
അരൂർ: മദ്യപിക്കാനെത്തിയയാളെ ബാറിന്റെ കോമ്പൗണ്ടിലെ പുൽത്തകിടിയിൽ മരിച്ച നിലയിൽ കണ്ടെത്തി. അരൂരിലെ ബാറിലാണ് കുണ്ടന്നൂർ സ്വദേശി കുഞ്ഞുമോൻ എന്ന വേലപ്പനെ (63) ഇന്നലെ രാവിലെ മരിച്ചനിലയിൽ കണ്ടെത്തിയത്.
ചൊവ്വാഴ്ച വൈകിട്ട് ബാറിലെത്തിയ ഇയാൾ മദ്യം കഴിച്ചതായും തുടർന്ന് അവശനിലയിൽ വളപ്പിൽ കിടന്നതായും ജീവനക്കാർ പറഞ്ഞു. രാവിലെ അവശനിലയിൽ കണ്ടതിനെ തുടർന്ന് വെള്ളം നൽകിയതായും ഇവർ പറഞ്ഞു. ബാർ അധികൃതരുടെ അനാസ്ഥ മൂലമാണ് സംഭവം ഉണ്ടായതെന്ന് ആരോപിച്ച് ജനപ്രതിനിധികൾ ജില്ലാ കളക്ടർക്ക് പരാതി നൽകി. അതേസമയം മദ്യപിച്ച് ബോധം നഷ്ടപ്പെടുന്നവരെ സുരക്ഷിതത്വത്തിനായി വളപ്പിൽ കിടക്കാൻ അനുവദിക്കുന്നതാണ് പതിവെന്നാണ് ബാർ ജീവനക്കാർ പറയുന്നത്.
അരൂക്കുറ്റി ആശുപത്രിയിൽ നടത്തിയ പോസ്റ്റുമോർട്ടത്തിൽ ശരീരത്തിൽ മുറിവുകൾ കണ്ടെത്തിയതിനെ തുടർന്ന് വീണ്ടും പോസ്റ്റുമോർട്ടം നടത്താനായി ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മൃതദേഹം മാറ്റി.
ചേർത്തല ഡിവൈ.എസ്.പി അനിൽകുമാറിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
