
പ്യോഗ്യാംഗ്: മകളെ പിൻഗാമിയായി തിരഞ്ഞെടുത്ത ഉത്തര കൊറിയൻ ഏകാധിപതി കിം ജോംഗ് ഉന്നിന്റെ തീരുമാനം ഭാവിയിൽ 'കുടുംബ കലഹത്തിന് " വഴിയൊരുക്കുമെന്ന് ദക്ഷിണ കൊറിയൻ ഇന്റലിജൻസ് ഏജൻസിയുടെ വിലയിരുത്തൽ. കിം, മകൾ കിം ജൂ ഏയെ പിൻഗാമിയായി തിരഞ്ഞെടുത്തെന്ന് കഴിഞ്ഞയാഴ്ചയാണ് ദക്ഷിണ കൊറിയയുടെ നാഷണൽ ഇന്റലിജൻസ് സർവീസ് റിപ്പോർട്ട് ചെയ്തത്. ഈ മാസം അവസാനം നടക്കുന്ന വർക്കേഴ്സ് പാർട്ടി ഒഫ് കൊറിയയുടെ സമ്മേളനത്തിൽ കിം ഇക്കാര്യം പ്രഖ്യാപിച്ചേക്കുമെന്നും അഭ്യൂഹമുണ്ട്. എന്നാൽ കിമ്മിന്റെ തീരുമാനം, ഇളയ സഹോദരി കിം യോ ജോംഗിനെ ചൊടിപ്പിക്കുമെന്നാണ് കേൾക്കുന്നത്. 38 കാരിയായ യോ ജോംഗാണ് ഭരണ,സൈനിക കാര്യങ്ങൾക്ക് കിമ്മിനെ സഹായിക്കുന്നത്.
ഏകദേശം 13 - 15 വയസുള്ള ജൂ ഏ ഇപ്പോൾ കിമ്മിനൊപ്പം പൊതുപരിപാടികളിൽ സജീവമാണ്. രാജ്യത്തിന്റെ ഭാവി ഭരണാധികാരിയെ വാർത്തെടുക്കാനുള്ള പരിശീലനമാണിത്. എന്നാൽ നിലവിൽ അടിയന്തര സാഹചര്യങ്ങളുണ്ടായാൽ (കിമ്മിന് രോഗം ബാധിച്ചാലോ മരണം സംഭവിച്ചാലോ) അധികാര പോരാട്ടമുണ്ടാകുമെന്ന് ഉറപ്പാണ്.
ജൂ ഏയ്ക്ക് പ്രായപൂർത്തിയാകാത്തതിനാൽ ഭരണം ലഭിക്കില്ലെന്നും യോ ജോംഗ് അധികാരത്തിലെത്തുമെന്നും വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. പാർട്ടിയിലും സൈന്യത്തിലും ശക്തമായ സ്വാധീനം യോ ജോംഗിനുണ്ട്. ഒരു സൈനിക അട്ടിമറിക്ക് യോ ജോംഗ് മടിക്കില്ലെന്നും പറയപ്പെടുന്നു. യോ ജോംഗിന്റെ സ്വാധീനം കുറയ്ക്കാനുള്ള തന്ത്രമായാണോ കിം മകളെ പ്രോത്സാഹിപ്പിക്കുന്നതെന്നും സംശയിക്കുന്നു.
കിമ്മിനെക്കാൾ
അപകടകാരി
കിമ്മിനെക്കാൾ അപകടകാരിയാണ് സഹോദരി യോ ജോംഗ് എന്നാണ് സംസാരം
കിമ്മിന് ശേഷം ഉത്തര കൊറിയയിലെ ഏറ്റവും ശക്തമായ നേതാവ്. കിമ്മിന്റെ ഉപദേശകരിൽ ഒരാൾ
ഭരണകാര്യങ്ങളിൽ കിമ്മിന്റെ വിശ്വസ്ഥ. വിദ്യാസമ്പന്ന. നയതന്ത്രജ്ഞ
പാശ്ചാത്യ രാജ്യങ്ങൾക്കും ദക്ഷിണ കൊറിയയ്ക്കുമെതിരെ പ്രകോപനപരമായ പ്രസ്താവനകൾ നടത്താറുണ്ട്
കൊറിയൻ വർക്കേഴ്സ് പാർട്ടിയുടെ സെൻട്രൽ കമ്മിറ്റിയിൽ ഉന്നത പദവികൾ. രാജ്യത്തെ സ്റ്റേറ്റ് അഫയേഴ്സ് കമ്മിഷൻ അംഗം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |