ന്യൂഡൽഹി : ഒളിമ്പിക് യോഗ്യതാ ടൂർണമെന്റിൽ പങ്കെടുക്കാനുള്ള താരങ്ങളെ കണ്ടെത്താൻ സെലക്ഷൻ ട്രയൽസ് നടത്തണമെന്ന വനിതാ ബോക്സർ നിഖാത്ത് സരിന്റെ ആവശ്യത്തിൽ ഇടപെട്ട് കേന്ദ്ര കായിക മന്ത്രി കിരൺ റിജിജു. 51 കി.ഗ്രാം വിഭാഗത്തിൽ തന്നെ ഒഴിവാക്കി ലോക ചാമ്പ്യൻഷിപ്പിൽ വെങ്കലംനേടിയ എം.സി. മേരികോമിനെ ട്രയൽസ് കൂടാതെ ഉൾപ്പെടുത്താനുള്ള ബോക്സിംഗ് ഫെഡറേഷന്റെ നീക്കത്തിനെതിരെയാണ് നിഖാത്ത് സരീൻ മന്ത്രിക്ക് പരാതി നൽകിയിരുന്നത്.
രാജ്യത്തിന്റെയും ബോക്സിംഗിന്റെയും കായിക താരങ്ങളുടെയും ഉത്തമമായ നന്മയെക്കരുതി ശരിയായ തീരുമാനമെടുക്കണമെന്ന് മന്ത്രി ബോക്സിംഗ് ഫെഡറേഷനോട് ആവശ്യപ്പെട്ടു. ടീം സെലക്ഷനിൽ മന്ത്രി എന്ന നിലയിൽ താൻ ഇടപെടില്ലെന്നും റിജിജു വ്യക്തമാക്കിയിട്ടുണ്ട്.
''അതിന് ശാസ്ത്രി ഇപ്പോൾ എന്തു ചെയ്തു?''
കൊൽക്കത്ത : ഇന്ത്യൻ പരിശീലകൻ രവിശാസ്ത്രിയെക്കുറിച്ചുള്ള ചോദ്യത്തിന് ഉരുളയ്ക്ക് ഉപ്പേരിപോലെ മറുപടി നൽകി ബി.സി.സി.ഐ നിയുക്ത പ്രസിഡന്റ് സൗരവ് ഗാംഗുലി. രവിശാസ്ത്രിയെ ഇന്ത്യൻ കോച്ചാക്കുന്നിൽ കടുത്ത എതിർപ്പ് പ്രകടിപ്പിച്ച ആളാണ് ഗാംഗുലി. 2016ൽ ഗാംഗുലിയുൾപ്പെട്ട സമിതിയാണ് ശാസ്ത്രിയെത്തള്ളി അനിൽ കുംബ്ളെയെ കോച്ചാക്കിയത്. അതിന് ശേഷം ഇരുവരും അകൽച്ചയിലായിരുന്നു. ഈ സാഹചര്യത്തിൽ രവിശാസ്ത്രിയോട് സംസാരിച്ചുവോ എന്ന മാദ്ധ്യമ പ്രവർത്തകർ കൊൽക്കത്തയിൽ നടന്ന പത്ര സമ്മേളനത്തിൽ ചോദിച്ചപ്പോൾ ''എന്തിന്? അതിന് ശാസ്ത്രി ഇപ്പോൾ എന്ത് ചെയ്തു?'' എന്ന് മറു ചോദ്യം ഉന്നയിക്കുകയായിരുന്നു.
പ്രോ കബഡി ഫൈനൽ ഇന്ന്
ഏഴാം സീസൺ പ്രോ കബഡി ലീഗിന്റെ ഫൈനൽ ഇന്ന് അഹമ്മദാബാദിൽ നടക്കും.
ദബാംഗ് ഡൽഹിയും ബംഗാൾ വാരിയേഴ്സുമാണ് ഫൈനലിൽ ഏറ്റുമുട്ടുന്നത്.
ഇരു ടീമുകളും ആദ്യമായാണ് ഫൈനലിൽ കളിക്കുന്നത്.
ദബാംഗ് സെമിയിൽ നിലവിലെ ചാമ്പ്യൻമാരായ ബംഗളൂരു ബുൾസിനെയും വാരിയേഴ്സ് യു മുംബയെയുമാണ് കീഴടക്കിയത്.
ബ്രിട്ടനോട് സമനില വഴങ്ങി ഇന്ത്യ
ജോഹർ ബൊഹ്റു : സുൽത്താൻ ഒഫ് ജോഹർ കപ്പ് ഹോക്കി ടൂർണമെന്റിൽ ഫൈനൽ ബർത്ത് സ്വന്തമാക്കിക്കഴിഞ്ഞ ഇന്ത്യൻ ടീം ഇന്നലെ നടന്ന അവസാന ഗ്രൂപ്പ് രണ്ട് മത്സരത്തിൽ ബ്രിട്ടനോട് 3-3 ന് സമനിലയിൽ പിരിഞ്ഞു. രണ്ട് ഗോളിന് പിന്നിട്ടു നിന്നശേഷമാണ് ഇന്ത്യ സമനില പിടിച്ചത്. എന്ന് നടക്കുന്ന ഫൈനലിലും ഇന്ത്യയും ബ്രിട്ടനുമാണ് ഏറ്റുമുട്ടുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |