തിരുവനന്തപുരം: എം.ജി സർവകലാശാലയിലെ മാർക്ക് കുംഭകോണത്തിന്റെ നാൾവഴികൾ പുറത്തുകൊണ്ടുവരണമെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീലിന് അതിലുള്ള പങ്ക് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് സർവകലാശാല ചാൻസലർ കൂടിയായ ഗവർണർക്ക് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രാജ്ഭവനിലെത്തി നിവേദനം നൽകി. ജലീലിന്റെ ഭാഗത്തുനിന്നുണ്ടായ നിയമവിരുദ്ധവും ഭരണഘടനാവിരുദ്ധവുമായ നടപടിയിൽ സമഗ്രവും സ്വതന്ത്രവുമായ അന്വേഷണം വേണമെന്നും സിൻഡിക്കേറ്റിന്റെ അനധികൃത തീരുമാനം റദ്ദാക്കണമെന്നും വി.സിക്കും സിൻഡിക്കേറ്റിനുമെതിരെ നിയമനടപടി വേണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.
എല്ലാ നിയമങ്ങളും കാറ്റിൽപറത്തി ഇഷ്ടക്കാർക്ക് തോന്നിയപടി മാർക്ക് ദാനം ചെയ്യുകയാണുണ്ടായത്. കള്ളം കണ്ടുപിടിച്ചപ്പോൾ സിൻഡിക്കേറ്റിന്റെയും വി.സിയുടെയും തലയിൽ കെട്ടിവച്ച് രക്ഷപ്പെടാനാണ് മന്ത്രി ശ്രമിക്കുന്നതെന്നും ചെന്നിത്തല പിന്നീട് വാർത്താസമ്മേളനത്തിൽ പറഞ്ഞു. വ്യക്തമായ ഗൂഢാലോചനയോടെയാണ് എം.ജി സർവകലാശാല അദാലത്ത് സംഘടിപ്പിച്ചത്. മന്ത്രിയുടെ നിർദ്ദേശപ്രകാരം അദാലത്തിൽ പങ്കെടുത്ത പ്രൈവറ്റ് സെക്രട്ടറി പറഞ്ഞിട്ടാണ് ഒരു കുട്ടിക്ക് മാർക്ക് കൂട്ടിയിട്ട് കൊടുക്കാൻ തീരുമാനിച്ചത്. പ്രൈവറ്റ് സെക്രട്ടറിയുടെ അയൽക്കാരിയാണ് ഈ കുട്ടി. മാർക്ക്ദാനത്തിൽ മന്ത്രിക്ക് ഉത്തരവാദിത്വമില്ലെങ്കിൽ വി.സിക്കെതിരെ അന്വേഷണം നടത്താൻ മന്ത്രി ഗവർണറോട് ശുപാർശ ചെയ്യുമോ എന്നും ചെന്നിത്തല ചോദിച്ചു.
അദാലത്തിന് തലേന്ന് മാർക്ക് കൂട്ടിയിട്ട് നൽകാൻ തീരുമാനമെടുത്തെന്ന വാർത്ത വസ്തുതാവിരുദ്ധമാണ്. ഒരു മാർക്ക് കൂട്ടിയിട്ട് നൽകാനുള്ള ശുപാർശയാണ് തലേന്നെടുത്തത്. അത് അദാലത്ത് അംഗീകരിക്കുകയായിരുന്നു. ഇനി നേരത്തേ തീരുമാനമെടുത്തിട്ടാണ് അദാലത്തിൽ വച്ചതെങ്കിൽ കാര്യങ്ങൾ കൂടുതൽ സങ്കീർണമാവും. ഇതേക്കുറിച്ചും അന്വേഷിക്കണം. എം.ജി സർവകലാശാലാ കൂട്ടമാർക്ക്ദാനത്തിന്റെ ഫലമായി ആറ് സപ്ലിമെന്ററി പരീക്ഷയിൽ തോറ്റ കുട്ടിയെ വരെ ജയിപ്പിച്ചെന്നാണ് വിവരം.
ഏതെങ്കിലും സെമസ്റ്ററുകളിൽ ഒരു വിഷയം മാത്രം ജയിക്കാനുള്ള കുട്ടിക്ക് അതിൽ മാത്രം 5 മാർക്ക് വരെ കൂട്ടി നൽകാനായിരുന്നു സിൻഡിക്കേറ്റ് തീരുമാനം. എന്നാൽ, എല്ലാ സെമസ്റ്ററിലും ഓരോ പേപ്പറിനും 5 മാർക്ക് വീതം കൂട്ടി നൽകുകയായിരുന്നു. എം.ജി സർവകലാശാലയിലെ ബി.എസ്‌സി നഴ്സിംഗിലും തോറ്റ കുട്ടികൾക്ക് 5 മാർക്ക് വീതം ദാനം ചെയ്തതായാണ് അറിയുന്നത്. ഇത് നഴ്സിംഗ് കൗൺസിലിന്റെ മാനദണ്ഡങ്ങൾക്കു വിരുദ്ധമാണ്.
സാങ്കേതിക സർവകലാശാലയിലും?
സാങ്കേതിക സർവകലാശാലയിൽ തോറ്റ വിദ്യാർത്ഥികൾക്ക് 5 മാർക്ക് വീതം കൊടുക്കാനുള്ള ശുപാർശയിൽ അക്കാഡമിക് കൗൺസിൽ 26ന് തീരുമാനമെടുക്കാൻ പോകുന്നു. പല സർവകലാശാലകളിലും മാർക്ക്ദാനവും മാർക്ക് തിരിമറിയും നടക്കുന്നെന്നാണ് ഇത് വ്യക്തമാക്കുന്നത്. മാർക്ക്ദാനത്തിൽ തുടങ്ങി മാർക്ക് കുംഭകോണത്തിലാണ് കാര്യങ്ങളെത്തിനിൽക്കുന്നത്. എമ്പ്രാനല്പം കട്ടുഭുജിച്ചാൽ അമ്പലവാസികളൊക്കെ കക്കുമെന്ന് പറഞ്ഞപോലെയാണ് സ്ഥിതി. ഇങ്ങനെ മാർക്ക് കൂട്ടിക്കൊടുക്കാൻ ഏത് നിയമമാണ് അധികാരം നൽകുന്നതെന്ന് മന്ത്രിയും സർവകലാശാലകളും വ്യക്തമാക്കണം. തോറ്റവർക്കെല്ലാം മാനുഷികപരിഗണന നൽകി മാർക്ക് നൽകിയാൽ പരീക്ഷയുടെ ആവശ്യമെന്ത്? നിയമപരമായി കേസിനെ നേരിടുമെന്നും ചെന്നിത്തല പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |