
കഴക്കൂട്ടം: ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റ് കഴക്കൂട്ടം അനിലിന്റെ വീട്ടിൽ നിന്ന് ബൈക്ക് മോഷ്ടിച്ച കേസിൽ മൂന്ന് കൗമാരക്കാരെ പൊലീസ് വലയിലായി. 16,17 വയസുള്ള മൂന്ന് പേരാണ് പിടിയിലായത്. മംഗലപുരം ഭാഗത്തുനിന്ന് മോഷണം പോയ ബൈക്ക് കണ്ടെത്തി. രണ്ടുദിവസം മുമ്പായിരുന്നു സംഭവം.
കഴക്കൂട്ടം മഹാദേവ ക്ഷേത്രത്തിന് സമീപം നേതാജി ലെയ്‌ൻ ശിവനഗറിലെ അനിലിന്റെ വീട്ടിൽ സൂക്ഷിച്ചിരുന്ന ബൈക്കാണ് സംഘം കവർന്നത്. സി.സി ടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതികളെ വേഗത്തിൽ പിടികൂടാൻ സഹായിച്ചത്. ഹെൽമറ്റ് ധരിച്ച സംഘം അനിലിന്റെ വീടിന് മുന്നിൽ ബൈക്ക് നിറുത്തിയ ശേഷം ഒരാൾ ബൈക്കുമായി സൈനിക സ്‌കൂൾ - ചന്തവിള റോഡ് വഴി രക്ഷപ്പെടുകയായിരുന്നു. രൂപമാറ്റം വരുത്തിയ നിലയിൽ ബൈക്ക് പിടികൂടുമ്പോൾ ബൈക്കിന്റെ പല ഭാഗങ്ങളും ഊരിമാറ്റിയ നിലയിലായിരുന്നു.
തിരിച്ചറിയാതിരിക്കാൻ ബൈക്കിലെ സ്റ്റിക്കറുകളും പ്രതികൾ മാറ്റി. കസ്റ്റഡിയിലുള്ള കൗമാരക്കാരെ ജുവനൈൽ ഹോമിലേക്ക് മാറ്റിയിരിക്കുകയാണ്. ഇവരെ സ്റ്റേഷനിലെത്തിച്ച് കൂടുതൽ തെളിവെടുപ്പ് നടത്തും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |