കൊല്ലം: തീവ്ര വോട്ടർ പട്ടിക പരിഷ്കരണം (എസ്.ഐ.ആർ) പൂർത്തിയായപ്പോൾ ജില്ലയിൽ മുമ്പുണ്ടായിരുന്ന വോട്ടർപട്ടികയിൽ നിന്ന് 67,856 പേർ പുറത്തായി. കരട് വോട്ടർപട്ടികയിൽ പേരില്ലാതിരുന്ന 92,786 പേർ പുതിയതായി അന്തിമ പട്ടികയിൽ ഉൾപ്പെട്ടു. എസ്.ഐ.ആർ ആദ്യ ഘട്ടം പൂർത്തിയായപ്പോൾ ജില്ലയിൽ പുറത്തായിരുന്ന 1.60 ലക്ഷം പേരിൽ 87,979 പേർ പിന്നീട് പട്ടികയിൽ പേര് ചേർത്തു. ജില്ലയിലെ 1.53 ലക്ഷം പേർക്കും 2002ലെ എസ്.ഐ.ആർ പട്ടികയുമായി ബന്ധിപ്പിക്കാനുള്ള വിവരങ്ങൾ നൽകാൻ സാധിച്ചിരുന്നില്ല. ഇതിനു പുറമേ പട്ടികയിലെയും വിവരങ്ങളിലെയും പൊരുത്തക്കേടുകൾ ചൂണ്ടിക്കാണിച്ച് 98,945 ആളുകളെയും ഹിയറിങ്ങിന് വിളിച്ചിരുന്നു. ഇത്തരത്തിൽ ജില്ലയിൽ 2,52,872 പേരെ ഹിയറിംഗ് നടത്തിയതിൽ 2,48,976 വോട്ടർമാർ അന്തിമപട്ടികയിൽ ഉൾപ്പെട്ടു. 3,746 പേരെ മരണം, ഇരട്ടിപ്പ്,വിദേശ പൗരത്വം തുടങ്ങിയ കാരണങ്ങൾ കൊണ്ട് അയോഗ്യരാക്കി.
10,84,207 സ്ത്രീകളും 9,92,443 പുരുഷന്മാരും 21 ട്രാൻസ്ജെൻഡേഴ്സും അടക്കം 20,76,671 പേരാണ് പുതിയ പട്ടികയിലുള്ളത്. കഴിഞ്ഞ ഒക്ടോബറിൽ വോട്ടർപട്ടിക മരവിപ്പിക്കുമ്പോൾ 21,44,527 വോട്ടർമാരാണ് ജില്ലയിലുണ്ടായിരുന്നത്. ഇതിൽ നിന്ന് 67,856 പേരാണ് ഇപ്പോൾ ഇല്ലാതായിരിക്കുന്നത്. ജില്ലയിൽ പുതിയതായി വോട്ട് ചേർക്കാൻ അപേക്ഷ നൽകിയ 96,432 പേരിൽ 8,445 പേരുടെ അപേക്ഷയും തള്ളി.അതേ സമയം ജില്ലയിലെ പുതിയ വോട്ടർമാരുടെ എണ്ണം 87,979 ആണ്. 18 വയസ്സ് പൂർത്തിയായ പുതിയ വോട്ടർമാർ ജില്ലയിൽ 24,850 മാത്രമാണ്. ജില്ലയിലെ വോട്ടർ പട്ടികയിൽ 16,079 പേർ 85 വയസിന് മുകളിലുള്ളവരും 18,886 പേർ ഭിന്നശേഷിക്കാരുമാണ്. 6876 ആണ് ജില്ലയിലെ പ്രവാസി വോട്ടർമാരുടെ എണ്ണം.
അപ്പീലിന് അവസരം
എസ്.ഐ.ആർ ഹിയറിംഗിൽ അയോഗ്യരായ വോട്ടർമാർക്കും പരാതിയുള്ളവർക്കും വോട്ടർപട്ടിക പ്രസിദ്ധീകരിച്ചോ ഉത്തരവ് ലഭിച്ചോ 15 ദിവസത്തിനകം ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് ഒന്നാം അപ്പീൽ സമർപ്പിക്കാം. 30 ദിവസത്തിനകം ചീഫ് ഇലക്ടറൽ ഓഫിസർക്ക് രണ്ടാം അപ്പീൽ സമർപ്പിക്കാം.
അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചെങ്കിലും നിയമസഭാ തിരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രികകൾ സമർപ്പിക്കുന്ന ദിവസം വരെ വോട്ടറായി പേര് ചേർക്കാൻ അവസരമുണ്ടാകും. ഇവർ 2026 ലെ എസ്.ഐ.ആർ പട്ടികയിൽ ഉൾപ്പെടില്ല.
ഒരു ബൂത്തിലെ വോട്ടർമാരുടെ എണ്ണം പരമാവധി 1,200 ആക്കി മാറ്റുന്നതോടെ ജില്ലയിൽ 299 ബൂത്തുകൾ വർധിക്കും.
നിലവിൽ 1,957 ബൂത്തുകളാണ് ജില്ലയിലുള്ളത്. പുതുതായി വരുന്ന 299 ബൂത്തുകളിൽ 259 ബൂത്തുകൾ നിലവിൽ ബൂത്തുകളുള്ള ഇടങ്ങളിൽ ഒരു ബൂത്ത് കൂടി കൂടുന്ന വിധത്തിലാണ്.
40 ഇടങ്ങളിൽ പുതുതായി ബൂത്തുകൾ വരും. രാഷ്ട്രീയ പാർട്ടികളോട് കൂടി ആലോചിച്ചാണ് ഇതിൽ അന്തിമ തീരുമാനമെടുക്കുക.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |