SignIn
Kerala Kaumudi Online
Wednesday, 18 February 2026 6.53 PM IST

വിഷരഹിത ഗ്രോബാഗ് പച്ചക്കറി കൃഷി

Increase Font Size Decrease Font Size Print Page
aa

ആറ്റിങ്ങൽ: വീട്ടിലേക്കാവശ്യമുള്ള വിഷരഹിത പച്ചക്കറികൾ ഗ്രോബാഗ് കൃഷിയിലൂടെ വീട്ടിൽത്തന്നെ ഉണ്ടാക്കാം. കൃഷി ചെയ്യാൻ സ്ഥലമില്ലെങ്കിൽ മട്ടുപ്പാവ് കൃഷിയും തിരഞ്ഞെടുക്കാം. ടെറസിലേക്ക് വഴിമാറിയ പച്ചക്കറി കൃഷിക്ക് ഉത്തമം ഗ്രോബാഗുകളാണ്.

*പോട്ടിംഗ് മിശ്രിതം തയ്യാറാക്കേണ്ടത്

വളക്കൂറുള്ള മണ്ണ്,മണൽ,ചാണകപ്പൊടി അല്ലെങ്കിൽ കംബോസ്റ്റ് എന്നിവ തുല്യ അനുപാതത്തിൽ കലർത്തി പോട്ടിംഗ് മിശ്രിതം തയ്യാറാക്കാം. മണ്ണിന്റെ പുളിരസം കളയാനായി കുറച്ച് കുമ്മായംകൂടി ഗ്രോബാഗിൽ ചേർക്കണം. ഈ രീതിയിൽ തയ്യാറാക്കിയ മിശ്രിതം ഗ്രോബാഗിന്റെ മുക്കാൽ ഭാഗത്തോളം മാത്രമേ നിറയ്ക്കാവൂ. വലിയ ഗ്രോബാഗാണ് നല്ലത്. രോഗങ്ങളെ പ്രതിരോധിക്കാൻ ഓരോ ബാഗിലും 50ഗ്രാം ട്രൈക്കോഡെർമ എന്ന മിത്രകുമിൾ ചേർക്കണം. ഇടയ്ക്ക് നനച്ച്‌ കൊടുത്ത് ഇളക്കി തണലിൽ രണ്ടാഴ്ച വയ്ക്കണം.

*വിത്ത് നടുന്നത്

വിത്ത് ആറ് മണിക്കൂർ നേരം കുതിർത്തുവച്ച ശേഷം നടണം. സ്യൂഡോമോണസ് വെള്ളത്തിൽ കലക്കിയ ലായനിയാണ് വിത്ത് മുക്കാൻ തയ്യാറാക്കേണ്ടത്. വിത്തിന്റെ വലിപ്പമാണ് വിത്താഴം. ഗ്രോബാഗിലാണെങ്കിലും പച്ചക്കറി വിത്തുകൾ ആഴത്തിൽ നടരുത്. വിത്തിനു പകരം തൈയാണെങ്കിൽ ഗ്രോബാഗിൽ ചെറിയ കുഴികൾ ഉണ്ടാക്കിയേ നടാവൂ. ആദ്യത്തെ രണ്ടാഴ്ച തണലിൽവച്ച്‌ രാവിലെയും വൈകിട്ടും നനയ്ക്കണം.

ഇടയകലം

ലീക്ക് പ്രൂഫ് കോമ്ബൗണ്ട് ഒരു കോട്ട് ടെറസിൽ അടിച്ചു ഒരുക്കാം. ടെറസിൽ രണ്ട് വരി ഇഷ്ടിക നിരത്തി അതിനു മുകളിലായി ഗ്രോബാഗ് വയ്ക്കണം. രണ്ടുവരികൾ തമ്മിലും രണ്ട് ബാഗുകൾ തമ്മിലും രണ്ടടി അകലം നൽകുന്നതാണ് ഇടയകലത്തിലെ നയം. കരിയിലകൊണ്ട് ഗ്രോബാഗിൽ പുത നല്‍കുന്നതും ചൂടിനെ പ്രതിരോധിക്കാം.

ജൈവവളക്കൂട്ടുകൾ

മിക്ക പച്ചക്കറി വിളകളും മൂന്നും നാലും മാസം ദൈർഘ്യമുള്ളവയാണ് വളർച്ചയിലും വിളവിലും വിഘ്നമില്ലാതിരിക്കാൻ പത്തുദിവസത്തിലൊരിക്കൽ ജൈവവളക്കൂട്ടുകൾ നൽകണം. മിത്രകീടങ്ങളെ ആകർഷിക്കാനും സ്ഥിരമായി പച്ചക്കറിത്തോട്ടത്തിൽ നിലനിറുത്താനും വിവിധ സ്വഭാവസവിശേഷതകളുള്ള ചെണ്ടുമല്ലി,പുതിന,തുളസി തുടങ്ങിയ ചെടികളെ കൂടി ഗ്രോബാഗ് കൃഷിയിൽ കൂടെകൂട്ടാം.

TAGS: LOCAL NEWS, THIRUVANANTHAPURAM, LOCAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY