
കിഴക്കമ്പലം: ഓസ്‌ട്രേലിയയിൽ ജോലി വാഗ്ദാനംചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്ത ഓസ്‌ട്രേലിയൻ പൗരൻ സക്കിയുള്ള ഇസെഡ് പാർക്കറെ (58) തടിയിട്ടപറമ്പ് പൊലീസ് അറസ്റ്റുചെയ്തു. യു.എ.ഇയിൽ ജോലിചെയ്തിരുന്ന പുക്കാട്ടുപടി സ്വദേശിനിക്കാണ് പണം നഷ്ടപ്പെട്ടത്. പുക്കാട്ടുപടിയിൽ വാടകയ്ക്ക് താമസിച്ചിരുന്ന യുവതിയുമായി സോഷ്യൽമീഡിയ വഴിയാണ് ഇയാൾ പരിചയപ്പെട്ടത്.
ഓസ്‌ട്രേലിയയിലെ പ്രശസ്ത കമ്പനിയിലെ സി.ഇ.ഒ ആണെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. ഈ കമ്പനിയിൽ ജോലി നൽകാമെന്ന് വാഗ്ദാനംചെയ്ത് 5,80,000 രൂപയാണ് ഇയാൾ കൈക്കലാക്കിയത്. ജോലി ലഭിക്കാതെ വന്നതോടെ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് ബോദ്ധ്യപ്പെട്ടത്. തുടർന്ന് യുവതി പൊലീസിൽ പരാതി നൽകുകയായിരുന്നു.
പൊലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിൽ പ്രതി ഇന്ത്യയിലുണ്ടെന്ന് കണ്ടെത്തി. വിവിധ സ്ഥലങ്ങളിൽ മാറിമാറി താമസിക്കുകയായിരുന്ന ഇയാളെ ഇൻഡോറിലെ ആഡംബര ഫ്ലാറ്റിൽനിന്നാണ് പിടികൂടിയത്. പുറത്തുനിന്ന് പൂട്ടിയ നിലയിലായിരുന്ന ഫ്ലാറ്റിൽ പ്രത്യേക ഓപ്പറേഷനിലൂടെയാണ് പൊലീസ് പ്രവേശിച്ചത്. ഇയാളിൽനിന്ന് ലാപ്ടോപ്പ്, മൊബൈൽഫോണുകൾ, നിരവധി രേഖകൾ എന്നിവ കണ്ടെടുത്തു. ശുഭം ശർമ്മ എന്ന പേരിൽ വ്യാജ ആധാർകാർഡ് നിർമ്മിച്ച് പുതിയ തട്ടിപ്പിന് ഒരുങ്ങുന്നതിനിടെയാണ് പ്രതി പിടിയിലായത്.
എ.എസ്.പി. ഹാർദിക് മീണ, ഇൻസ്പെക്ടർ കെ.എൻ. മനോജ്, എസ്.ഐ എൻ.കെ. ജേക്കബ്, സീനിയർ സി.പി.ഒ കെ.കെ. ഷിബു, സി.പി.ഒ മിഥുൻ മോഹൻ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |