SignIn
Kerala Kaumudi Online
Friday, 06 March 2026 10.47 PM IST

ഓൺലൈൻ അടിമത്തം തടയാൻ വീട്ടിൽ ചിട്ട വേണം

Increase Font Size Decrease Font Size Print Page
e

ഫ്ലാറ്റിൽ നിന്ന് ചാടി മരിച്ച ഗാസിയാബാദിലെ പെൺകുട്ടികളാണ് ഇപ്പോൾ ഫോക്കസിൽ. മാതാപിതാക്കളും സഹപാഠികളുമുള്ള യഥാർത്ഥ ലോകം വേണ്ടെന്നും ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലെ കൂട്ടുകാരും ഗെയിമുകളും മാത്രം മതിയെന്നുമായിരുന്നു അവരുടെ പക്ഷം. അത് നിഷേധിച്ചതിനോടുള്ള പ്രതിഷേധമായിരുന്നോ മരണത്തിലേക്കുള്ള ആ ചാട്ടം?


കൊല്ലുന്ന ഏതെങ്കിലും ഗെയ്‌മിലെ ടാസ്ക്കിന്റെ ഫലമാണോ ഇതെന്നും അറിയില്ല. വർഷങ്ങളായി ഈ സഹോദരികൾ ഡിജിറ്റൽ അടിമത്തത്തിലായിരുന്നുവെന്ന് പറയപ്പെടുന്നു. സ്‌കൂളിൽ പോക്ക് അവതാളത്തിലായിരുന്നു. ഇച്ഛാഭംഗവേളയിൽ സ്വയം ഉയിരെടുത്ത് പരിഹാരം കാണുകയെന്ന അപക്വ തീരുമാനത്തിലേക്കാണ് നിരന്തര ഗെയിമിംഗ് സമ്പർക്കം ഈ കുട്ടികളെ നയിച്ചത്!

 സ്വഭാവ രൂപീകരണത്തിലെ വിള്ളലുകൾ

കൂട്ടുകാരുമായി നേരിട്ട് ഇടപഴകിയുള്ള കളികളെ, ഓൺലൈൻ ഗെയിമുകളും ശീലങ്ങളും അപഹരിക്കുന്നുണ്ടെന്നത് വാസ്തവമാണ്. കായിക വിനോദങ്ങളും കുറവ്. മനോവികാസത്തിനാവശ്യമായ സാമൂഹിക ഇടപെടലുകൾ മുങ്ങിപ്പോകും വിധത്തിൽ ഗെയിമുകളുടെ പിടിയിൽപ്പെടുന്ന കുട്ടികൾ ധാരാളം. ഇതൊക്കെ അവരുടെ സ്വഭാവ രൂപീകരണത്തെ തകിടം മറിക്കുന്നുണ്ട്. കൂടുതൽ നേരം മൊബൈൽ ഫോൺ വേണമെന്ന വാശി, തടഞ്ഞാൽ അക്രമവും കോപവും, ചിലപ്പോൾ ആത്മഹത്യാ ഭീഷണികൾ... ഇങ്ങനെ പോകുന്നു കുട്ടികളുടെ വിക്രിയകൾ.

പലരും പഠനത്തിൽ പിന്നോട്ടടിക്കുന്നു. മുതിർന്നവരെ വിരട്ടിയും ഭീഷണിപ്പെടുത്തിയും മേൽക്കോയ്മ നേടുന്ന കഥാപാത്രങ്ങളായി ഈ കുട്ടികൾ മാറുന്നു. മൂപ്പെത്താത്ത മനസും ഓൺലൈൻ ദുശീലങ്ങളും തമ്മിലുള്ള കൂട്ടായ്മയിലൂടെ ഒരു ഡിജിറ്റൽ കാലനിഷേധി രൂപപ്പെട്ടുകഴിഞ്ഞാൽ പിന്നെ പരിഹാരത്തിന് ചികിത്സ വേണ്ടിവരും.

ഇളം മനസിന് അനുയോജ്യമല്ലാത്ത ഉള്ളടക്കങ്ങളുള്ള ഗെയിമുകളും ചാറ്റ് സൗകര്യങ്ങളും കാഴ്ചകളുമൊക്കെ വിരൽത്തുമ്പിൽ ലഭ്യമാകുന്ന നാളുകളിൽ ഓൺലൈൻ ഗാർഹിക നയം ഉണ്ടാകേണ്ടിയിരിക്കുന്നു. കുറ്റകരമായ അശ്രദ്ധയോ ഉദാസീനതയോ ഇക്കാര്യത്തിൽ പലവീടുകളും പുലർത്തുന്നുണ്ട്. സ്‌ക്രീൻ ഉപയോഗത്തിനുള്ള നിയമങ്ങളും സമയനിയന്ത്രണവും ഉള്ളടക്കങ്ങളിലുള്ള ജാഗ്രതയുമൊക്കെ നിഷ്ഠപോലെ വീടുകളിൽ നടപ്പിലാക്കേണ്ടതുണ്ട്. അത് കുട്ടികളിൽ ജീവിത ശൈലിയായി പ്രതിഷ്ഠിക്കപ്പെടണം.

 തന്തവൈബ് ആകാം

ഓൺലൈൻ അടിമത്തത്തിന്റെ ലക്ഷണങ്ങൾ തിരിച്ചറിയാനും ഇടപെടാനും പോന്ന വൈഭവം പുതിയകാല വളർത്തൽ ശൈലികളിൽ ഉണ്ടാകണം. അനുവദിച്ച സമയം കഴിയുമ്പോൾ, അരമണിക്കൂർ കൂടി തരണമെന്ന് പതിവായി ചിണുങ്ങുന്നത് കുട്ടിയുടെ ഉള്ളിലെ നിയന്ത്രണം പോകുന്നതിന്റെയും അടിമത്തത്തിലേക്കുള്ള യാത്രയുടെയും സൂചനയാണെന്ന് മനസിലാക്കണം. നിഷേധിക്കുമ്പോഴുള്ള രോഷത്തെ തുടക്കത്തിൽ തന്നെ നേരിടാനാകണം. റിയൽ ലോകത്തെ ബദൽ ഉല്ലാസങ്ങളോടുള്ള താത്പര്യം വളർത്തണം. അതിൽ ഏർപ്പെടാനുള്ള സാഹചര്യമൊരുക്കണം. തന്ത വൈബെന്നൊക്കെ പിള്ളേർ പരിഹസിക്കുമ്പോൾ ചങ്ങാതി വേഷമണിയാൻ വേണ്ടി മേൽനോട്ടമില്ലാത്ത ഓൺലൈൻ ശീലം കുട്ടികൾക്ക് അനുവദിക്കരുത്. സ്വയം മാതൃകകൾ കാണിക്കുകയും വേണം.

(എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലെ മാനസികാരോഗ്യ വിദഗ്ദ്ധനാണ് ലേഖകൻ )

TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.