
കോതമംഗലം: വന്യമൃഗശല്യത്തെ പ്രതിരോധിക്കാൻ 'ഹോം ഗാർഡ്' എന്ന പേരിൽ ഉപകരണം അവതരിപ്പിച്ച് കോട്ടപ്പടി മാർ ഏലിയാസ് കോളേജിലെ വിദ്യാർത്ഥികൾ. വന്യമൃഗങ്ങളുടെ സാന്നിദ്ധ്യം തിരിച്ചറിഞ്ഞ് അലറാം മുഴക്കുന്നതാണ് ഉപകരണം. വന്യമൃഗ ശല്യമുള്ള പ്രദേശങ്ങളിൽ ജനങ്ങൾക്കും വനപാലകർക്കും മുൻകരുതലെടുക്കാൻ ഈ ഉപകരണം സഹായിക്കും. പതിനഞ്ച് മീറ്റർ വരെയാണ് ഉപകരണത്തിന്റെ പരിധി. ആദ്യ ഉപകരണം തട്ടേക്കാട് പുന്നേക്കാട് റോഡിന് സമീപം ഘടിപ്പിച്ചു. മറ്റ് പ്രദേശങ്ങളിലും ഉപകരണം ഘട്ടംഘട്ടമായി ഘടിപ്പിക്കുമെന്ന് കോളേജ് അധികൃതർ പറഞ്ഞു.
കോളേജിലെ കമ്പ്യൂട്ടർ സയൻസ് വിഭാഗവും എൻ.എസ്.എസ്.യൂണിറ്റും ചേർന്നാണ് ഉപകരണം വികസിപ്പിച്ചത്. സോളാർ പവറിലും ബാറ്ററിയിലും പ്രവർത്തിക്കുന്ന ഉപകരണം വൈദ്യുതി ഇല്ലാത്ത പ്രദേശത്തും സ്ഥാപിക്കാൻ കഴിയും. സ്വമേധയാ ഫോട്ടോ എടുത്ത് കൺട്രോൾ റൂമിലേക്ക് അയക്കുന്ന സംവിധാനംകൂടി ഉപകരണത്തിൽകൊണ്ടുവരാനും വിദ്യാർത്ഥികൾ ശ്രമിക്കുന്നുണ്ട്. ആദ്യ ഉപകരണം ഘടിപ്പിക്കുന്ന ചടങ്ങിൽ ആന്റണി ജോൺ എം.എൽ.എ, കോളേജ് ബോർഡ് പ്രസിഡന്റ് ഫാ.ജോസ് പരത്തുവയലിൽ, മാനേജർ സുനിൽ ജോസഫ്, ഡോ.ജോസഫ് ടി.മൂലയിൽ, എൻ.പൂർണ്ണിമ, കെ.കെ.ടീന, ആർ.സഞ്ജീവ്കുമാർ, കെ.എസ്.സിദ്ധിഖ്, സി.എസ്.ദിവാകരൻ, ജിജോ ആന്റണി, മനോജ് മത്തായി, തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |