തിരുവനന്തപുരം: ഇലക്ട്രിക് ബസുകൾ നഗരത്തിന്റെ ഇടറോഡുകളിലൂടെ ഓടിക്കാനുള്ള മേയർ വി.വി.രാജേഷിന്റെ ശ്രമം ഫലംകണ്ടു. ആദ്യഘട്ടമായി രണ്ട് സർവീസുകൾ ഓടിത്തുടങ്ങി. ആദ്യ സർവീസിന്റെ ഉദ്ഘാടനം ഇന്നലെ കുലശേഖരത്ത് മേയർ ഫ്ളാഗ് ഓഫ് ചെയ്തു.കിഴക്കേകോട്ട - കുലശേഖരം, കിഴക്കേകോട്ട - തിട്ടമംഗലം സർവീസുകളാണ് ഇന്നലെ ആരംഭിച്ചത്. കെ.എസ്.ആർ.ടി.സിയുമായുള്ള ചർച്ചയിൽ ധാരണയായ ബാക്കി 21 സർവീസുകൾ ഉടൻ ആരംഭിക്കുമെന്ന് മേയർ പറഞ്ഞു. വലിയവിള വാർഡ് കൗൺസിലർ ഗിരികുമാർ,ബി.ജെ.പി ഏരിയാ പ്രസിഡന്റ് തിട്ടമംഗലം ഹരി,വൈസ് പ്രസിഡന്റ് അനിൽ,ഏരിയാ സെക്രട്ടറി സുരേഷ്,രാഹുൽ,മുൻ കൗൺസിലർ പത്മ തുടങ്ങിയവർ പങ്കെടുത്തു. ബി.ജെ.പി കോർപ്പറേഷനിൽ അധികാരത്തിലെത്തിയതിനു പിന്നാലെ ഇലക്ട്രിക് ബസുകളുടെ കാര്യത്തിൽ മേയർ വി.വി.രാജേഷും മന്ത്രി കെ.ബി.ഗണേശ്കുമാറും തർക്കത്തിലായിരുന്നു. അനുനയത്തിന്റെ ഭാഗമായാണ് ഇടറോഡുകളിലൂടെ സർവീസ് ആരംഭിച്ചത്. ആന്റണി രാജു മന്ത്രിയായിരുന്നപ്പോഴാണ് സിറ്റി സർക്കുലർ സർവീസുകൾ ഇടറോഡുകളിൽ ഓടിത്തുടങ്ങിയത്.എന്നാൽ കെ.ബി.ഗണേശ് കുമാർ എത്തിയതോടെ ഇതെല്ലാം പിൻവലിക്കുകയും നിരക്ക് കുത്തനെ കൂട്ടുകയും ചെയ്തെന്നായിരുന്നു വിമർശനം.
ഇന്നലെ ആരംഭിച്ച
സർവീസുകളുടെ റൂട്ട്
1) കിഴക്കേകോട്ട - കുലശേഖരം
രാവിലെ 6.40ന് കിഴക്കേകോട്ടയിൽ നിന്ന് പുറപ്പെടുന്ന ബസ് പാളയം – ജഗതി – തിരുമല – കുണ്ടമൺകടവ് – തിട്ടമംഗലം – കുരുവിക്കാട് – കൊടുങ്ങാനൂർ വഴി കുലശേഖരത്ത് എത്തും.തുടർന്ന് രാവിലെ 7.30ന് തിരികെ ഇതേ വഴികളിലൂടെ കിഴക്കേകോട്ടയിലേക്ക് സർവീസ് നടത്തും.രണ്ടാം സർവീസ് രാവിലെ 8.20ന് പുറപ്പെട്ടു 9.30ന് മടങ്ങും.വൈകിട്ട് 5ന് പുറപ്പെടുന്ന മൂന്നാം സർവീസ് 5.50ന് തിരികെ എത്തും.
2) കിഴക്കകോട്ട - തിട്ടമംഗലം
രാവിലെ 8.30ന് കിഴക്കേകോട്ടയിൽ നിന്ന് പുറപ്പെട്ട് പാളയം – വെള്ളയമ്പലം – ശാസ്തമംഗലം – വട്ടിയൂർക്കാവ് – കൊടുങ്ങാനൂർ – പ്ലാവോട് വഴി തിട്ടമംഗലത്ത് എത്തും.തുടർന്ന് രാവിലെ 9.25ന് തിരികെ എത്തും.
വൈകിട്ട് 3.25ന് കിഴക്കേകോട്ടയിൽ നിന്ന് പുറപ്പെടുന്ന രണ്ടാം സർവീസ് തമ്പാനൂർ – തൈക്കാട് – വഴുതക്കാട് – വെള്ളയമ്പലം – ശാസ്തമംഗലം – കൊടുങ്ങാനൂർ – പ്ലാവോട് വഴി തിട്ടമംഗലത്ത് എത്തി 4.05ന് കിഴക്കേകോട്ടയിലേക്ക് മടങ്ങും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |