
വാഷിംഗ്ടൺ: കുപ്രസിദ്ധ ലൈംഗിക കുറ്റവാളി ജെഫ്രി എപ്‌സ്‌റ്റീനുമായി ബന്ധപ്പെട്ട 'എപ്സ്റ്റീൻ ഫയൽസി"ൽ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ പേര് 1,005 തവണ പരാമർശിക്കുന്നതായി റിപ്പോർട്ട്. എപ്‌സ്‌റ്റീനുമായി ബന്ധപ്പെട്ട ഇമെയിലുകളിലും കത്തുകളിലുമാണ് പുട്ടിന്റെ പേര് പരാമർശിക്കുന്നത്. പുട്ടിന് എപ്സ്റ്റീനുമായി ബന്ധമുണ്ടെന്നല്ല ഇതിലൂടെ സൂചിപ്പിക്കുന്നത്. മറിച്ച്, പുട്ടിനെ നേരിട്ട് കാണാൻ എപ്സ്റ്റീൻ ആഗ്രഹിച്ചിരുന്നെന്നാണ് പരാമർശങ്ങളിലൂടെ സൂചിപ്പിക്കുന്നത്. ഇതിനായി ഇസ്രയേൽ മുൻ പ്രധാനമന്ത്രി എഹൂദ് ബറാക് പോലുള്ള ഉന്നതരെ നിരന്തരം സ്വാധീനിക്കാൻ എപ്സ്റ്റീൻ ശ്രമിച്ചെന്നും രേഖകളിൽ സൂചിപ്പിക്കുന്നു.
അതേ സമയം, പുട്ടിനുമായി എപ്സ്റ്റീൻ കൂടിക്കാഴ്ച നടത്തിയെന്ന് സൂചിപ്പിക്കുന്ന തെളിവുകളൊന്നും രേഖകളില്ല. എന്നാൽ, യു.എന്നിലെ മുൻ റഷ്യൻ അംബാസഡർ വിറ്റാലി ചുർകിൻ പോലുള്ള ഉന്നത റഷ്യൻ ഉദ്യോഗസ്ഥരുമായി എപ്സ്റ്റീൻ ബന്ധപ്പെട്ടിട്ടുണ്ടെന്ന് കാണാം.
അതേ സമയം, എപ്സ്റ്റീന് റഷ്യൻ ഇന്റലിജൻസ് ഏജൻസികളുമായി ബന്ധമുണ്ടോ എന്ന് അന്വേഷിക്കണമെന്ന് പോളിഷ് പ്രധാനമന്ത്രി ഡൊണാൾഡ് ടസ്‌ക് പറഞ്ഞു. ഇത് സംബന്ധിച്ച് രാജ്യം അന്വേഷണം നടത്തുമെന്ന് അദ്ദേഹം അറിയിച്ചിരുന്നു.
പരിശോധനയ്ക്ക് അനുമതി
35 ലക്ഷം പേജുകൾ അടങ്ങുന്ന എപ്സ്റ്റീൻ ഫയൽസിന്റെ സെൻസർ ചെയ്യാത്ത പതിപ്പ് പരിശോധിക്കാൻ യു.എസ് കോൺഗ്രസ് അംഗങ്ങൾക്ക് അനുമതി നൽകി ജസ്റ്റിസ് ഡിപ്പാർട്ട്മെന്റ്. നിയമ, സുരക്ഷാ കാരണങ്ങൾ മുൻനിറുത്തി മറയ്ക്കപ്പെട്ട ഫോട്ടോകളും പേരുകളും വീഡിയോകളും കാണാം. പരിശോധിക്കാൻ ആഗ്രഹിക്കുന്ന കോൺഗ്രസ് അംഗങ്ങൾ 24 മണിക്കൂറിന് മുന്നേ നോട്ടീസ് നൽകണം. ഡിപ്പാർട്ട്മെന്റിന്റെ സുരക്ഷിത റീഡിംഗ് റൂമിൽ വച്ചാകണം പരിശോധന. സ്റ്റാഫുകളോ ഇലക്ട്രോണിക് ഉപകരണങ്ങളോ ഒപ്പമുണ്ടാകാൻ പാടില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |