SignIn
Kerala Kaumudi Online
Tuesday, 24 February 2026 8.34 AM IST

ഹൈക്കോടതി വിധി നടപ്പാക്കി കോർപറേഷൻ ഇനി കണ്ണൂരിന്റെ ചരിത്രത്തിൽ സൈറൺ മുഴക്കം

Increase Font Size Decrease Font Size Print Page
syrun

കണ്ണൂർ: ദശകങ്ങളായി കണ്ണൂർ നഗരജീവിതത്തിന്റെ ഭാഗമായിരുന്ന കോർപ്പറേഷൻ സൈറൺ ഹൈക്കോടതി വിധിയെ തുടർന്ന് ശാശ്വതമായി നിലച്ചു. ചീഫ് ജസ്റ്റിസ് സൗമേൻ സെൻ, ജസ്റ്റിസ് ശ്യാംകുമാർ വി.എം. എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് കഴിഞ്ഞ 19ന് പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം വെള്ളിയാഴ്ച വൈകിട്ടാണ് സൈറൺ അവസാന മുഴക്കി അവസാനിപ്പിച്ചത്.

തളാപ്പ് സ്വദേശി എം.പ്രശാന്തൻ നൽകിയ പൊതുതാൽപ്പര്യ ഹർജിയാണ് സൈറന്റെ അവസാനം കുറിക്കുന്നതിന് കാരണമായത്. ഹർജിക്കാരനു വേണ്ടി അഡ്വ.ആർ.കെ.ജയലക്ഷ്മിയും കേരള സ്റ്റേറ്റ് പൊല്യൂഷൻ കൺട്രോൾ ബോർഡിനു വേണ്ടി സ്റ്റാൻഡിംഗ് കൗൺസൽ ടി. നവീനും കണ്ണൂർ മുനിസിപ്പൽ കോർപ്പറേഷനു വേണ്ടി സ്റ്റാൻഡിംഗ് കൗൺസൽ എം.മീനാ ജോണും വാദങ്ങൾ അവതരിപ്പിച്ചു. എല്ലാ കക്ഷികളെയും കേട്ട ചീഫ് ജസ്റ്റിസ് സൗമേൻ സെൻ സൈറന്റെ ലക്ഷ്യം നഷ്ടപ്പെട്ടതിനാൽ പ്രവർത്തനം നിർത്താൻ ഉത്തരവിടുകയായിരുന്നു.

കേരള സ്റ്റേറ്റ് പൊല്യൂഷൻ കൺട്രോൾ ബോർഡിന്റെ സീനിയർ എൻവയോൺമെന്റൽ എൻജിനിയർ 2025 ആഗസ്റ്റ് 11ന് സൈറൺ ശബ്ദം അനുവദനീയ പരിധിക്ക് അപ്പുറമാണെന്ന് കണ്ടെത്തി റിപ്പോർട്ട് നൽകിയിരുന്നു. തുടർന്ന് 2025 സെപ്റ്റംബർ 9ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ കണ്ണൂർ ജില്ലാ കളക്ടർ സൈറൺ നിയന്ത്രിക്കുകയോ നീക്കം ചെയ്യുകയോ വേണമെന്ന് ഉത്തരവിട്ടു. ഇതിനെ തുടർന്നാണ് ഹർജിക്കാരൻ ആർ.ടി.ഐ. മുഖേന വിവരങ്ങൾ ശേഖരിച്ച് ഹൈക്കോടതിയെ സമീപിച്ചത്.


കോർപറേഷന് എതിർപ്പുണ്ട്; അപ്പീൽ പോകാനില്ല
കളക്ടറുടെ ഉത്തരവ് കോർപ്പറേഷൻ കൗൺസിൽ യോഗത്തിൽ വലിയ ബഹളത്തിനിടയാക്കിയിരുന്നു. ഇത് അധികാര ദുർവിനിയോഗമാണെന്നായിരുന്നു അന്ന് മേയറായിരുന്ന മുസ്ലീഹ് മഠത്തിൽ കുറ്റപ്പെടുത്തിയത്. മുൻ മേയർ അഡ്വ.ടി.ഒ.മോഹനൻ കളക്ടറെ കടുത്ത ഭാഷയിൽ പരിഹസിക്കുകയും ചെയ്തു. ചരിത്രപ്രാധാന്യമുള്ള സൈറൺ ഇല്ലാതാക്കാൻ കളക്ടർ ഇല്ലാത്ത അധികാരം പ്രയോഗിക്കുകയാണെന്ന് അന്ന് ഡെപ്യൂട്ടി മേയറായിരുന്നു ഇപ്പോഴത്തെ മേയർ അഡ്വ.പി.ഇന്ദിരയും വിമർശിച്ചിരുന്നു. ശബ്ദ തീവ്രത കുറച്ച് പ്രശ്നം പരിഹരിക്കാമെന്ന് അടിയന്തര കൗൺസിൽ നിലപാടെടുത്തെങ്കിലും കോടതി ഉത്തരവോടെ ആ സാദ്ധ്യതയും അടഞ്ഞു. സൈറൺ വിഷയത്തിൽ അപ്പീൽ നൽകേണ്ടതില്ലെന്നാണ് കോർപ്പറേഷന്റെ തീരുമാനവും.കോർപ്പറേഷൻ ഓഫീസിനോട് ചേർന്നാണ് ഡി.ഐ.ജി, സിറ്റി പൊലീസ് കമ്മിഷണർ, കളക്ടർ എന്നിവരുടെ ക്യാംപ് ഓഫിസുകൾ.ഇതാണ് ശബ്ദ പ്രശ്നം ഉയർന്നുവന്നതിന് പിന്നിലെന്നാണ് പറയപ്പെടുന്നത്.

ഇന്ത്യാ-പാക് യുദ്ധകാലത്തെ ഓർമ്മ

1965ൽ ഇന്ത്യാ-പാക്കിസ്ഥാൻ യുദ്ധകാലത്ത് പ്രദേശത്തെ താമസക്കാർക്ക് മുന്നറിയിപ്പ് നൽകാനാണ് കണ്ണൂരിൽ സൈറൺ മുഴക്കാൻ തുടങ്ങിയത്. രാവിലെയും വൈകീട്ടും ആറുമണിക്കും ഉച്ചയ്ക്ക് ഒരു മണിക്കുമാണ് സൈറൺ മുഴങ്ങിയിരുന്നത്. സമയം ഡിജിറ്റലും സ്മാർട്ടുമായിട്ടും സൈറൺ തുടരുകയായിരുന്നു

TAGS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.