
ആദ്യ മത്സരത്തിൽ അമേരിക്കയെ 29 റൺസിന് തോൽപ്പിച്ച് ഇന്ത്യ, ഇന്ത്യ 161/9, സൂര്യകുമാർ യാദവ് 84 നോട്ടൗട്ട്
മുംബയ് : ട്വന്റി-20 ലോകകപ്പ് കിരീടം നിലനിറുത്താനായിറങ്ങിയ ഇന്ത്യയെ ആദ്യ മത്സരത്തിൽ ഞെട്ടിക്കാൻ നോക്കിയ അമേരിക്കയെ നെഞ്ചുവിരിച്ച് നിന്ന് നേരിട്ട് തോൽപ്പിച്ച് നായകൻ സൂര്യകുമാർ യാദവ്. പവർപ്ളേയിൽ 46/4 എന്ന നിലയിൽ പതറിനിന്ന ഇന്ത്യയെ 49 പന്തുകളിൽ 10 ഫോറുകളും നാലുസിക്സുകളുമടക്കം 84 റൺസടിച്ച് സൂര്യ 161/9ലെത്തിച്ചു. ഇന്ത്യൻ സ്കോറിന്റെ പകുതിയിൽ കൂടുതലും പിറന്നത് നായകന്റെ ബാറ്റിൽ നിന്ന്. മറുപടിക്കിറങ്ങിയ അമേരിക്കയെ ബൗളർമാർ ചേർന്ന് 132/8 എന്ന സ്കോറിൽ ഒതുക്കിയതോടെ വിജയം ഇന്ത്യയ്ക്ക്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യയെ ഞെട്ടിച്ചുകൊണ്ട് രണ്ടാം ഓവറിന്റെ രണ്ടാം പന്തിൽ അഭിഷേക് ശർമ്മ (0)യെ അലിഖാൻ ഡക്കാക്കി. തുടർന്ന് ഇഷാൻ കിഷനും (20) തിലക് വർമ്മയും (25) ചേർന്ന് മുന്നോട്ട് നയിച്ചെങ്കിലും ആറാം ഓവറിൽ അടുത്തടുത്ത പന്തുകളിൽ മൂന്നുവിക്കറ്റുകൾ വീണതോടെ ഇന്ത്യ പതറി. ആറാം ഓവറിന്റെ രണ്ടാം പന്തിൽ വാൻഷാൽവിക്ക് ഇഷാനെ മിലിന്ദ് കുമാറിന്റെ കയ്യിലെത്തിച്ചപ്പോൾ അഞ്ചാം പന്തിൽ തിലക് വർമ്മ പട്ടേലിന് പിടികൊടുത്ത് മടങ്ങി. അടുത്ത പന്തിൽ ശിവം ദുബെ നേത്രവാൽക്കർക്ക് ക്യാച്ച് നൽകിയതോടെ ആതിഥേയർ 46/4 എന്ന നിലയിലായി.
പിന്നീട് കണ്ണുകളെല്ലാം സൂര്യയിലായി. സെക്കൻഡ് ഡൗണായി കളത്തിലെത്തിയതുമുതൽ സ്കോർ ഉയർത്താൻ ശ്രമിച്ച നായകന് പക്ഷേ കാര്യമായ പിന്തുണ ആരിൽനിന്നും ലഭിച്ചില്ല. റിങ്കു സിംഗും (6), ഹാർദിക് പാണ്ഡ്യയും (5) അലക്ഷ്യമായി പുറത്തായപ്പോൾ ഇന്ത്യ 12.4 ഓവറിൽ 77/6 എന്ന നിലയിലായി. അൽപ്പനേരം ഒപ്പം നിന്ന അക്ഷർ പട്ടേൽ 17-ാം ഓവറിൽ പുറത്തായശേഷം സൂര്യ ഒറ്റയ്ക്ക് സ്കോറുയർത്തുകയായിരുന്നു. അതിനിടയിൽ അർഷ്ദീപിന്റേയും(4) വരുൺ ചക്രവർത്തിയുടേയും(0) വിക്കറ്റുകൾ കൂടി നഷ്ടമായി.
മറുപടിക്കിറങ്ങിയ അമേരിക്കയുടെ ആദ്യ മൂന്ന് വിക്കറ്റുകൾ 13 റൺസിനുള്ളിൽ വീഴ്ത്തി ഇന്ത്യ തിരിച്ചടിയും തുടങ്ങി. രണ്ടാം ഓവറിൽ ആൻഡ്രിയസ് ഗോസിനെ (6) രണ്ടാം ഓവറിൽ തിലക് വർമ്മയുടെ കയ്യിലെത്തിച്ച് മുഹമ്മദ് സിറാജാണ് തിരിച്ചടിക്ക് തുടക്കമിട്ടത്. മൂന്നാം ഓവറിൽ ക്യാപ്ടൻ മൊനാങ്ക് പട്ടേലിനെ (0) അർഷ്ദീപ് മടക്കി അയച്ചു. അടുത്ത ഓവറിൽ സിറാജ് സായ്‌തേജയെ (3) കൂടാരം കയറ്റി. തുടർന്ന് മിലിന്ദ് കുമാറും(34) സഞ്ജയ് കൃഷ്ണമൂർത്തിയും (37)ചേർന്ന; പത്തോവറിൽ 49/3ലെത്തിച്ചു. 12-ാം ഓവറിൽ മിലിന്ദിനെ പുറത്താക്കി വരുൺ ചക്രവർത്തി സഖ്യം തകർത്തതോടെ കളി ഇന്ത്യയുടെ കയ്യിലേക്കെത്തി. തുടർന്ന് ശുഭം രഞ്ജാനെ (37) പൊരുതിനോക്കിയെങ്കിലും ഫലമുണ്ടായില്ല.
സഞ്ജു ബെഞ്ചിൽ
പ്രതീക്ഷിച്ചതുപോലെ സഞ്ജു സാംസണെ ബെഞ്ചിലിരുത്തിയാണ് ഇന്ത്യ ആദ്യ മത്സരത്തിനിറങ്ങിയത്. ഇഷാൻ കിഷനും അഭിഷേക് ശർമ്മയും ചേർന്നാണ് ഓപ്പണിംഗിന് ഇറങ്ങിയത്. അതേസമയം ജസ്പ്രീത് ബുംറയെ ഒഴിവാക്കി മുഹമ്മദ് സിറാജിനെയും അർഷ്ദീപ് സിംഗിനെയുമാണ് ഇന്ത്യ പേസർമാരായി ഇറക്കിയത്. പരിക്കേറ്റ ഹർഷിത് റാണയ്ക്ക് പകരം അവസാന നിമിഷമാണ് സിറാജിനെ ടീമിലെടുത്തത്. 557 ദിവസത്തിന് ശേഷമാണ് സിറാജ് ട്വന്റി-20 ഫോർമാറ്റിലേക്ക് തിരിച്ചെത്തിയത്. മൂന്ന് വിക്കറ്റുകൾ നേടി സിറാജ് തിരിച്ചുവരവ് ഗംഭീരമാക്കി.
അമേരിക്കയ്ക്ക് എതിരെ ഇന്ത്യ ഇതുവരെ കളിച്ചത് രണ്ട് മത്സരങ്ങൾ. ഈ രണ്ട് മത്സരങ്ങളിലും സൂര്യകുമാർ അർദ്ധസെഞ്ച്വറി നേടി.കഴിഞ്ഞ ലോകകപ്പിലായിരുന്നു ആദ്യ മത്സരം.
ഇന്ത്യയ്ക്ക് എതിരെ കളിച്ച അമേരിക്കൻ ടീമിലെ 4 താരങ്ങൾ രഞ്ജി ട്രോഫിയിൽ കളിച്ചവരാണ്. മൂന്നുപേർ അണ്ടർ 19 ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് വേണ്ടി കളിച്ചവരും. മിലിന്ദ് കുമാർ,ശുഭം രഞ്ജാനേ,ഹർമീത് സിംഗ്,സൗരഭ് നേത്രവാൽക്കർ എന്നിവരാണ് രഞ്ജിയിൽ കളിച്ചവർ. ഐ.പി.എൽ പരിചയമുള്ളവരും ടീമിലുണ്ട്.
അമേരിക്കൻ ടീമിൽ ഭൂരിപക്ഷവും ഇന്ത്യൻവംശരാണ്. പാക് വംശജരുമുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |