
കോഴിക്കോട്: വലിയങ്ങാടിക്ക് സമീപമുള്ള ആക്രിക്കടയിൽ നിന്ന് 145 കിലോ ചെമ്പ് കമ്പികളും അലമാര കുത്തി തുറന്ന് 6,000 രൂപയും മോഷ്ടിച്ച കേസിലെ കൂട്ടു പ്രതി കോഴിക്കോട് ഫാറൂഖ് കോളേജ് സ്വദേശി മഠത്തിൽ തൊടി വീട്ടിൽ രതീഷ് (42) അറസ്റ്റിലായി. മുഖ്യപ്രതി താമരശ്ശേരി അമ്പായത്തോട് മിച്ചഭൂമി കോളനിയിൽ മനു ആനന്ദിനെ (23) ടൗൺ പൊലീസും ടൗൺ അസി. കമ്മിഷണർ അഷ്റഫ് ടി.കെയുടെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്‌ക്വാഡും ചേർന്ന് നേരത്തെ പാലക്കാട് ഒറ്റപ്പാലത്ത് വച്ച് പിടികൂടിയിരുന്നു.
ജനുവരി 23ന് രാത്രി കോഴിക്കോട് കെ.പി കേശവമേനോൻ റോഡിലെ അമർ അസോസിയേറ്റ് എന്ന സ്ക്രാപ്പ് കടയുടെ വാതിൽ പൊളിച്ചാണ് 2 ലക്ഷം രൂപ വില വരുന്ന കോപ്പറും പണവും മോഷ്ടിച്ചത്. സിറ്റിയിലെ നിരവധി സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതികളെ തിരിച്ചറിഞ്ഞത്. തലശ്ശേരി, കണ്ണൂർ ടൗൺ പൊലീസ് സ്റ്റേഷനുകളിലും ഇയാളുടെ പേരിൽ മോഷണക്കേസുകളുണ്ട്. ടൗൺ എസ്.ഐമാരായ സജീ ഷിനോബ്, മിജോ ജോസഫ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |