SignIn
Kerala Kaumudi Online
Wednesday, 18 February 2026 2.08 PM IST

വഴിതെളിക്കട്ടെ സ്നേഹനക്ഷത്രങ്ങൾ

Increase Font Size Decrease Font Size Print Page
s

മുത്തും ചിപ്പിയും പോലെയാണ് ശരീരവും ജീവനും. ചിപ്പിത്തോടുപോലെ ക്ഷണികമായ ശരീരം ഏതു നിമിഷവും നശിക്കാം. എന്നാൽ പരമാത്മാവിന്റെ അംശമായ ജീവൻ പല രൂപത്തിൽ പിന്നെയും തിളങ്ങും. അവയവദാനം വഴി നാലുപേരിലൂടെ ഇനിയും ജീവിക്കുന്ന പത്തുമാസം മാത്രം പ്രായമുള്ള ആലിൻ ഷെറിൻ എന്ന കുഞ്ഞുമാലാഖ ദിവ്യമായ സ്നേഹനക്ഷത്രമായിരിക്കും. മല്ലപ്പള്ളി വാലുമണ്ണിൽ അരുൺ എബ്രഹാമിന്റെയും ഷെറിൻ ജോണിന്റെയും ഏക മകളായ ആലിൻ ഷെറിൻ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവാണ്. ഈ ഭൂമിയിൽ പിറന്ന് ഒന്നാം പിറന്നാൾ പോലും ആഘോഷിക്കും മുമ്പാണ് ആലിന്റെ മടക്കമെന്നത് എല്ലാപേരുടെയും മനസിലെ തീരാനോവാണ്. കോട്ടയം പള്ളത്തുവച്ച് കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ആലിൻ ഷെറിൻ അമൃത ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അദ്ധ്യാപികയായ ഷെറിൻ കോട്ടയത്ത് ബിരുദദാന ചടങ്ങിൽ പങ്കെടുത്ത് മടങ്ങുകയായിരുന്നു. അരുൺ മല്ലപ്പള്ളിയിൽ അക്ഷയ സെന്റർ നടത്തുന്നു. ഓർക്കാപ്പുറത്തുണ്ടായ അപകടത്തിൽ പരിക്കേറ്റ കൈക്കുഞ്ഞ് ഇനി ജീവിതത്തിലേക്ക് തിരിച്ചുവരില്ലെന്ന് ഇവരും ബന്ധുക്കളും വേദനയോടെയാണെങ്കിലും തിരിച്ചറിഞ്ഞു. അന്യജീവനുതകി സ്വജീവിതം ധന്യമാക്കണമെന്ന മഹദ് വചനങ്ങളും സ്നേഹസ്വരൂപനായ ക്രിസ്തുദേവന്റെ ജീവിതവും അവരെ ഉന്നതമായ ചിന്തകളിലേക്കു നയിച്ചു. ഏക മകൾ മറ്റുള്ളവരിലൂടെ പിന്നെയും ജീവിക്കട്ടെ എന്ന ആഗ്രഹവും മഹത്തായ ഒരു ത്യാഗത്തിന് അവരെ പ്രേരിപ്പിച്ചു.

ദാനം ചെയ്ത ആലിൻ ഷെറിന്റെ ഹൃദയവാൽവ് തിരുവനന്തപുരം ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിലേക്കും കരൾ തിരുവനന്തപുരം കിംസ് ആശുപത്രിയിലേക്കും കിഡ്‌നി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്കും എത്തിക്കുകയായിരുന്നു. കണ്ണുകൾ അമൃത ആശുപത്രിയിലെ നേത്രബാങ്കിനാണ് കൈമാറിയത്. കുട്ടിയുടെ പിതാവിന്റെ സമ്മതപ്രകാരം സർക്കാർ സംവിധാനമായ കെസോട്ട വഴിയാണ് അവയവദാന പ്രക്രിയകൾ ഏകോപിപ്പിച്ചത്. രാവിലെ അമൃതയിൽ നിന്ന് അവയവങ്ങളുമായി പ്രത്യേകം സജ്ജീകരിച്ച ആംബുലൻസിൽ തിരുവനന്തപുരത്തേക്ക് പുറപ്പെടുകയായിരുന്നു. കിംസ് ആശുപത്രിയിലെ ഡോ. വർഗീസ് എൽദോയും ആംബുലൻസിനെ അനുഗമിച്ചു. സാധാരണ ആറുമണിക്കൂറോളം തിരുവനന്തപുരത്തെത്താൻ വേണ്ടിവരും. പൊലീസ് അകമ്പടിയും നാട്ടുകാരുടെ സഹകരണവും ഒത്തുചേർന്നപ്പോൾ ആംബുലൻസ് ഡ്രൈവർ മാള സ്വദേശിയായ ജഗനീഷിന് 3 മണിക്കൂർ 27 മിനിട്ട് കൊണ്ട് ലക്ഷ്യസ്ഥാനത്തെത്താൻ കഴിഞ്ഞു. പലേടത്തും റോഡുപണി നടക്കുകയായിരുന്നെങ്കിലും ജനങ്ങളെല്ലാം സ്വന്തം കാര്യം പോലെ ഈ ദൗത്യത്തെ കണ്ടു.

യഥാസമയം അവയവങ്ങൾ കിട്ടാത്തതുമൂലം ദുരിതമനുഭവിക്കുന്ന വലിയൊരു വിഭാഗം ആളുകളുണ്ട്. സമ്പാദിച്ചുവച്ച പണമോ പ്രശസ്തിയോ അധികാര സ്ഥാനങ്ങളോ അവയവത്തിന് പകരമാകില്ലെന്ന് അവർ തിരിച്ചറിയുന്നു. പ്രകൃതി കനിഞ്ഞുനൽകിയ ഏറ്റവും വലിയ സമ്മാനമാണ് സ്വന്തം ശരീരാവയവങ്ങളെന്ന് മനസിലാക്കുമ്പോൾ പ്രകൃതിയെയും അദൃശ്യമായ ശക്തിയെയും വണങ്ങിപ്പോകും.

അവയവദാനത്തിന്റെ മഹത്വം എല്ലാവരും പറയുകയും പ്രചരിപ്പിക്കുകയും ചെയ്യുമെങ്കിലും അവസരം വരുമ്പോൾ പലരും മുഖം തിരിഞ്ഞു നിൽക്കാറുണ്ട്. അബദ്ധ ധാരണകളും അകാരണമായ ഭയവുമാണ് അതിനു കാരണം. അതു മാറ്റാൻ ആലിനെപ്പോലുള്ളവരുടെ അവയവദാന മാതൃക സഹായിക്കും. നെയ്യാറ്റിൻകര സ്വദേശി ബൈജുകുമാറിന്റെയും വിദ്യയുടെയും രണ്ടാമത്തെ കുഞ്ഞായ ധ്രിയയ്ക്കാണ് ആലിൻ ഷെറിന്റെ കരൾ പ്രയോജനപ്പെടുന്നത്. കൂലിവേലക്കാരനായ ബൈജു കരൾ നൽകാൻ തീരുമാനിച്ചിരുന്നു. അതിനുള്ള പരിശോധനകൾക്കും ശസ്ത്രക്രിയയ്ക്കും ദിവസവും നിശ്ചയിച്ചിരുന്നതാണ്. അതിനിടയിലാണ് മനസു നിറയെ കാരുണ്യമുള്ള ആലിന്റെ മാതാപിതാക്കളുടെ വിശാല മനസ്‌കത പ്രകടമാകുന്നത്. അതു നാലുപേർക്ക് പുതുജീവൻ പകരുന്നതായി. മറ്റുള്ളവർക്കായി അവയവങ്ങൾ നൽകുന്നവരെല്ലാം വലിയ മനസുള്ളവരാണ്. അവരുടെ സ്നേഹവും ത്യാഗവും ഈ ലോകത്തെ പ്രകാശിപ്പിച്ചുകൊണ്ടിരിക്കും.

TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.