
നിയമസഭാ തിരഞ്ഞെടുപ്പിലെ യു.ഡി.എഫ് വിജയസാദ്ധ്യത വിലയിരുത്താൻ ചുമതല ഏറ്റെടുത്ത തിരഞ്ഞെടുപ്പ് വിശാരദൻ സുനിൽ കനഗോലുവിന്റെ കണ്ടെത്തലിൽ ഉറക്കം നഷ്ടപ്പെട്ടിരിക്കുകയാണ് പല നേതാക്കൾക്കും. ചില പ്രമുഖ നേതാക്കൾ മത്സരത്തിനിറങ്ങിയാൽ കോൺഗ്രസിന് ആ സീറ്റ് തന്നെ നഷ്ടപ്പെടുമെന്നാണ് കനഗോലുവിന്റെ വിലയിരുത്തൽ. യു.ഡി.എഫാകും ഇനി ഭരണത്തിലേറുകയെന്ന സ്വപ്നം കണ്ട് മന്ത്രിമാരാകാൻ ഉടുപ്പ് തുന്നി ഇരിക്കുന്ന പലരുടെയും സ്വപ്നങ്ങൾക്കാണ് ഇത് മങ്ങലേൽപ്പിച്ചിരിക്കുന്നത്. 10 വർഷമായി ഭരണത്തിന് പുറത്തിരിക്കുന്ന യു.ഡി.എഫിന് ഓരോ സീറ്റും വിലപ്പെട്ടതാണെന്നതിനാൽ അത്യന്തം സൂക്ഷ്മതയോടെ മാത്രമേ മത്സരത്തിനുള്ള സ്ഥാനാർത്ഥികളെ നിശ്ചയിക്കുകയുള്ളുവെന്ന് കോൺഗ്രസിന്റെ സംസ്ഥാന, ദേശീയ നേതൃത്വങ്ങൾ തീരുമാനിച്ചതും അക്കാരണത്താലാണ്.
തിരുവനന്തപുരത്ത് വി.എസ്. ശിവകുമാർ, എം.എം. ഹസ്സൻ തുടങ്ങിയവരെയാണ് കനകോലു ഹിറ്റ് ലിസ്റ്റിൽ പെടുത്തിയിരിക്കുന്നതെങ്കിൽ കൊല്ലത്ത് ആ ലിസ്റ്റിലെ ഒന്നാം പേരുകാരി കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം കൂടിയായ ബിന്ദുകൃഷ്ണയാണ്. കൊല്ലം നിയമസഭാ മണ്ഡലത്തിൽ 2021 ൽ മത്സരിച്ച ബിന്ദുകൃഷ്ണ എൽ.ഡി.എഫിലെ എം. മുകേഷിനോട് വെറും 2072 വോട്ടിനാണ് പരാജയപ്പെട്ടത്. എന്നാൽ അതിനു ശേഷവും കൊല്ലം മണ്ഡലത്തിൽ ബിന്ദുകൃഷ്ണ നിറസാന്നിദ്ധ്യമായി ഏറെ സജീവമായി നിൽക്കുന്നത് 2026 ലെ തിരഞ്ഞെടുപ്പ് ലക്ഷ്യം വച്ചാണ്. കൊല്ലം സീറ്റിൽ എം. മുകേഷ് ഇനി മത്സരിക്കാനുള്ള സാദ്ധ്യത തീരെ വിരളമാണ്. മാത്രമല്ല, ജനസമ്മതിയുള്ളൊരു സ്ഥാനാർത്ഥിയെ തേടി സി.പി.എമ്മും പരക്കം പായുകയാണ്. ഈ സാഹചര്യങ്ങൾ തനിക്ക് ജയസാദ്ധ്യത എളുപ്പമാക്കുമെന്ന ശുഭപ്രതീക്ഷയിൽ മുന്നേറുമ്പോഴാണ് ഇരുട്ടടി പോലെ കനകോലുവിന്റെ റിപ്പോർട്ട് പാരയായി മാറുന്നത്.
ബിന്ദുകൃഷ്ണ സജീവമായി പാർട്ടി പരിപാടികളിലും സമരങ്ങളിലുമൊക്കെ പങ്കെടുക്കുന്നുവെങ്കിലും സ്വന്തം പാർട്ടിയിലുള്ളവർ തന്നെയാണ് അവർക്ക് പാരപണിയുന്നതെന്നതാണ് ഖേദകരമായ വസ്തുത. മുമ്പ് ചാത്തന്നൂർ നിയമസഭാ മണ്ഡലത്തിലും ചിറയിൻകീഴ് ലോക്സഭാ മണ്ഡലത്തിലും മത്സരിച്ചിട്ടുള്ള ബിന്ദുകൃഷ്ണക്ക് ഇതുവരെ ജയിക്കാൻ കഴിഞ്ഞിട്ടില്ല. കനകോലുവിന്റെ റിപ്പോർട്ടിനെ കാര്യമാക്കാതെ ബിന്ദുകൃഷ്ണ ഇപ്പോഴും മത്സരിക്കാൻ തയ്യാറായിത്തന്നെയാണ് നിൽക്കുന്നത്. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ നയിക്കുന്ന പുതുയുഗപിറവി യാത്രയുടെ സമാപനത്തിനു മുമ്പ് കോൺഗ്രസിന്റെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൊല്ലം സീറ്റിൽ അവസാന നിമിഷം ബിന്ദുകൃഷ്ണയെ മാറ്റാൻ തീരുമാനിച്ചാൽ പകരം സ്ഥാനാർത്ഥിയാകാനുള്ള സാദ്ധ്യത കെ.പി.സി.സി ജനറൽ സെക്രട്ടറി കൂടിയായ സൂരജ് രവിയ്ക്കാകും.
കൊല്ലം സീറ്റിൽ ജയസാദ്ധ്യതയുള്ള എൽ.ഡി.എഫ് സ്ഥാനാർത്ഥിക്കായി സി.പി.എമ്മും നെട്ടോട്ടത്തിലാണ്. കോൺഗ്രസ് സ്ഥാനാർത്ഥി ബിന്ദുകൃഷ്ണയാകുമെന്ന നിഗമനത്തിൽ പുതുമുഖമായ ഒരു വനിതാ സ്ഥാനാർത്ഥിയെ രംഗത്തിറക്കാൻ സി.പി.എം ശ്രമം തുടങ്ങിയിട്ടുണ്ട്. കൊല്ലം എസ്.എൻ കോളേജിൽ നിന്ന് പ്രിൻസിപ്പലായി വിരമിച്ച അദ്ധ്യാപികയെ സി.പി.എം ജില്ലാ നേതൃത്വം സമീപിച്ചെങ്കിലും താത്പര്യമില്ലെന്ന് അറിയിച്ചതായാണ് അവർ പറയുന്നത്. സി.പി.എം മുൻ ജില്ലാ സെക്രട്ടറി എസ്.സുദേവന്റെ ബന്ധു കൂടിയായ അദ്ധ്യാപികയെത്തന്നെ ഒടുവിൽ സ്ഥാനാർത്ഥിയാക്കുമെന്ന് കേൾക്കുന്നുണ്ടെങ്കിലും അവർ തയ്യാറായില്ലെങ്കിൽ പുറത്തുനിന്നുള്ള മറ്റു ചില പേരുകളും കേൾക്കുന്നുണ്ട്. വി.എസ്. അച്യുതാനന്ദന്റെ മകൻ അരുൺകുമാറാണ് പരിഗണനയിലുള്ള മറ്റൊരാൾ.
തദ്ദേശം ആവർത്തിക്കില്ല ?
തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഫലം വിശകലനം ചെയ്യുമ്പോൾ കൊല്ലം ജില്ലയിൽ യു.ഡി.എഫിന് മുൻതൂക്കമുള്ള 7 മണ്ഡലങ്ങളാണുള്ളത്. 2021 ൽ 11 സീറ്റിൽ 9 ഇടത്തും എൽ.ഡി.എഫാണ് വിജയിച്ചത്. കരുനാഗപ്പള്ളിയിലും കുണ്ടറയിലും മാത്രമാണ് യു.ഡി.എഫിനുള്ളത്. തദ്ദേശ തിരഞ്ഞെടുപ്പിൽ പല മണ്ഡലങ്ങളിലും ഇരു മുന്നണി സ്ഥാനാർത്ഥികൾക്കും ലഭിച്ച വോട്ടുകളുടെ വ്യത്യാസം 200 നും 600 നും മദ്ധ്യേയാണ്. തദ്ദേശ, നിയമസഭാ തിരഞ്ഞടുപ്പുകളിൽ സംസ്ഥാനത്ത് യു.ഡി.എഫ് അനുകൂല തരംഗം ഉണ്ടാകുമ്പോഴും ഇടതിനൊപ്പം നിൽക്കുന്ന ജില്ലയാണ് കൊല്ലം. എന്നാൽ ഇക്കുറി തദ്ദേശ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ യു.ഡി.എഫ് അനുകൂല തരംഗത്തിനൊപ്പം കൊല്ലവും ചേർന്നതാണ് എൽ.ഡി.എഫിന്റെ ചങ്കിടിപ്പിക്കുന്നത്. എന്നാൽ കനകോലുവിന്റെ റിപ്പോർട്ട് പ്രകാരം കൊല്ലം ജില്ലയിൽ കോൺഗ്രസിന് 100 ശതമാനം വിജയസാദ്ധ്യത കൽപ്പിക്കുന്ന മണ്ഡലം കരുനാഗപ്പള്ളി മാത്രമാണ്. അവിടെ സി.ആർ മഹേഷ് വീണ്ടും നല്ല ഭൂരിപക്ഷത്തിൽ തിരഞ്ഞെടുക്കപ്പെടുമെന്നാണ് വിലയിരുത്തൽ.
പി.സി. വിഷ്ണുനാഥ് പോലും കുണ്ടറയിൽ രണ്ടാമൂഴത്തിന് ഏറെ ക്ളേശിക്കേണ്ടി വരും. കൊല്ലം ജില്ലയിൽ നിലവിലെ 2 സീറ്റിൽ നിന്ന് എത്ര സീറ്റ് വർദ്ധിപ്പിക്കാനാകും യു.ഡി.എഫിന് കഴിയുക എന്നതിനെ ആശ്രയിച്ചാകും സംസ്ഥാനത്ത് യു.ഡി.എഫിന് ഭരണം ലഭിക്കുകയെന്നത്. മൂന്നാമതും തുടർഭരണം വരുമെന്ന് എൽ.ഡി.എഫ് പ്രതീക്ഷിക്കുമ്പോഴും കടുത്ത ഭരണവിരുദ്ധ വികാരവും ശബരിമലയിലെ സ്വർണക്കൊള്ള വിവാദവും അവർക്ക് തിരിച്ചടിയാകുമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ്. എന്നാൽ തിരഞ്ഞെടുപ്പ് ഘട്ടമെത്തുന്നതോടെ ചിത്രം മാറിമറിയുമെന്നാണ് എൽ.ഡി.എഫ് കേന്ദ്രങ്ങൾ പ്രതീക്ഷയർപ്പിക്കുന്നത്.
ധനമന്ത്രി വിയർക്കും
കൊട്ടാരക്കരയാകും ഇക്കുറി സംസ്ഥാനം ഏറെ ഉറ്റുനോക്കുന്ന മത്സരവേദിയാകുന്ന സ്ഥലങ്ങളിലൊന്ന്. സംസ്ഥാന ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാൽ ഇവിടെ വീണ്ടും മത്സരിക്കുമ്പോൾ യു.ഡി.എഫ് സ്ഥാനാർത്ഥിയാകാൻ സാദ്ധ്യത കൽപ്പിക്കപ്പെടുന്നത് ബാലഗോപാലിന്റെ മുൻ സഹപ്രവർത്തകയും മുൻ എം.എൽ.എ യുമായ പി.ഐഷാപോറ്റിയാകും എന്നത് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. തുടർച്ചയായി മൂന്ന് തവണ കൊട്ടാരക്കരയിൽ എം.എൽ.എ ആയിരുന്ന ഐഷാ പോറ്റി സി.പി.എമ്മിൽ നിന്നുണ്ടായ കടുത്ത അവഗണന തുറന്നു പറഞ്ഞ് അടുത്തിടെ കോൺഗ്രസിൽ ചേർന്നിരുന്നു. സൗമ്യ സാന്നിദ്ധ്യവും കൊട്ടാരക്കരയിൽ ഏറെ ജനസമ്മതിയുമുള്ള നേതാവായ ഐഷാപോറ്റിയോട് മത്സരിക്കേണ്ടി വന്നാൽ ബാലഗോപാൽ നന്നായി വിയർക്കുമെന്നാണ് വിലയിരുത്തുന്നത്.
തൊട്ടടുത്ത മണ്ഡലമായ പത്തനാപുരത്തുംയു.ഡി.എഫിന് അനായാസജയം അത്ര എളുപ്പമാകില്ല. മന്ത്രി കെ.ബി. ഗണേശ്കുമാർ ഇവിടെ വീണ്ടും എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിക്കുമ്പോൾ എതിർക്കുന്നത് കോൺഗ്രസിലെ ജ്യോതികുമാർ ചാമക്കാലയാകും. 2021 ലും ജ്യോതികുമാറായിരുന്നു യു.ഡി.എഫ് സ്ഥാനാർത്ഥി. അന്ന് 14,336 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഗണേശ്കുമാർ വിജയിച്ചത്. ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ പത്തനാപുരം ഗ്രാമപഞ്ചായത്ത് ഭരണം വർഷങ്ങൾക്ക് ശേഷം യു.ഡി.എഫ് പിടിച്ചെടുത്തെങ്കിലും മണ്ഡലത്തിൽ എൽ.ഡി.എഫിന് യു.ഡി.എഫിനെക്കാൾ 1427 വോട്ട് കൂടുതൽ ലഭിച്ചിട്ടുണ്ട്.
പ്രതീക്ഷ ചാത്തന്നൂർ
കഴിഞ്ഞ മൂന്ന് തവണയായി ചാത്തന്നൂരിൽ വിജയിക്കുന്ന ജി.എസ്. ജയലാലിൽ നിന്ന് മണ്ഡലം തിരിച്ചുപിടിക്കാൻ കോൺഗ്രസ് കിണഞ്ഞ് ശ്രമിക്കുന്നുണ്ടെങ്കിലും ശക്തരായ സ്ഥാനാർത്ഥികളെ നിർത്താത്തതാണ് കോൺഗ്രസിന് വിനയായി മാറിയത്. മൂന്ന് തവണ പൂർത്തിയാക്കിയ ജയലാലിന് ഇക്കുറി സി.പി.ഐ സീറ്റ് നൽകാതിരിക്കാനാണ് സാദ്ധ്യത. അങ്ങനെയെങ്കിൽ സി.പി.ഐ യിൽ നിന്ന് ഒരു പുതുമുഖമാകും ഇവിടെ എൽ.ഡി.എഫ് സ്ഥാനാർത്ഥിയാകുക. ചടയമംഗലത്തു നിന്ന് മന്ത്രി ജെ. ചിഞ്ചുറാണിയെ ഇക്കുറി ചാത്തന്നൂരിൽ മത്സരിപ്പിച്ചേക്കുമെന്ന് കേൾക്കുന്നുണ്ട്. കേരള ബാങ്ക് ഡയറക്ടറായ അഡ്വ. ജി. ലാലുവിനെ മത്സരിപ്പിക്കണമെന്ന ആവശ്യം പാർട്ടിയിൽ നിന്നുയരുന്നുണ്ട്. ചാത്തന്നൂരിൽ കോൺഗ്രസിന്റെ സ്ഥാനാർത്ഥി ആരാകുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. മുൻ തിരഞ്ഞെടുപ്പുകളിലെപ്പോലെ അവസാനനിമിഷം അപ്രതീക്ഷിത സ്ഥാനാർത്ഥിയെ ഇറക്കിയുള്ള പരീക്ഷണം ഇക്കുറി ഉണ്ടാകില്ലെന്നാണ് മണ്ഡലത്തിലെ കോൺഗ്രസുകാരുടെ പ്രതീക്ഷ. പരവൂർ എസ്.എൻ.വി ബാങ്ക് പ്രസിഡന്റും കോൺഗ്രസ് നേതാവുമായ നെടുങ്ങോലം രഘുവിനെ സ്ഥാനാർത്ഥിയാക്കിയാൽ മണ്ഡലം എൽ.ഡി.എഫിൽ നിന്ന് പിടിച്ചെടുക്കാനാകുമെന്നാണ് അവർ പറയുന്നത്. നിസ്വാർത്ഥ പ്രവർത്തകനും പൊതുസമ്മതനുമായ രഘുവിന്റെ പേര് 2021 ലും പ്രചരിച്ചെങ്കിലും അവസാനനിമിഷം എൻ. പീതാംബരകുറുപ്പാണ് സ്ഥാനാർത്ഥിയായി വന്നത്.
സംസ്ഥാനത്തെ പല പ്രമുഖ സഹകരണബാങ്കുകളും അഴിമതിയിലും ക്രമക്കേടിലും പെട്ട് ഇടപാടുകാരുടെ അന്തകനായി മാറുമ്പോഴും 650 കോടി രൂപയുടെ നിക്ഷേപവുമായി ഒരുവിധ ആരോപണങ്ങൾക്കും ഇടം കൊടുക്കാതെ പരവൂർ എസ്.എൻ.വി ബാങ്കിനെ മുന്നോട്ട് നയിക്കുന്ന സഹകാരി എന്ന പേരും നെടുങ്ങോലം രഘുവിന് മുതൽക്കൂട്ടാകുമെന്നാണ് കരുതുന്നത്. കൊല്ലം ജില്ലയിൽ ബി.ജെ.പി ക്ക് ജയസാദ്ധ്യതയുള്ള ഏക മണ്ഡലം കൂടിയാണ് ചാത്തന്നൂർ. കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിലും ഇവിടെ മത്സരിച്ച ബി.ജെ.പി മുൻ ജില്ലാ പ്രസിഡന്റും സംസ്ഥാന വക്താവുമായ ബി.ബി. ഗോപകുമാർ രണ്ടാം സ്ഥാനത്തെത്തിയിരുന്നു. ബി.ജെ.പി ഇക്കുറിയും ബി.ബി. ഗോപകുമാറിനെ സ്ഥാനാർത്ഥിയാക്കി സീറ്റ് പിടിച്ചെടുക്കാൻ കിണഞ്ഞ് പരിശ്രമിക്കുമെന്നുറപ്പാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |