
കൊച്ചി: സ്വർണക്കൊള്ളക്കേസിൽ സ്വന്തം പാർട്ടിയിലെ അംഗങ്ങൾ ജയിലിൽ കിടക്കുമ്പോൾ ആ കുറ്റം മറ്റുള്ളവരുടെ തലയിൽ കെട്ടിവയ്ക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയൻ ശ്രമിക്കുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. മറ്റുള്ളവരുടെ ദേഹത്ത് ചെളിവാരി എറിഞ്ഞാൽ സ്വന്തം ദേഹത്ത് പുരണ്ട ചെളി ഇല്ലാതാകുമെന്ന് മുഖ്യമന്ത്രി ധരിക്കുന്നുണ്ടെങ്കിൽ സഹതാപം മാത്രമെ തനിക്കുള്ളൂവെന്നും കെ സി വേണുഗോപാൽ പറഞ്ഞു. കൊച്ചിയിൽ മാദ്ധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
'സ്വർണക്കൊള്ളക്കേസിൽ യഥാർത്ഥ പ്രതികളെ രക്ഷപ്പെടുത്താൻ മുഖ്യമന്ത്രി പരിശ്രമിക്കുമ്പോൾ, സ്വന്തം സ്ഥിതി വഷളാകുകയാണ് എന്ന് തിരിച്ചറിയുക. ഇത് മുഖ്യമന്ത്രിക്ക് മനസിലാകുന്നില്ലെങ്കിൽ കഷ്ടം എന്ന് മാത്രമേ എനിക്ക് പറയാനുള്ളൂ. അടുർ പ്രകാശിനെ എസ്ഐടി ചോദ്യം ചെയ്യട്ടെ. ഞങ്ങൾ ആദ്യം മുതൽ പറയുന്നുണ്ടല്ലോ, ഈ കേസിൽ പ്രത്യേക അന്വേഷണ സംഘത്തിന് ആരെ വേണമെങ്കിലും ചോദ്യം ചെയ്യാൻ അവകാശമുണ്ട്.
അവർക്ക് ഇഷ്ടമുള്ളപ്പോൾ ഇഷ്ടമുള്ള ആളെ ചോദ്യം ചെയ്യാം. ശബരിമലയിലെ സ്വർണം മോഷ്ടിച്ചത് ആരാണെന്ന് ഇപ്പോൾ ജനങ്ങൾക്ക് നല്ലപോലെ അറിയാം. 2004ൽ ദേവസ്വം മന്ത്രിയായിരുന്ന സമയത്ത് ഞാൻ ചെയ്ത പ്രവർത്തനം ജനങ്ങൾക്ക് അറിയാം. 2004ലെ അല്ല ഏത് കാലത്തിലേക്ക് എസ്ഐടി അന്വേഷണം കൊണ്ടുപോയാലും എനിക്ക് ഭയമില്ല. ഈ കേസുമായി ബന്ധപ്പെട്ട് യുഡിഎഫ് നേതാക്കൾ ആരും ജയിലിൽ പോകില്ല. അന്വേഷണം നടക്കട്ടെ'- കെ സി വേണുഗോപാൽ വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |