SignIn
Kerala Kaumudi Online
Wednesday, 18 February 2026 7.48 AM IST

അധികാര പങ്കാളിത്തം ഔദാര്യമല്ല

Increase Font Size Decrease Font Size Print Page

s

വെള്ളാപ്പള്ളി നടേശൻ

മാനേജിംഗ് എഡിറ്റർ

യോഗനാദം

(യോഗനാദം 2026 ഫെബ്രുവരി 15 ലക്കം എഡിറ്റോറിയൽ)​

..............................

ഒരു നിയമസഭാ തിരഞ്ഞെടുപ്പിന്റെ കൂടി പടിവാതിൽക്കൽ നിൽക്കുകയാണ് കേരളം. ചരിത്രത്തിലാദ്യമായി തുടർഭരണം നേടിയ ഇടതുമുന്നണി മൂന്നാമൂഴത്തിനായും,​ എങ്ങനെയും ഭരണം കൈപ്പിടിയിലാക്കാനായി ഐക്യ ജനാധിപത്യ മുന്നണിയും,​ സംസ്ഥാന രാഷ്ട്രീയത്തിൽ കരുത്തു തെളിയിക്കാൻ ദേശീയ ജനാധിപത്യ മുന്നണിയും അരയും തലയും മുറുക്കി രംഗത്തുണ്ട്. തിരഞ്ഞെടുപ്പ് പ്രഖ്യാപനവും സ്ഥാനാർത്ഥി പ്രഖ്യാപനങ്ങളും വരുന്നതോടെ കേരളം തിരഞ്ഞെടുപ്പ് മൂഡിലാകും.


ഒരുപക്ഷേ,​ ആദ്യ കമ്മ്യൂണിസ്​റ്റ് മന്ത്റിസഭയുടെ കാലം ഒഴിച്ചുനിറുത്തിയാൽ ഇതുവരെ നടന്ന തിരഞ്ഞെടുപ്പുകളെല്ലാം സംസ്ഥാനത്തെ ഭൂരിപക്ഷ ജനവിഭാഗത്തിന്, പ്രത്യേകിച്ച് ജനസംഖ്യയുടെ പകുതിയോളം വരുന്ന പിന്നാക്ക, അധ:സ്ഥിത വിഭാഗങ്ങൾക്ക് നഷ്ടക്കച്ചവടമായിരുന്നു. കൊള്ളലാഭമുണ്ടാക്കിയവരാകട്ടെ ന്യൂനപക്ഷ സംഘടിത മതങ്ങളും! വോട്ടുബാങ്കുകൾക്കു മുന്നിൽ എല്ലാ മുന്നണികളും സാഷ്ടാംഗം നമസ്‌കരിക്കുന്ന സങ്കുചിത രാഷ്ട്രീയത്തിന്റെ രക്തസാക്ഷികളാണ് ഇന്ന് കേരളത്തിലെ പിന്നാക്ക ജനത.

അർഹതപ്പെട്ടതിന്റെ പകുതിപോലും അധികാര പങ്കാളിത്തം സംസ്ഥാന രൂപീകരണത്തിന്റെ 75-ാം വർഷത്തിലും ഈ വിഭാഗങ്ങൾക്ക് ലഭിച്ചിട്ടില്ല. പട്ടികജാതി, പട്ടികവർഗക്കാരുടെ കാര്യമാകട്ടെ പരമദയനീയവുമാണ്. 'അഞ്ചൽ ശിപായിക്കുമുണ്ട് അരക്കഴഞ്ച് അധികാരം" എന്ന് കേരളം രൂപമെടുക്കും മുമ്പേ സഹോദരൻ അയ്യപ്പൻ പറഞ്ഞിട്ടുണ്ട്. അധികാര സ്ഥാനങ്ങളിൽ ഇല്ലെങ്കിൽ ഒരു സമുദായത്തിനും സാമൂഹികമായും സാമ്പത്തികമായും വ്യവസായപരമായും വിദ്യാഭ്യാസപരമായും ഉയരാൻ സാധിക്കില്ലെന്നതാണ് പച്ചപ്പരമാർത്ഥം. ആ സാമൂഹ്യസത്യം പരസ്യമായി പറയാൻ ഏറെപ്പേർക്കും മടിയാണ്.

ന്യൂനപക്ഷ മതവിഭാഗങ്ങൾ കക്ഷിരാഷ്ട്രീയത്തിന് അതീതമായി മതം പറഞ്ഞു തന്നെ സംഘടിച്ച് അധികാരത്തിന്റെ അകത്തളങ്ങളിൽ കയറിക്കൂടിയവരാണ്. മുസ്ളീം, ക്രൈസ്തവ സമുദായങ്ങൾ അവരുടെ സ്വന്തം പാർട്ടികളുണ്ടാക്കി എം.എൽ.എമാരെയും എം.പിമാരെയും മന്ത്റിമാരെയും സൃഷ്ടിച്ച് അധികാരക്കസേരകളിൽ അടയിരിക്കുന്നു. ഈ പാർട്ടികൾ പിളർന്ന് പുതിയ കക്ഷികൾ രൂപപ്പെടുന്നതനുസരിച്ച് കൂടുതൽ കൂടുതൽ അധികാര പദവികളും സ്ഥാനമാനങ്ങളും അവർ പിടിച്ചെടുക്കുകയാണ് പതിവ്. അർഹതപ്പെട്ടതും അതിലപ്പുറവും ലഭിച്ചിട്ടും മുറുമുറുപ്പ് മാറാത്തവരാണ് ഇവരിലേറെയും. നഷ്ടം അന്നും ഇന്നും പിന്നാക്ക വിഭാഗങ്ങൾക്കു മാത്രമാണ്.

ഈഴവരുൾപ്പടെയുള്ള പിന്നാക്ക, അധ:സ്ഥിത വിഭാഗങ്ങൾക്ക് സമുദായചിന്ത ഇല്ലാത്തതാണ് ഇപ്പോഴത്തെ ദുരവസ്ഥയ്ക്കു കാരണം. സമുദായ ലേബലിൽ അധികാരം കൈപ്പിടിയിലൊതുക്കാൻ ശേഷിയുള്ള തന്ത്റശാലികളായിരുന്നെങ്കിൽ കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം മ​റ്റൊന്നായേനെ. എത്ര തിരിച്ചടികളും നഷ്ടങ്ങളുമുണ്ടായാലും പാഠം പഠിക്കാതെ, തമ്മിൽത്തല്ലി തലകീറി, പരസ്പരം കു​റ്റംപറഞ്ഞ്, കാലുവാരി നശിക്കുകയാണ് ഇക്കൂട്ടർ. നാടോടുമ്പോൾ നടുവേ ഓടാതെ പതി​റ്റാണ്ടുകൾ നഷ്ടമാക്കിയവർക്ക് കാലം ഒരിക്കലും മാപ്പുതരില്ല. വരുംതലമുറയോടു ചെയ്യുന്ന അനീതിയായി ഈ സമീപനം വിലയിരുത്തപ്പെടും.

ഏതു പ്രധാന രാഷ്ട്രീയ പാർട്ടിയെടുത്താലും രാഷ്ട്രീയ സംഘർഷങ്ങളിൽ കൊല്ലാനും കൊല്ലപ്പെടുവാനും കല്ലെറിയാനും ലാത്തിച്ചാർജുകൾ ഏ​റ്റുവാങ്ങാനും കൊടിയേന്താനും സമരം ചെയ്യാനും നിരാഹാരം കിടക്കാനും ഈഴവനും പുലയനും ധീവരനും വിശ്വകർമ്മജനും ശാലിയനും വേണം. പക്ഷേ അധികാരക്കസേരകളുടെ കാര്യം വരുമ്പോൾ അവർ പടിക്കു പുറത്താണ്. മതവും സമുദായവും പറഞ്ഞ് പദവികൾ വിലപേശി വാങ്ങുന്നവർ വിശുദ്ധന്മാരും,​ നീതിയുടെ പേരിൽ നക്കാപ്പിച്ച വല്ലതും ചോദിക്കാൻ ചെല്ലുന്നവൻ ജാതിവാദിയും വർഗീയവാദിയുമാകുന്ന 'മധുരമനോജ്ഞ" കേരളഭൂമിയിലാണ് നാം ജീവിക്കുന്നത്!

പിന്നാക്ക, അധ:സ്ഥിത വിഭാഗക്കാർക്ക് അർഹമായ പ്രാതിനിദ്ധ്യം നിയമസഭാ സ്ഥാനാർത്ഥി നിർണയത്തിൽ മുന്നണികൾ നൽകണമെന്നാണ് അഭ്യർത്ഥന. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് ഈഴവ സമുദായത്തിൽ നിന്ന് ഒരു എം.എൽ.എ മാത്രമേ ഉണ്ടായിരുന്നുള്ളൂ. കെ.പി.സി.സി പ്രസിഡന്റ് ഈഴവനായിട്ടു കൂടി അത്തരമൊരു ദുരവസ്ഥയുണ്ടായി. മുസ്ളീം ലീഗാണെങ്കിൽ കടന്നുകയറാവുന്ന എല്ലാ മേഖലകളിലും എത്തപ്പെട്ടു കഴിഞ്ഞു. എന്നിട്ടും,​ കിട്ടിയതൊന്നും പോരെന്ന നിലപാടിൽ പുതിയ അവകാശവാദങ്ങൾ ഉന്നയിക്കുകയാണ്.

കേരളത്തിൽ ഭൂരിപക്ഷ സമൂഹം ന്യൂനപക്ഷമാകാൻ ഇനി അധികനാളുകളില്ല. ന്യൂനപക്ഷമായിരിക്കെ എല്ലാം തട്ടിപ്പറിച്ചവർ ഭൂരിപക്ഷമാകുമ്പോൾ എന്തൊക്കെ കാട്ടിക്കൂട്ടുമെന്ന് കാണാനിരിക്കുന്നതേയുള്ളൂ. അതിന്റെ സൂചനകളാണ് മുസ്ളീം ലീഗ് നേതാക്കളുടെ പ്രസംഗങ്ങൾ. പത്തുവർഷം സമുദായത്തിന് നഷ്ടമായതൊക്കെ വെട്ടിപ്പിടിക്കണമെന്നും, അഞ്ചുനേരം നിസ്‌കരിക്കുന്ന വിശുദ്ധനാണ് നമ്മുടെ സ്ഥാനാർത്ഥിയെന്നും, മതം മാത്രമാണ് തങ്ങളുടെ പ്രശ്നമെന്നും, മുസ്ളീങ്ങൾക്കു വേണ്ടിയാണ് മുസ്ളീം ലീഗ് നിലകൊള്ളുന്നതെന്നും മ​റ്റുമുള്ള ലീഗ് നേതാക്കളുടെ പ്രഖ്യാപനങ്ങൾ ഭൂരിപക്ഷ ജനതയ്ക്കുള്ള മുന്നറിയിപ്പുകളായി കണക്കാക്കണം.


പിന്നാക്ക, അധ:സ്ഥിത ജനവിഭാഗങ്ങളെ തകർക്കാൻ നോക്കുന്ന രാഷ്ട്രീയ അടവുനയം കണ്ടില്ലെന്നുവച്ച് മന്നോട്ടുപോകാൻ ശ്രമിക്കുന്നത് ഇനി ആത്മഹത്യാപരമാണ്. ഇത്തരം സാമൂഹ്യ യാഥാർത്ഥ്യങ്ങൾ സമുദായം കണ്ണുതുറന്ന് കാണണം. ഭരണത്തിലും അധികാര സ്ഥാനങ്ങളിലുമുള്ള അർഹമായ പങ്കാളിത്തം പിന്നാക്ക, അധ:സ്ഥിത വിഭാഗങ്ങൾക്ക് നിഷേധിക്കപ്പെടാൻ ഇനി അവസരം സൃഷ്ടിക്കരുത്. ജനസംഖ്യാനുപാതികമായ അധികാര പങ്കാളിത്തത്തിൽ എത്തിയാൽ മാത്രമേ സാമൂഹ്യനീതി ഉറപ്പുവരുത്താനാകൂ. അതിനായി വിലപേശേണ്ടി വരും. ഇതൊക്കെ മുന്നിൽക്കണ്ടാണ് പിന്നാക്ക വിഭാഗങ്ങൾക്ക് അർഹമായത് ചോദിച്ചു വാങ്ങുന്നതിനായി മഹാകവി കുമാരനാശാനെ ശ്രീനാരായണ ഗുരദേവൻ പ്രജാസഭയിലേക്ക് അയച്ചത്.


വരുന്ന തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണയത്തിൽ സ്വാഭാവികമായും ഓരോ പാർട്ടികളും പിന്നാക്ക വിഭാഗങ്ങൾക്ക് അർഹമായ വിഹിതം കൊടുക്കുന്നതിനു വേണ്ടിയും,​ ലഭിച്ചില്ലെങ്കിൽ ചോദിച്ചുവാങ്ങുന്നതിനു വേണ്ടിയും ശക്തമായി ചിന്തിക്കാനും പറയാനും പ്രവർത്തിക്കാനും അതത് പാർട്ടികളിലും പുറത്തുമുള്ള സമുദായാംഗങ്ങൾ തയ്യാറാകേണ്ടത് അനിവാര്യമാണ്. അടിയന്തരമായി ആ നയം അവലംബിച്ചില്ലെങ്കിൽ കാലം നമ്മളെ തൂത്തെറിയും. അവശേഷിക്കുന്ന എല്ലാ മേഖലകളും സംഘടിത മതശക്തികൾ പിടിച്ചടക്കും. അസംഘടിതരായി നിൽക്കുന്ന പിന്നാക്ക, അധ:സ്ഥിത വിഭാഗങ്ങളെ അവർ ചവിട്ടിത്തേയ്ക്കും.

ആരുടെയും അവകാശങ്ങൾ നമുക്കു വേണ്ട, ആരോടും വിദ്വേഷവുമില്ല. പക്ഷേ അർഹതപ്പെട്ടത് നിഷേധിക്കപ്പെടുന്നവന്റെ വേദന മനസിലാക്കാത്തവർക്ക് ബാല​റ്റിലൂടെ മറുപടി നൽകണം. അതിനുള്ള അവസരമാണ് വിരൽത്തുമ്പിൽ എത്തുന്നത്. പ്രതികരിക്കേണ്ട സമയത്ത് പ്രതികരിച്ചില്ലെങ്കിൽ നാമെല്ലാം സർവമേഖലകളിലും തകർന്ന് തരിപ്പണമായി തുടച്ചുനീക്കപ്പെടും. അവസരങ്ങൾ പ്രയോജനപ്പെടുത്താതെ ഉറക്കം തുടർന്നാൽ അത് വരുംതലമുറയോടു ചെയ്യുന്ന മുക്തി കിട്ടാത്ത പാപമാകും.

TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.