SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.40 PM IST

പാർക്കിൻസൺസ് രോഗത്തെ തുരത്താൻ ആഗോള കൂട്ടായ്മ; അന്താരാഷ്ട്ര സിമ്പോസിയം തിരുവനന്തപുരത്ത്

Increase Font Size Decrease Font Size Print Page
parkinsons-disease

തിരുവന്തപുരം: പാർക്കിൻസൺസ് രോഗ ഗവേഷണത്തിലും പരിചരണത്തിലും അന്താരാഷ്ട്ര സിമ്പോസിയം സംഘടിപ്പിക്കുന്നു. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറേറ്റ്, നാഷണൽ ഹെൽത്ത് മിഷൻ, തിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജ് ന്യൂറോളജി വകുപ്പ്, കിംഗ്സ് കോളേജ് ലണ്ടൻ പാർക്കിൻസൺസ് റിസർച്ച് അലയൻസ് ഇന്ത്യ (പിആർഎഐ) എന്നിവ ചേർന്നാണ് ആറാമത് അന്താരാഷ്ട്ര വാർഷിക സിമ്പോസിയം 2026 സംഘടിപ്പിക്കുന്നത്. ഫെബ്രുവരി എട്ടിന് രാവിലെ ഒമ്പത് മണിക്ക് തിരുവനന്തപുരം ഹൈസിന്ത് ഹോട്ടലിൽ വച്ച് ആരോഗ്യ മന്ത്രി വീണാ ജോർജ് സിമ്പോസിയം ഉദ്ഘാടനം ചെയ്യും.

പാർക്കിൻസൺസ് രോഗ ഗവേഷണത്തിലും പരിചരണത്തിലും ദേശീയ, അന്തർദേശീയ വിദഗ്ദ്ധരെ ഒരുമിച്ച് കൊണ്ടുവരിക എന്നതാണ് ഈ സമ്മേളനത്തിലൂടെ ലക്ഷ്യമിടുന്നത്. പാർക്കിൻസൺസ് രോഗവുമായി ബന്ധപ്പെട്ട രോഗനിർണയം, മാനേജ്‌മെന്റ്, ഗവേഷണം എന്നിവയിലെ സമീപകാല പുരോഗതിയെക്കുറിച്ച് സമഗ്രമായ അപ്‌ഡേറ്റ് നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഈ സമ്മേളനം സംഘടിപ്പിക്കുന്നത്. പാർക്കിൻസൺസ് ഗവേഷണത്തിലെ ഭാവി ദിശകൾ, ആദ്യകാല കരിയർ ഗവേഷക സംരംഭങ്ങൾ, പാർക്കിൻസൺസ് ഡിസീസ് നോൺമോട്ടോർ ഗ്രൂപ്പ് (പി‌ഡിഎൻഎംജി-1)​ എന്നിവ സിമ്പോസിയത്തിൽ ചർച്ച ചെയ്യും.

കിംഗ്സ് പിആർഎഐ ഇന്റർനാഷണൽ വിസിറ്റിംഗ് ഫെലോഷിപ്പ് പ്രോഗ്രാമും ഡോപാമൈൻ വിതരണത്തിനായുള്ള നൂതന സമീപനങ്ങളെക്കുറിച്ചുള്ള ചർച്ചകളും നടക്കും. ചലന വൈകല്യങ്ങളുടെ മേഖലയിലെ ദേശീയ, അന്തർദേശീയ ഫാക്കൽറ്റികളുടെ ഒരു പാനൽ സമ്മേളനത്തിൽ പങ്കെടുക്കും. ഈ മേഖലയിലെ അന്താരാഷ്ട്രതലത്തിൽ അംഗീകരിക്കപ്പെട്ട പ്രൊഫ. കെ. റേ ചൗധരി (യുകെ), പ്രൊഫ. പെർ ഓഡിൻ (സ്വീഡൻ), ഡോ. കരോലിന പോപ്ലാവ്സ്‌ക ഡൊമാസ്സെവിച്ച്സ് (പോളണ്ട്), ഡോ. വിനോദ് മെറ്റ (യുകെ) എന്നിവരുൾപ്പെടെയുള്ള പ്രമുഖ ആഗോള വിദഗ്‌‌ദ്ധർ ഈ സമ്മേളനത്തിൽ പങ്കെടുക്കും. ഇന്ത്യയിൽ നിന്നുള്ള ചലന രോഗ വിദഗ്‌‌ദ്ധരായ പ്രൊഫ. രൂപാം ബോർഗോഹെയ്ൻ, പ്രൊഫ. വിനയ് ഗോയൽ, പ്രൊഫ. രജീന്ദർ ധമിജ, ഡോ. രുഗ്മിണി മൃദുല, ഡോ. പ്രശാന്ത് എൽ.കെ, ഡോ. ചിത്ര.പി, ഡോ. ശ്യാം.കെ, ഡോ. അജിത് ചെറിയാൻ, ഡോ. ദിവ്യ കെ.പി, ഡോ. ജേക്കബ് ചാക്കോ എന്നിവരും പങ്കെടുക്കും.

ഗവേഷണ സഹകരണങ്ങൾ ശക്തിപ്പെടുത്തുന്നതിലൂടെയും, യുവ ന്യൂറോളജിസ്റ്റുകൾക്കും ഗവേഷകർക്കും പരിശീലന അവസരങ്ങൾ വർദ്ധിപ്പിക്കുന്നതിലൂടെയും പാർക്കിൻസൺസ് രോഗത്തെക്കുറിച്ചുള്ള അവബോധവും പരിചരണവും മെച്ചപ്പെടുത്തുന്നതിലൂടെയും പ്രത്യേകിച്ച് മോട്ടോർ ഇതര ലക്ഷണങ്ങളെക്കുറിച്ചുള്ള അവബോധവും പരിചരണവും മെച്ചപ്പെടുത്തുന്നതിലൂടെയും ഈ സിമ്പോസിയം കേരളത്തിന് ഏറെ പ്രയോജനകരമാകും.

TAGS: LOCAL NEWS, THIRUVANANTHAPURAM, PARKINSONS, LOCALNEWS, THIRUVANANTHAPURAM, LATESTNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY