
കൊച്ചി: മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിൽ സുഹൃത്തിനെ വെട്ടിപ്പരിക്കേൽപ്പിച്ച യുവാവിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്. കോഴിക്കോട് പുതുക്കാട് തയയിൽ വീട്ടിൽ നിയാസ് (32) ആണ് പിടിയിലായത്. ആലുവ കുട്ടമശ്ശേരി സ്വദേശി ഷാജിമോനാണ് വെട്ടേറ്റത്.
നിയാസും ഷാജിമോനും ഒരേ സ്ഥാപനത്തിലെ ടിപ്പർ ലോറി ഡ്രൈവർമാരാണ്. നിയാസ് ഷാജിമോന്റെ വീട്ടിലായിരുന്നു താമസം. കഴിഞ്ഞ ദിവസം ഇരുവരും ചേർന്ന് മദ്യപിക്കുന്നതിനിടെ വാക്കേറ്റമുണ്ടാവുകയും, നിയാസിനോട് വീട്ടിൽ നിന്ന് ഇറങ്ങിപ്പോകാൻ ഷാജിമോൻ ആവശ്യപ്പെടുകയുമായിരുന്നു. തുടർന്ന് ഷാജിമോൻ വാക്കത്തിയെടുത്ത് നിയാസിനെ വെട്ടാൻ തുനിഞ്ഞു. എന്നാൽ നിയാസ് ആയുധം പിടിച്ചുവാങ്ങുകയും ഷാജിമോനെ തിരിച്ചു വെട്ടുകയുമായിരുന്നു എന്നാണ് പൊലീസ് നൽകുന്ന വിവരം.
ഗുരുതരമായി പരിക്കേറ്റ ഷാജിമോൻ നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ ആലുവ പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും നിയാസിനെ കസ്റ്റഡിയിലെടുത്ത് കൂടുതൽ അന്വേഷണം നടത്തിവരികയുമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |