികച്ച സംഘാടകനും അഭിഭാഷകനും നിയമസഭാ സാമാജികനുമായിരുന്നെന്നും എ.എൻ. ഷംസീർ അനുസ്മരിച്ചു.
കോൺഗ്രസിന് നഷ്ടമായത് മികച്ച സംഘാടകനെ: സണ്ണി ജോസഫ്
തിരുവനന്തപുരം: മാവേലിക്കര മുൻ എം.എൽ.എ എം. മുരളിയുടെ നിര്യാണത്തിലൂടെ മികച്ച സംഘാടകനെയാണ് കോൺഗ്രസിന് നഷ്ടമായതെന്ന് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് എം.എൽ.എ പറഞ്ഞു. കേരള കോൺഗ്രസിലെ ശക്തനായ നേതാവായിരുന്നു അദ്ദേഹം. കെ.എസ്.യു ജില്ലാ പ്രസിഡന്റായിരുന്ന കാലഘട്ടം മുതൽ നല്ല സൗഹൃദബന്ധമായിരുന്നു. നിയമസഭാ സാമാജികൻ എന്ന നിലയിലും മികച്ച പ്രവർത്തനം കാഴ്ചവച്ചു. അദ്ദേഹത്തിന്റെ പ്രവർത്തനം തദ്ദേശ തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് വളരെ സഹായകരമായിരുന്നെന്നും സണ്ണി ജോസഫ് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |