SignIn
Kerala Kaumudi Online
Sunday, 15 February 2026 9.10 AM IST

തൊട്ടതെല്ലാം പൊന്ന്!

Increase Font Size Decrease Font Size Print Page
s

ചിലർ അങ്ങനെയാണ്- തൊടുന്നതെല്ലാം പൊന്നാക്കിക്കളയും! കൈപ്പുണ്യമുള്ള ഡോക്ടർ എന്ന് പറയാറില്ലേ?​ അവരെ കാണുന്ന മാത്രയിൽ രോഗം കുറഞ്ഞു തുടങ്ങും. ഇത്തരക്കാർ ദേവഗണത്തിൽപ്പെട്ടവരാണ്. അസുര ഗണത്തിലും ഇതുപോലെ ചില അവതാരങ്ങളുണ്ട്- അവരെ കാണുന്ന മാത്രയിൽ അനർത്ഥങ്ങൾ സംഭവിച്ചു തുടങ്ങും!

ഉണ്ണിക്കൃഷ്ണൻ പോറ്റി കണ്ടുമുട്ടിയവർ, പോറ്റിയെ കണ്ടുമുട്ടിയവർ, കണ്ട് സംസാരിച്ചവർ... അങ്ങനെ ഓരോരുത്തരായി 'പൂജപ്പുര"യിലേക്ക് മാർച്ച് ചെയ്യുകയാണ്. ഭസ്മാസുരന് വരം നൽകിയ സാക്ഷാൽ ഭഗവാൻ മഹാദേവൻ ഓവിൽ കയറി ഒളിച്ചതുപോലെ,​ പോറ്റിയെ കണ്ടവർ ഒളിക്കാൻ സ്ഥലമില്ലാതെ നെട്ടോട്ടമോടുന്നു. ജീവിത സായാഹ്നം ജയിലിൽ കഴിയേണ്ടി വരുന്ന ഇവർ നമുക്ക് ചില പാഠങ്ങൾ പറഞ്ഞുതരുന്നുണ്ടെന്ന് മറക്കരുത്! കുറ്റാന്വേഷണ മേഖലയ്ക്ക് പുതിയ ഉണർവും ദിശാബോധവും നൽകിയിരിക്കുകയാണ് ശബരിമല സ്വർണക്കൊള്ള കേസിലെ ഒന്നാം പ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റി. കഴിഞ്ഞ നാലഞ്ച് മാസക്കാലമായി മലയാളികൾ എല്ലാ ദിവസവും ഉച്ചരിക്കുന്ന നാമമാണ് ഉണ്ണിക്കൃഷ്ണൻ പോറ്റി. പോറ്റി ചരിതാർത്ഥനാണ്. ഇത്രയും പേരെ ഒറ്റയടിക്ക് അകത്താക്കാൻ കഴിഞ്ഞതിന്റെ ചാരിതാർത്ഥ്യം!

ഇവരെല്ലാം ഒരു തെറ്റേ ചെയ്തിട്ടുള്ളൂ.ഏതോ ഒരു ദുർബല നിമിഷത്തിൽ പോറ്റിയെ കണ്ടുമുട്ടി. പിന്നെ അവർക്ക് ഒന്നും ചെയ്യേണ്ടി വന്നില്ല. ചെയ്യാനുള്ളതെല്ലാം പോറ്റി ചെയ്തു. ശബരിമലയിലെ 'തന്ത്രിയായും മേൽശാന്തിയായും" ഒക്കെ പല വേഷങ്ങളിലായി പലയിടത്തും നിറഞ്ഞാടി. പോറ്റിയെ കണ്ടാൽ വാതിലുകൾ തനിയെ തുറക്കുമായിരുന്നു. എന്നാൽ വളരെ പെട്ടന്നാണ് പാപഗ്രഹങ്ങൾ ഒന്നിച്ച് നീചരാശിയിൽ വീണത്.

ശ്രീകോവിലിന്റെ വാതിൽ ഇളക്കിയും തിരികെ വച്ചും വീണ്ടും ഇളക്കിയും തന്റെ കരവിരുത് പ്രകടിപ്പിച്ച പോറ്റിയും നീചരാശിയിൽ വീണുപോയി!

പിന്നീട് ജയിലിലേക്ക് നടന്നുകയറി,​ പോറ്റി. എന്നാൽ,​ ഒരു കാര്യം കട്ടായം പറഞ്ഞിട്ടാണ് പോറ്റി കയറിയത്. എല്ലാവനെയും അകത്താക്കും! അപ്പോഴും ആരും വിചാരിച്ചില്ല,​ സംഗതി ഇത്രയും ഭീകരമായിരിക്കുമെന്ന്.

ഇത്രയും വ്യക്തികേന്ദ്രീകൃതമായ ഒരു അന്വേഷണം ഈയിടെയെങ്ങും നടന്നിട്ടില്ല. കാക്കാലൻ തത്തയെക്കൊണ്ട് പടം എടുപ്പിച്ച് ഭാവി പ്രവചിക്കുന്നതുപോലെ പുതിയ ഓരോ പടവും ലഭിക്കുമ്പോൾ ഓരോരുത്തരുടെയും ഭാവി പ്രവചിക്കപ്പെടുന്നു. കുറ്റാന്വേഷണത്തിൽ ചിത്രങ്ങൾക്ക് ഇത്രയേറെ പ്രസക്തി മറ്റൊരു കാലത്തും കിട്ടിക്കാണില്ല.

തൊണ്ടിമുതൽ കിട്ടിയില്ലെങ്കിലും പോറ്റിയോടൊപ്പമുള്ള ചിത്രങ്ങൾ മതി എന്ന നിലപാടെടുത്തു,​ അന്വേഷണ സംഘം.

കൊണ്ടുവന്നതും

കേറ്റിയതും...

സ്ഥിതി വഷളായ ഘട്ടത്തിൽ, പോറ്റിയെ കൊണ്ടുവന്നതാര് എന്ന ചോദ്യമുയർന്നു. തന്ത്രിയാണെന്നും, മന്ത്രിയാണെന്നും അതല്ല,​ തനിയെ വന്നതാണെന്നും ഒക്കെ പല വ്യാഖ്യാനങ്ങൾ വന്നു. എന്തായാലും ശബരിമലയിലെ കട്ടിളപ്പാളികൾ ഇളക്കി കൊണ്ടുപോയി വിവിധ സ്ഥലങ്ങളിൽ വച്ച് പൂജകൾ നടത്താൻ കാണിച്ച മനക്കട്ടിയും തൊലിക്കട്ടിയും അപാരം തന്നെ അയ്യപ്പാ! ഏറ്റവും അധികം അക്കിടി പറ്റിയത് നടൻ ജയറാമിനാണ്.

ജയറാം ഇത്രയും കരുതിക്കാണില്ല. കുറ്റാന്വേഷണത്തിനു മാത്രമല്ല,​ സംസ്ഥാന രാഷ്ട്രീയത്തിനും

പുതിയ ദിശാബോധം തന്നനെ പോറ്റി സമ്മാനിച്ചെന്ന് പറയാതെ വയ്യ!

പോറ്റി നടന്നു നീങ്ങിയ വഴിത്താരകൾ, പോറ്റിയുടെ വീട്, വീട്ടുകാർ, അയൽക്കാർ, പോറ്റിയുടെ വിദേശയാത്രകൾ, പോറ്റി ഇളക്കിയ പാളികൾ, പോറ്റി തിരികെ വച്ച പാളികൾ, കട്ടിളപ്പാളികൾ ചുമന്ന് പോറ്റി നടന്നു നീങ്ങിയ ചെന്നൈയിലെ വഴികൾ, വീടുകൾ, പോറ്റി നടത്തിയ പൂജകൾ, പോറ്റിയോടടുപ്പമുള്ള രാഷ്ട്രീയ നേതാക്കൾ.... തുടങ്ങി,​ പോറ്റിയുടെ ഒരംശം പോലുമില്ലാതെ അന്വേഷണത്തിന് പ്രസക്തി തീരെയില്ലാതെയായി. രക്ഷപ്പെട്ടത് സാഹിത്യ, സാംസ്കാരിക നായകന്മാർ മാത്രം. കാരണം പോറ്റിക്ക് ഇവരോട് തീരെ താത്പര്യമുണ്ടായിരുന്നില്ല. താൻ ചെയ്യുന്ന പണിക്ക് ഇവരെക്കൊണ്ട് ഒരു ഗുണവും ഉണ്ടാവില്ലെന്ന് പോറ്റിക്ക് അറിയാമായിരുന്നു.

പോറ്റിയുടെ

സോഷ്യലിസം!

ഉണ്ണിക്കൃഷ്ണൻ പോറ്റി പക്ഷപാതം കാണിച്ചു എന്നൊരു പരാതി പറയാൻ ആർക്കും സാധിക്കില്ല. സമൂഹത്തിന്റെ എല്ലാ മേഖലകളിലുമുള്ളവരെ ഈ കേസിൽ ഉൾപ്പെടുത്താൻ പോറ്റി പരമാവധി ശ്രമിച്ചിട്ടുണ്ട്. തന്ത്രിമാർ, മന്ത്രിമാർ, വിവിധ രാഷ്ട്രീയ പാർട്ടികളിലെ നേതാക്കൾ, ദേവസ്വം ബോർഡ് പ്രസിഡന്റുമാർ, മെമ്പർമാർ. ഉദ്യോഗസ്ഥർ,സിനിമാ നടന്മാർ, ബിസിനസുകാർ തുടങ്ങി എല്ലാവരെയും പോറ്റി കേസിൽ ഉൾപ്പെടുത്തി സഹായിച്ചിട്ടുണ്ട്. ആപാദചൂഡം നിരീക്ഷിക്കുമ്പോൾ ഒരു കാര്യം തീർച്ചയാണ്- അമേരിക്കയിലോ മറ്റോ ജനിച്ചിരുന്നെങ്കിൽ ഉണ്ണിക്കൃഷ്ണൻ പോറ്റി ലോകമറിയുന്ന അദ്ഭുതപ്രതിഭാസമായി മാറിയേനെ!

ഒരു വേള പോറ്റിക്ക് പട്ടും വളയും നൽകി ആദരിക്കാൻ പോലും തീരുമാനമായിരുന്നു. ശബരിമലയിലെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് ഏറ്റവും അധികം സ്പോൺസർമാരെ കൊണ്ടുവന്നു എന്നതാണ് പോറ്റിയെ ആദരണീയനാക്കിയത്. തൊണ്ണൂറു ദിവസം കഴിഞ്ഞപ്പോൾ പോറ്റിക്ക് സ്വാഭാവിക ജാമ്യം കിട്ടി. സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത് ജയിൽവാസം അനുഷ്ഠിച്ച സ്വാതന്ത്ര്യസമര സേനാനിയെപ്പോലെയാണ് പോറ്റി ഇറങ്ങി വന്നത്. പുഞ്ചിരിച്ച് കൈ വീശി സന്തോഷവാനായി! ഇത്രയും പേരെ ഒറ്റയടിക്ക് ജയിലിലാക്കാൻ സാധിച്ച പോറ്റിയെ കുറ്റാന്വേഷണ സംഘം ആദരിക്കണം. എല്ലാവരും സൂക്ഷിക്കുക; പോറ്റി പുറത്തിറങ്ങി. വഴിയിൽ വച്ച് കണ്ടാൽ പടമെടുക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.

TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.