വിരുന്നെത്തിയത് മുപ്പതിലേറെ പക്ഷിവർഗം
കൊല്ലം: കരിക്കോട് ടി.കെ.എം കോളേജ് ഒഫ് ആർട്സ് ആൻഡ് സയൻസിലെ തണൽമരങ്ങളിൽ കിളിക്കൂടൊരുക്കി മുപ്പതിലേറെ പക്ഷിവർഗങ്ങൾ. 'ബേർഡ് കൗണ്ട് ഇന്ത്യ'യുടെയും കോളേജിലെ ഭൂമിത്രസേന ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തിൽ നടത്തിയ പക്ഷിനിരീക്ഷണത്തിലാണ് ഇത്രയേറെ പക്ഷികളെ കണ്ടെത്തിയത്. വിരുന്നെത്തിയ ഈ പക്ഷിക്കൂട്ടങ്ങൾക്ക് ക്യാമ്പസിലെ മരങ്ങളാണ് വീട്. ക്യാമ്പസ് കോമ്പൗണ്ടിലെ പ്രാണികളെയും പഴങ്ങളെയും കഴിച്ച് വിശപ്പകറ്റി യഥേഷ്ടം ഇവിടെ പാറിപ്പറന്ന് ഉല്ലസിക്കുകയാണ് ഇവ. കൂടാതെ ആകാശത്തിൽ ചക്കിപ്പരുന്തും കൃഷ്ണപ്പരുന്തും സദാസമയവും വട്ടംചുറ്റുന്നുണ്ട്. ഇവയ്ക്കും ക്യാമ്പസിലെ മരങ്ങളാണ് വീട്.
പക്ഷിനിരീക്ഷണത്തിന് കൊല്ലം ബേർഡിംഗ് ബറ്റാലിയൻ അംഗങ്ങളായ റെഹാന ആൽഫ, ടോണി ജോൺ, അധ്യാപകരായ ഡോ. മുംതാസ് യഹിയ, ഡോ. ജസിൻ റഹ്മാൻ, ഡോ. രോഹിണി കൃഷ്ണ, റസിയ സുൽത്താന, ദീപാ രാമചന്ദ്രൻ എന്നിവർ നേതൃത്വം നൽകി. സർവേയിൽ വിദ്യാർത്ഥികളായ മനു സുതൻ, നന്ദന രാജു, അൻസിയ, അനുജ, അധിനാൻ, ശ്രീജിത്ത്, യാസിർ, മഹിമ, ഫർഹാന, ഹുദ, തമന്ന, നെരൂദ, ആയിഷ, മേഘ, അഫ്‌ന, നിദ, ലാൽകൃഷ്ണ, ഹുസൈൻ എന്നിവർ പങ്കെടുത്തു.
കണ്ടെത്തിയ പക്ഷികൾ
മോതിരത്തത്ത, തുന്നാരൻ, മഞ്ഞത്തേൻകിളി, കൊക്കൻ തേൻകിളി, ഫ്ലെയിം ബാക്ക് മരംകൊത്തി, വലിയ വേലിത്തത്ത, കുയിൽ, ഓലേഞ്ഞാലി, ചിന്നക്കുട്ടുറുവൻ, മഞ്ഞക്കിളി, ഇത്തിക്കണ്ണിക്കുരുവി, നാട്ടുബുൾബുൾ, ആനറാഞ്ചി, വണ്ണാത്തിപ്പുള്ള്, അമ്പലപ്പ്രാവ്, ചെമ്പോത്ത്, മൈന, എമറാൾഡ് പ്രാവ് തുടങ്ങിയവ.
കരുതലിന്റെ കുടിനീര്
ക്യാമ്പസിൽ സുവോളജി വിഭാഗം പറവകൾക്കായി നീരുറവും ഫലവൃക്ഷങ്ങളും ഒരുക്കിയിട്ടുണ്ട്. പക്ഷികളെ കൂടാതെ ഇരുണ്ട നീല കടുവ ശലഭം, റോസ് ശലഭം, ആൻഡമാൻ സാധാരണ നീല ശലഭം, കിഴക്കൻ സാധാരണ നീല ശലഭം, സാധാരണ കുടിയേറ്റ ശലഭം, ബാരൺ ശലഭം, വലിയ എഗ്ഗ്‌ഫ്ലൈ ശലഭം, ക്വേക്കർ ശലഭം എന്നിവയെയും ക്യാമ്പസിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്.
ക്യാമ്പസിനും കിളികൾക്കും മറ്റ് ജീവജാലങ്ങൾക്കും ഉൾപ്പെടെ തണലേകാൻ ചെങ്കുന്തി, പ്ലാവ്, നാഗഗന്ധി, കരിയാലി അത്തി, ലൂവിക്ക, അമ്പഴം, നിത്യകല്യാണി, തേക്ക്, പൂവരശ് തുടങ്ങി 70-ൽ അധികം സ്പീഷീസിൽപ്പെട്ട വൃക്ഷങ്ങൾ പടർന്ന് പന്തലിച്ച് നിലകൊള്ളുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |