
കിളിമാനൂർ: ഗ്രാമങ്ങളിൽ തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷം.വാഹന - കാൽനട യാത്രക്കാർക്ക് നേരെ കുരച്ചുകൊണ്ട് പായുന്ന ഇവയെ നിയന്ത്രിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. നായശല്യത്തിന് പരിഹാരം കാണാനുള്ള അധികൃതരുടെ ശ്രമങ്ങൾ ഇതുവരെ ഫലംകണ്ടിട്ടില്ല. കിളിമാനൂർ,കല്ലറ,പഴയകുന്നുമ്മൽ,പാങ്ങോട്,പുളിമാത്ത്,നഗരൂർ,വാമനപുരം പഞ്ചായത്ത് പ്രദേശങ്ങളിലും തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പറയുന്നു.
നിറഞ്ഞ് മാലിന്യക്കൂമ്പാരം
തെരുവുനായ്ക്കളുടെ ശല്യം നാൾക്കുനാൾ വർദ്ധിച്ചിട്ടും അധികൃതർക്ക് യാതൊരു കുലുക്കവുമില്ലെന്നാണ് നാട്ടുകാരുടെ പരാതി.മാലിന്യ നിക്ഷേപമാണ് ഇവയുടെ ശല്യം വർദ്ധിക്കാൻ കാരണം.നിരവധിപേരാണ് നിത്യേന തെരുവ് നായ്ക്കളുടെ ആക്രമണത്തിന് ഇരകളാകുന്നത്.ഇരുചക്ര വാഹനത്തിന് മുന്നിൽ നായ്ക്കൾ ചാടി യാത്രക്കാർക്ക് അപകടങ്ങൾ സംഭവിക്കുന്നതും നിത്യസംഭവമാണ്.കിളിമാനൂർ എൽ.പി.എസിന്റെ മുന്നിൽവച്ച് വിദ്യാർത്ഥിക്ക് തെരുവ് നായയുടെ കടിയേറ്റത് അടുത്തിടെയാണ്.
പ്രധാന കേന്ദ്രങ്ങൾ
സ്കൂൾ പരിസരം,പ്രൈവറ്റ് ബസ് സ്റ്റാൻഡ്,ട്രാൻസ്‌പോർട്ട് ബസ് സ്റ്റാൻഡ്,ആശുപത്രി,പഞ്ചായത്ത് പരിസരം,പൊതുമാർക്കറ്റുകൾ എന്നിവിടങ്ങളിൽ നായ്ക്കളുടെ കൂട്ടം എപ്പോഴുമുണ്ടാകും.
ഫലം കാണാതെ
വന്ധ്യംകരണം
തെരുവുനായ്ക്കളെ വന്ധ്യംകരണം നടത്തിയെങ്കിലും യാതൊരു ഫലവുമുണ്ടായിട്ടില്ല.നായ്ക്കളുടെ കടിയേൽക്കുന്നവർക്ക് സർക്കാർ ആശുപത്രികളിൽ ചികിത്സ പലപ്പോഴും ലഭിക്കാറില്ലെന്നാണ് പരാതി. തെരുവുനായ്ക്കളുടെ ശല്യത്തിന് അറുതി വരുത്താൻ അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.
രാവിലെ പത്രമിടാൻ പോകുമ്പോൾ വാഹനത്തിന് പിറകെ തെരുവുനായ്ക്കൾ കുരച്ചുകൊണ്ട് കൂട്ടത്തോടെ ഓടുന്നത് നിത്യ സംഭവമാണ്.നാട്ടിൽ എവിടെ നോക്കിയാലും തെരുവ് നായ്ക്കളെ കാണാം.പരിഹാരം അധികൃതരുടെ ഭാഗത്തു നിന്നുണ്ടാകണം
സുനിൽ ഇരട്ടച്ചിറ,പത്ര ഏജന്റ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |