
ന്യൂഡൽഹി: കഴിഞ്ഞ നാലിന് പ്രധാനമന്ത്രി നരേന്ദ്രമോദി ലോക്‌സഭയിൽ നയപ്രഖ്യാപന ചർച്ചയ്‌ക്ക് മറുപടി നൽകാൻ എത്തും മുൻപ് കോൺഗ്രസ് വനിതാ എം.പിമാർ നടത്തിയ പ്രതിഷേധത്തിന്റെ വീഡിയോ പുറത്തുവിട്ട് പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജു. തമിഴ്നാട്ടിൽ നിന്നുള്ള ജോതിമണിയുടെ നേതൃത്വത്തിൽ വനിതാ എംപിമാർ ബാനറും കൈയിലേന്തി പ്രധാനമന്ത്രിയുടെ ഇരിപ്പിടത്തിന് സമീപത്തേക്ക് കയറുന്നതും കേന്ദ്രമന്ത്രിമാരും ബി.ജെ.പി എം.പിമാരും തടയാൻ ശ്രമിക്കുന്നതുമാണ് വീഡിയോയിൽ.
വനിതാ എം.പിമാർ പ്രധാനമന്ത്രിയെ ഖൊരാവോ ചെയ്യാൻ മുതിർന്നതായി ലോക്‌സഭാ സ്‌പീക്കർ ഓം ബിർള ആരോപിച്ചിരുന്നു. ഇതറിഞ്ഞ് പ്രധാനമന്ത്രിയോട് സഭയിൽ വരേണ്ടെന്ന് നിർദ്ദേശിച്ചെന്നും അദ്ദേഹം പറഞ്ഞു. ഖൊരാവോ ആരോപണം കോൺഗ്രസ് തള്ളിയതിന് പിന്നാലെയാണ് കിരൺ റിജിജു വീഡിയോ പുറത്തുവിട്ടത്. അതേസമയം സ്‌പീക്കറുടെ നിയന്ത്രണത്തിലുള്ള ലോക്‌സഭാ ടിവിയുടെ ദൃശ്യങ്ങൾ പുറത്തുവിടാൻ മന്ത്രിക്ക് അധികാരമില്ലെന്ന് കോൺഗ്രസ് ചൂണ്ടിക്കാട്ടി.
തങ്ങൾക്കെതിരായ ആരോപണം തെറ്റാണെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ് വനിതാ എംപിമാർ സ്‌പീക്കർക്ക് കഴിഞ്ഞ ദിവസം കത്തയച്ചിരുന്നു. അതിനെ പ്രതിരോധിക്കാൻ സ്‌പീക്കർക്ക് പിന്തുണയുമായി ബി.ജെ.പി വനിതാ എംപിമാർ രംഗത്തുവന്നു.
സഭയിൽ ബഹളം
രാഹുൽ ഗാന്ധിയെ പ്രസംഗിക്കാൻ അനുവദിക്കാത്തത് അടക്കം വിഷയങ്ങളുയർത്തി പ്രതിപക്ഷം പ്രതിഷേധിച്ചതോടെ ഇന്നലെ രണ്ടു തവണ ലോക്‌സഭ നിറുത്തിവച്ചു. എന്നാൽ സ്‌പീക്കർ ഇടപെട്ട് നടത്തിയ ചർച്ചയിൽ കേന്ദ്ര ബഡ്‌ജറ്റ് ചർച്ചയ്‌ക്കായി സഹകരിക്കാമെന്ന് പ്രതിപക്ഷം ഉറപ്പു നൽകി. തുടർന്ന് ഏറെ ദിവസങ്ങൾക്ക് ശേഷം ഇന്നലെ ലോക്‌സഭ രണ്ടുമണിമുതൽ തടസമില്ലാതെ പ്രവർത്തിച്ചു. നയപ്രഖ്യാപനത്തിനുള്ള നന്ദി പ്രമേയ ചർച്ച തടസപ്പെട്ട രാഹുലിന് ബഡ്‌ജറ്റ് ചർച്ചയിൽ സംസാരിക്കാൻ അവസരം നൽകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |