
ആറുദിവസം ഭക്ഷണം വിളമ്പി നേടിയത് 39 ലക്ഷം
കണ്ണൂർ: ഹാപ്പിനെസ് ഫെസ്റ്റിലെത്തിയവരുടെ വയറു നിറച്ച് കുടുംബശ്രീ നേടിയത് 39 ലക്ഷം രൂപ. പതിമൂന്നു മുതൽ 19 വരെയുള്ള ആറ് ദിവസങ്ങളിലായി 11 കുടുംബശ്രീ ഭക്ഷ്യയൂണിറ്റുകളും കേരളത്തിനു പുറത്തു നിന്നുള്ള നാല് കുടുംബശ്രീ എസ്.എച്ച്.ജി ഗ്രൂപ്പുകളുടെ ഭക്ഷ്യ യൂണിറ്റുകളുമാണ് ഹാപ്പിനെസ് ഫെസ്റ്റിൽ ഭക്ഷണം വിളമ്പി റെക്കോർഡ് നേട്ടത്തിലേക്ക് കണ്ണൂർ കുടുംബശ്രീ ജില്ലാ മിഷനെ നയിച്ചത്.
ഒഡിഷയിൽ നിന്നും ഗുപ്ത സോരിജി ഭക്ഷ്യ യൂണിറ്റ്, ഉത്തരാഘണ്ഡിൽ നിന്നും നോർത്ത് ഈസ്റ്റ് തനതു വിഭവങ്ങളുമായി പൂജ ഭക്ഷ്യ യൂണിറ്റ്, ആന്ധ്രാപ്രദേശിൽ നിന്നും പേടിന്ത്ലമ ഭക്ഷ്യ യൂണിറ്റ് എന്നിവയാണ് പുത്തൻ രുചികൾ പരിചയപ്പെടുത്തി ഹാപ്പിനെസ്സ് ഫെസ്റ്റിൽ എത്തിയവരുടെ ഇഷ്ടം നേടിയത്.വ്യത്യസ്തമായ പുത്തൻ രുചികൾ പരിചയപ്പെടുത്തുക മറ്റു സംസ്ഥാനങ്ങളിലെ കുടുംബശ്രീ എസ്.എച്ച്.ജി ഗ്രൂപ്പുകളുടെ പ്രവർത്തനം ശക്തമാക്കുക എന്ന ലക്ഷ്യത്തോട് കൂടിയാണ് എസ്.എച്ച്.ജി ഗ്രൂപ്പുകളിലെ ഭക്ഷ്യയൂണിറ്റുകളെ കുടുംബശ്രീ ജില്ലാ മിഷൻ ഫെസ്റ്റിൽ എത്തിച്ചത്.
ട്രെൻഡുണ്ട്, തനതുണ്ട്
300 ഓളം വിഭവങ്ങൾ
ഹൈദരാബാദി ബിരിയാണി,ചിക്കൻ ലോലിപൊപ്, ചിക്കൻ പഖോടാ,സുന്നി വുണ്ടാലു, പോത്തരെക്കുലു തുടങ്ങി പുതിയ ഭക്ഷണങ്ങൾ ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. തലശ്ശേരി ധം ബിരിയാണി, ചിക്കൻ നൂഡിൽസ്, ചിക്കൻ സുക്ക,നീർ ദോശ,തട്ട് ദോശ, പൈനാപ്പിൾ ചിക്കൻ, ഡ്രൈ ചിക്കൻ എന്നിവയും ആളുകളെ ആകർഷിച്ചു.ഇവയ്ക്ക് പുറമെ ഇളനീർ പാലട,ആപ്പിൾ പായസം, കുങ്കുമപ്പൂവ് പായസം, അത്തിപ്പഴം, മുളയരി പായസം തുടങ്ങിയ പായസങ്ങളും,നറുനീണ്ടി സർബത്ത്, ഹെൽത്തി ഡ്രൈ ഫ്രൂട്ട് ഷേക്ക് തുടങ്ങിയവ മൂന്നൂറോളം വിഭവങ്ങൾ ആണ് ഭക്ഷണ പ്രിയർക്കായ് കുടുംബശ്രീ ഒരുക്കിയത്. തദ്ദേശ ദിനാചാരണ പരിപാടിയിൽ ഭക്ഷണവിതരണത്തിലൂടെ ഒരു കോടിയുടെ അടുത്തുള്ള വരുമാനം കുടുംബശ്രീ നേടി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |