
ശ്രീനഗർ: ജമ്മു കാശ്മീരിലെ കിഷ്ത്വാറിൽ നടന്ന ഓപ്പറേഷനിൽ ജെയ്ഷെ കമാൻഡറുൾപ്പെടെ മൂന്ന് ഭീകരരെ സുരക്ഷാസേന വധിച്ചു.
പാക് ഭീകര സംഘടനയായ ജെയ്ഷേ മുഹമ്മദിന്റെ ഉന്നത കമാൻഡർ സൈഫുള്ള ബലൂചിനെയാണ് വധിച്ചത്. ഇയാളുടെ തലയ്ക്ക് അഞ്ച് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ചത്രൂ മേഖലയിലുള്ള വനത്തിൽ ഭീകരരുടെ സാന്നിദ്ധ്യമുണ്ടെന്ന രഹസ്യ വിവരത്തെത്തുടർന്നാണ് ഓപ്പറേഷൻ ട്രാഷി-1 എന്ന പേരിൽ പൊലീസും സൈന്യവും തെരച്ചിൽ നടത്തിയത്. ഇന്നലെ രാവിലെ 11നായിരുന്നു ഏറ്റുമുട്ടൽ തുടങ്ങിയത്. ഭീകരർ സേനയ്ക്ക് നേരെ വെടിയുതിർക്കുകയും സൈന്യം ശക്തമായി തിരിച്ചടിക്കുകയുമായിരുന്നു. പ്രദേശത്തുനിന്ന് രണ്ട് എ.കെ 47 റൈഫിളുകൾ ഉൾപ്പെടെയുള്ള ആയുധങ്ങൾ കണ്ടെടുത്തു. കഴിഞ്ഞ മാസം ചത്രൂ വനമേഖലയിൽ ഭീകരരും സുരക്ഷാ സേനയും തമ്മിൽ നിരവധി ഏറ്റുമുട്ടലുകളുണ്ടായിരുന്നു. പ്രദേശം സൈന്യം വളഞ്ഞിരിക്കുകയാണ്.
ലഷ്കറേ ബന്ധം: എട്ടുപേർ അറസ്റ്റിൽ
ന്യൂഡൽഹി: ചെങ്കോട്ടയിലടക്കം രാജ്യത്തെ വിവിധയിടങ്ങളിൽ ഭീകരാക്രമണത്തിന് ലഷ്കറേ ത്വയ്ബ പദ്ധതിയിടുന്നുവെന്ന രഹസ്യാന്വേഷണ റിപ്പോർട്ടിനിടെ എട്ടുപേരെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. ലഷ്കറേ ബന്ധമുണ്ടെന്ന് സംശയിക്കുന്ന ആറു പേർ തമിഴ്നാട്ടിലും, രണ്ടുപേർ പശ്ചിമബംഗാളിലുമാണ് പിടിയിലായത്.
തമിഴ്നാട് തിരുപ്പൂരിലെ വസ്ത്രനിർമ്മാണ ഫാക്ടറികളിൽ നിന്നാണ് മിസാനൂർ റഹ്മാൻ, മുഹമ്മദ് ഷാബത്ത്, ഉമർ, മുഹമ്മദ് ലിതാൻ, മുഹമ്മദ് ഷാഹിദ്, മുഹമ്മദ് ഉജ്ജൽ എന്നിവരെ പിടികൂടിയത്. പിടിയിലായവരിൽ ചിലർ ബംഗ്ലാദേശ് പൗരന്മാരാണെന്നും സംശയമുണ്ട്. ഇവരുടെ ആധാർ കാർഡ് വ്യാജമാണോയെന്നും പരിശോധിക്കുന്നുണ്ട്. തമിഴ്നാട്, പശ്ചിമബംഗാൾ പൊലീസിന്റെയും വിവിധ ഏജൻസികളുടെയും ഏകോപനത്തോടെയായിരുന്നു അറസ്റ്റ്.
പാക് ചാരസംഘടനയായ ഐ.എസ്.ഐയുടെയും ബംഗ്ളാദേശിലെ ഭീകരഗ്രൂപ്പിന്റെയും ഒത്താശയോടെ സ്ഫോടന പദ്ധതി തയ്യാറാക്കിയെന്നാണ് സൂചന. എട്ടു മൊബൈൽ ഫോണുകളും 16 സിം കാർഡുകളും പിടിച്ചെടുത്തു. ഡൽഹിയടക്കമുള്ള നഗരങ്ങളുടെ ദൃശ്യങ്ങളും ഇവരിൽ നിന്ന് കണ്ടെത്തി. ഇവരുടെ സാമ്പത്തിക ഉറവിടത്തെ കുറിച്ചും അന്വേഷിക്കുന്നുണ്ട്.
നിർദ്ദേശങ്ങൾ ബംഗ്ലാദേശിൽ നിന്ന്
പാകിസ്ഥാനിൽ പരിശീലനം ലഭിച്ച ഭീകരൻ ബംഗ്ലാദേശിലിരുന്ന് ഭീകരാക്രമണത്തിനുള്ള നിർദ്ദേശങ്ങൾ നൽകുന്നുവെന്ന സൂചനകൾ ഏജസികൾക്ക് ലഭിച്ചു. ഇയാൾ കാശ്മീർ സ്വദേശിയാണെന്നാണ് നിഗമനം. അറസ്റ്റിലായവരിൽ നിന്ന് ഇതുസംബന്ധിച്ച നിർണായക വിവരം ഏജൻസികൾക്ക് ലഭിച്ചെന്നും അറിയുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |