SignIn
Kerala Kaumudi Online
Monday, 16 February 2026 2.31 AM IST

ഋഷി തുല്യനായ കർമ്മയോഗി

Increase Font Size Decrease Font Size Print Page
s

'The life of the dead is placed in the memory of the living ' എന്നു പറഞ്ഞത് സിസെറോ ആണ്. കഴിഞ്ഞ ദിവസം അന്തരിച്ച മുൻ ഐ.എ.എസ് ഉദ്യോഗസ്ഥൻ ടി. മാധവമേനോന്റെ വേർപാട് ഞങ്ങളുടെയൊക്കെ മനസ്സിൽ അവശേഷിപ്പിക്കുന്നത് ഈയൊരു വികാരമാണ്. അദ്ദേഹത്തിന്റെ വേർപാട് കേരളത്തിനാകെ നഷ്ടമാണെന്നതു മുഖ്യമന്ത്രിയടക്കമുള്ളവർ രേഖപ്പെടുത്തിയിട്ടുള്ളതാണ്. എന്നെയും എന്റെ കുടുംബത്തെയും സംബന്ധിച്ച് ആ നഷ്ടത്തിന്റെ ആഴം അതിലുമേറെയാണ്. അദ്ദേഹം ഞങ്ങളുടെ കൂടി പപ്പയായിരുന്നു. എന്റെയൊക്കെ ഓർമകൾക്കു തിരിച്ചറിവു തോന്നിയ ഘട്ടത്തിലാണ് അദ്ദേഹം എന്റെ അമ്മയുടെ അനുജത്തിയെ അദ്ദേഹം വിവാഹം ചെയ്യുന്നത്. അര നൂറ്റാണ്ടിലേറെ നീളുന്നതാണ് ആ ബന്ധം. ഇക്കാലമത്രയും അദ്ദേഹത്തിന്റെ സ്നേഹവാത്സല്യങ്ങളും കരുതലും ഞങ്ങളുടെയെല്ലാം ജീവിതത്തിന്റെ വഴികളിൽ തണലൊരുക്കിയിരുന്നു. ഋഷി തുല്യമായ സാത്വിക ഭാവമായിരുന്നു എന്നും അദ്ദേഹത്തിന്. തൂവെള്ളത്താടിയുടെ വെൺമയും നൈർമല്യവും അദ്ദേഹത്തിന്റെ വാക്കിലും പ്രവൃത്തിയിലും വിളക്കായി തെളിഞ്ഞു നിന്നിരുന്നു, അവസാന നാളുകൾ വരെ.

' ഒരു പീഡയെറുമ്പിനും വരുത്തരുതെന്നുള്ള അനുകമ്പ "എന്ന് ശ്രീനാരായണ ഗുരുദേവൻ പറഞ്ഞ വചനങ്ങളിൽ തിളങ്ങിയതായിരുന്നു ആ വ്യക്തിത്വം. 71 വർഷം മുമ്പ് സിവിൽ സർവീസിൽ പ്രവേശിച്ച അദ്ദേഹം ഒരു ഐ.എ.എസ് ഉദ്യോഗസ്ഥൻ എത്തിച്ചേരുന്ന എല്ലാ പദവികളിലും (ചീഫ് സെക്രട്ടറി എന്ന പദവിയൊഴികെ ) ഒരു സിവിൽ സർവീസ് ബ്യൂറോക്രാറ്റിന് എന്തെല്ലാം ചെയ്യാൻ കഴിയുമെന്നു തെളിയിച്ചു. അവയെല്ലാം തന്നെ മനുഷ്യപക്ഷത്തു നിന്നുകൊണ്ടും മാനവികതയിൽ ചുവടുറപ്പിച്ചുമായിരുന്നു. കളക്ടർ, കാർഷിക സർവകലാശാലാ വി.സി, കാർഷികോല്പാദന കമ്മിഷണർ, ട്രാവൻകൂർ ടൈറ്റാനിയം എം.ഡി, ട്രൈബൽ മാസ്റ്റർ പ്ലാൻ ചെയർമാൻ എന്നിങ്ങനെ സാധാരണ മനുഷ്യരുടെ ജീവിത സ്പന്ദനങ്ങൾ കുറ്റമറ്റതാക്കുന്നതിനുള്ള നിരവധി ഔദ്യോഗിക ചുമതലകൾ നിർവഹിച്ചു. ഇംഗ്ലീഷ് സാഹിത്യത്തിലെ ഡോ. സാമുവൽ ജോൺസനെപ്പറ്റി പറയുന്നതു പോലെ, അദ്ദേഹം കൈവയ്ക്കാത്ത ഒരു മേഖലകളുമില്ല; കൈവച്ച ഒരു മേഖലയിലും തന്റെ കൈയ്യൊപ്പു ചാർത്താതെ പോയിട്ടുമില്ല. ഇതെല്ലാം കണക്കിലെടുത്തായിരുന്നു സംസ്ഥാനത്ത് ആദിവാസി ക്ഷേമം ലക്ഷ്യമിട്ട് ട്രൈബൽ ഡവലപ്മെന്റ് ഡിപ്പാർട്ടുമെന്റ് രൂപീകരിച്ചപ്പോൾ അതിന്റെ ചുമതലക്കാരനായി സർക്കാർ അദ്ദേഹത്തെ തീരുമാനിച്ചത്. സർക്കാരിന്റെ ആ തീരുമാനം അങ്ങേയറ്റം ശരിയായിരുന്നുവെന്ന് അദ്ദേഹം സ്വന്തം പ്രവൃത്തിയിലൂടെ കേരളത്തെ ബോധ്യപ്പെടുത്തുകയും ചെയ്തു.

നവതി പിന്നിട്ടപ്പോൾപ്പോലും അട്ടപ്പാടിയിലെ ആദിവാസി ജനതയുടെ നെടുവീർപ്പുകൾ ഒപ്പാൻ അദ്ദേഹം സവിശേഷമായ ശ്രദ്ധ പുലർത്തിയിരുന്നു. മരണവിവരം അറിഞ്ഞ് അട്ടപ്പാടിയിലെ ആദിവാസി ക്ഷേമത്തിനായി ജീവിതം നീക്കിവച്ചിട്ടുള്ള ഗോത്രഭൂമി എഡിറ്ററും എഴുത്തുകാരനുമായ രാജേന്ദ്രപ്രസാദും പരിസ്ഥിതി പ്രവർത്തകൻ സേതുവുമൊക്കെ ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പുകൾ അതിനു തെളിവാണ്. ഔപചാരികമായി സർവീസിൽ നിന്നു വിരമിച്ചെങ്കിലും മരണം വരെ അദ്ദേഹത്തിന്റെ ചിന്തയും വായനയും എഴുത്തും ഊർജസ്വലമായിരുന്നു. ' പീപ്പിൾ ഓഫ് ഇന്ത്യ കേരള "എഡിറ്റർ, ദ്രാവിഡ ഗോത്രവിഭാഗങ്ങളെക്കുറിച്ചുള്ള എൻസൈക്ലോപീഡിയയുടെ ചീഫ് എഡിറ്റർ എന്നീ നിലകളിൽ അദ്ദേഹം നടത്തിയ ഗവേഷണ പഠനങ്ങൾ കേരളത്തിന്റെ ചരിത്രത്തിനും സംസ്കാരത്തിനും നൽകിയ സംഭാവനകൾ തലമുറകളിലേക്കു സംക്രമിക്കുക തന്നെ ചെയ്യും. Tribal Development in India From Despair to Hope എന്ന പുസ്തകം ആദിവാസി വികസന പരിപ്രേക്ഷ്യത്തിന്റെ ഉൾക്കാഴ്ച നൽകുന്ന ഗ്രന്ഥമാണ്. ബംഗാളിലെയും കേരളത്തിലെയും അമ്മ ദൈവങ്ങളുടെ സൂക്ഷ്മമായ സാജാത്യങ്ങൾ വരെ വിശകലനം ചെയ്ത് എഴുതിയ Mother Goddesses in India എന്ന കൃതിയും അദ്ദേഹത്തിന്റെ ഗവേഷണ കൗതുകത്തിന്റെ നിദർശനമാണ്. ഇത്തരത്തിലുള്ള വൈവിധ്യപൂർണമായ പ്രവർത്തനങ്ങളുടെ കതിരും കാമ്പും പരിഗണിച്ചായിരുന്നു സംസ്ഥാന സർക്കാർ ആദ്യമായി ഏർപ്പെടുത്തിയ 'കേരള പ്രഭ" പുരസ്കാരം നൽകി അദ്ദേഹത്തെ ആദരിച്ചത്.

കേരളത്തിന്റെയും രാജ്യത്തിന്റെയും സാമൂഹ്യ സാംസ്കാരിക കയറ്റിറക്കങ്ങളുടെ വഴികളിലൂടെയെല്ലാം സഞ്ചരിച്ചാണ് അദ്ദേഹം 96-ാം വയസ്സിൽ യാത്രയായത്. മരണത്തിന്റെ തൊട്ടു തലേ ദിവസം പോലും മകൾ മായയോട് സ്നേഹമസൃണമായ സംഭാഷണത്തിൽ ഏർപ്പെട്ടിരുന്നു. ഭൗതിക ശരീരം കഴക്കൂട്ടത്തെ ശാന്തിതീരത്ത് ചിതയിലേക്കെടുക്കുമ്പോൾ സംസ്ഥാന സർക്കാർ പൂർണമായ ഔദ്യോഗിക ബഹുമതികൾ നൽകി. പൊലീസ് ബാൻഡ് ആലപിച്ച 'ലാസ്റ്റ് പോസ്റ്റി"ന്റെ മന്ദ്രധ്വനിയിലാണ് ചരിത്രത്തിൽ ഇടപെട്ട ആ ദൗതികദേഹത്തെ തീനാളങ്ങൾ ഏറ്റുവാങ്ങിയത്. --അദ്ദേഹത്തിന്റെ ജീവിതം ഞങ്ങൾക്കെല്ലാം നൊമ്പരമുണർത്തുന്ന ഓർമയായി നിറഞ്ഞുനിൽക്കും.

TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.