SignIn
Kerala Kaumudi Online
Thursday, 26 February 2026 3.52 AM IST

ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സ്റ്റിയിൽ ഗുരുദർശന കോഴ്സ്, ഗുരുദർശനത്തിന്റെ വാനവും അളന്നു തീരാത്ത ആഴവും

Increase Font Size Decrease Font Size Print Page
d

ശ്രീനാരായണ ഗുരുദേവന്റെ ജീവിതവും ദർശനവും നവോത്ഥാന പ്രവർത്തനങ്ങളുമെല്ലാം ഭാഗികമായി സംസ്ഥാനത്തെ സ്കൂൾ പാഠ്യപദ്ധതിയിൽ ഇതിനകം ഉൾപ്പെടുത്തപ്പെട്ടിട്ടുണ്ട്. മാനവിക വിഷയങ്ങളിൽ,​ ​ സംസ്ഥാനത്തെ നവോത്ഥാന പ്രസ്ഥാനങ്ങളുടെ ചരിത്രത്തിൽ ഗുരുവിന്റെ പ്രവർത്തനങ്ങളും ചില സർവകലാശാലകൾ അവയുടെ പാഠ്യപദ്ധതിയിൽ ചേർത്തിട്ടുണ്ട്. എന്നാൽ,​ ഈ ചെറിയ പാഠഭാഗങ്ങൾ മഹാഗുരുവിന്റെ മഹത്തായ ദർശനത്തിന്റെയും ആശയങ്ങളുടെയും ആഴങ്ങളിലേക്കു കടക്കുന്നതല്ല. നവോത്ഥാന നായകനായ ഗുരുവിനെ ആത്മീയാചാര്യനും ഒരു സന്യാസിയായും മാത്രം ചുരുക്കുകയാണ് ഈ സിലബസിലെല്ലാം ചെയ്തിരിക്കുന്നത്.

ഈ കുറവ് പരിഹരിക്കാനാണ് ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റി ഗുരുവിന്റെ തത്വശാസ്ത്രം സംബന്ധിച്ച ഒരു ഡിപ്ലോമാ കോഴ്സ് ആരംഭിക്കാൻ തീരുമാനിച്ചിട്ടുള്ളത്. ഒരു വർഷത്തെ ഈ ഡിപ്ലോമ കോഴ്സ് ഈ അദ്ധ്യയന വർഷംതന്നെ തുടങ്ങാനാണ് തീരുമാനം. ഗുരുവിന്റെ സാമൂഹികവും സാംസ്കാരികവും തത്വശാസ്ത്രപരവും മതപരവുമായ ദർശനത്തെ സംബന്ധിച്ച വിപുലമായ പഠനമാണ് ഈ ഡിപ്ലോമ കോഴ്സിന്റെ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഗുരുവിനു മുമ്പുള്ള,​ സംസ്ഥാനത്തെ സാമൂഹികവും രാഷ്ട്രീയവുമായ സ്ഥിതിയും, ഗുരുവിനു ശേഷം സംഭവിച്ച സാമൂഹികവും സാംസ്കാരികവുമായ വലിയ മാറ്റങ്ങളും പഠനവിഷയമാണ്. ഗുരുവിന്റെ രചനകളെ സംബന്ധിച്ചുള്ള വിശദമായ പഠനമാണ് കോഴ്സിന്റെ സിലബസിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. മതങ്ങളെ സംബന്ധിച്ച സൈദ്ധാന്തിക ദർശനവും പഠന വിഷയമാണ്.

ഗുരുദേവനെ ഒരു പ്രത്യേക സമുദായത്തിന്റെ ആചാര്യനായി പരിഗണിക്കുന്നവരുമുണ്ട്. എന്നാൽ,​ സ്വാമിയുടെ ജീവിതകാലത്ത് കേരളത്തിന്റെ ഒട്ടാകെയുള്ള പുരോഗതിക്ക് അദ്ദേഹം സ്വീകരിച്ച പ്രവർത്തന മാർഗം ഏറ്റവും പുരോഗമനാത്മകമായിരുന്നുവെന്നു കാണാം. പടിപടിയായി വളർന്നുവരുന്ന കേരളത്തിലെ ജനാധിപത്യ പ്രസ്ഥാനത്തിന്റെ ഒന്നാം ഘട്ടത്തെയാണ് സ്വാമിയും അദ്ദേഹം നയിച്ച പ്രസ്ഥാനവും പ്രതിനിധീകരിക്കുന്നത്. ആ നിലയിൽ ആ കാലഘട്ടത്തിലെ കേരളീയ സമുദായത്തിന്റെ ഏറ്റവും സമുന്നതനായ നേതാവാണ് ശ്രീനാരായണ ഗുരുവെന്ന് നിസംശയം പറയാം. ജാതിക്കെതിരെ സ്വാമി നടത്തിയ സമരം ഫ്യൂഡലിസത്തിന്റെ ഏറ്റവും പ്രകടമായ രൂപത്തിനെതിരായ സമരമായിരുന്നു.

വിദ്യാഭ്യാസത്തിന് ഗുരുദേവൻ എന്നും വലിയ പ്രാധാന്യമാണ് നൽകിയിരുന്നത്. അദ്ദേഹം ഒരു ലേഖനത്തിൽ ഇപ്രകാരം പറയുന്നു: 'ഇന്ന് പിന്നാക്ക സമുദായങ്ങളിൽ ഉയർന്നതരം വിദ്യാഭ്യാസമുള്ളവർ വളരെ ചുരുക്കം പേർ മാത്രമേയുള്ളൂ. ഇപ്പോൾ ഏതാനും കൊല്ലങ്ങളായി ഈ സമുദായങ്ങൾക്ക് വിദ്യാഭ്യാസത്തിൽ അഭിരുചി ജനിച്ചു കാണുന്നുണ്ട്. ഇത് സന്തോഷകരം തന്നെ. വിദ്യാഭ്യാസം ഏതു സമുദായത്തെയും ഉന്നത മാർഗങ്ങളിലേക്ക് അയയ്ക്കുന്ന ഒന്നാകയാൽ നാം സമുദായ അഭിവൃദ്ധിയെ കാംക്ഷിക്കുന്നുണ്ടെങ്കിൽ വിദ്യാഭ്യാസത്തിന് നമ്മുടെ ഇടയിൽ ധാരാളം പ്രചാരമുണ്ടാക്കുവാൻ ശ്രമിക്കണം."

കേരളത്തിലെ എല്ലാത്തരം ജനങ്ങളുടെയും ജീവിതത്തിൽ ശ്രീനാരായണ ഗുരു നിരന്തരം പങ്കാളിയായിട്ടുണ്ടെന്ന് പി.കെ. ബാലകൃഷ്ണൻ ഒരു ലേഖനത്തിൽ എടുത്തു പറയുന്നുണ്ട്. 'കിടപ്പാടം നിഷേധിക്കാത്തിടങ്ങളിൽ കിടന്നും,​ കിട്ടിയത് തിന്നും അദ്ദേഹം സഞ്ചരിച്ചു. സ്നേഹമുള്ള മുക്കുവ കുടിലുകളിലും,​ ചെറുമരുടെ ചാളകളിലും മുസ്ലീം ഗൃഹങ്ങളുടെ പുറംതിണ്ണകളിലും അദ്ദേഹം നാൾ കഴിച്ചു. കിട്ടിയതെന്തും അദ്ദേഹം തിന്നു. ഇടപെട്ടവരെയെല്ലാം സ്നേഹിച്ചു. മനുഷ്യരെല്ലാം ഒരേ പോലെയാണെന്നും,​ ജാതിയുടെയും,​ മതത്തിന്റെയും പേരിലുള്ള തരംതിരിവുകളും വിഭാഗീകജീവിതവും നിര‍ർത്ഥകമാണെന്ന് അദ്ദേഹം തന്നെ രക്തം കൊണ്ടും ഹൃദയം കൊണ്ടും അറിഞ്ഞു. ഇതിനെല്ലാമിടയിലാണ് മനുഷ്യസ്നേഹം ഒരു പ്രവർത്തനസരണിയായി രൂപംകൊണ്ടത്. ആ തത്വവും ആ സരണിയുമാണ് നാരായണഗുരു"വെന്ന് പി.കെ. ബാലകൃഷ്ണൻ പറയുന്നു.

ശ്രീനാരായണ ഗുരു ഒരു യോഗിവര്യൻ മാത്രമല്ല. മനുഷ്യന്റെയും സമൂഹത്തിന്റെയും ഉന്നമനമായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. സ്വാർത്ഥത ലേശമില്ലാതെ എല്ലായ്പ്പോഴും മറ്റുള്ളവരുടെ ക്ഷേമത്തിനായി മാത്രം പ്രവർത്തിക്കുന്നവരാണ് കാരുണ്യമൂർത്തികളായ സത്യദർശികൾ എന്നാണ് ഗുരുവിന്റെ പക്ഷം. ഗുരു,​ അദ്ദേഹത്തിന്റെ സാമൂഹിക പരിഷ്കരണ പ്രവർത്തനത്തിന്റെ അവസാന നാളുകളിൽ,​ മതവും ജാതിയും ക്ഷേത്രവും പള്ളികളുമെല്ലാം മനുഷ്യസമൂഹത്തിന്റെ വികാസത്തിന് വിലങ്ങുതടിയാണെന്നാണ് കണ്ടിട്ടുള്ളത്. കണ്ണാടി പ്രതിഷ്ഠയും വിഗ്രഹ രഹിതമായ മറ്റു പ്രതിഷ്ഠകളുമെല്ലാം നടത്തിയാണ് ദൈവം സങ്കല്പത്തിൽ മാത്രമുള്ള ഒന്നാണെന്ന് ഈ യതിവര്യൻ വ്യക്തമാക്കിയത്.

ഇന്ന് ഒരു രാഷ്ട്ര ജനതയായി ഉയരാൻ വെമ്പൽകൊണ്ടു നിൽക്കുന്ന വളരുന്ന കേരളത്തിന്റെ പ്രവാചകനാണ് ശ്രീനാരായണ ഗുരു. പരശുരാമൻ ഐതിഹ്യത്തിൽ കേരളമെന്ന ദേശം സൃഷ്ടിച്ചെങ്കിലും കാലാന്തരത്തിൽ ചില അക്രമങ്ങളിൽ അത് ശിഥിലമായി. ആ ശൈഥില്യത്തിൽ നിന്ന് കേരളത്തിന്റെ വ്യക്തിത്വം വീണ്ടെടുക്കാനാണ് ശങ്കരാചാര്യർ ജാതി ഉറപ്പിച്ചത്. എന്നാൽ ജാതിയുടെ ഇറുകിയ കെട്ടുപാടുകൊണ്ട് കേരളം കെട്ടുനാറി. ആ ദുരവസ്ഥയിൽ നിന്ന് കേരളത്തെ വീണ്ടെടുക്കാനാണ് ശ്രീനാരായണഗുരു അവതരിച്ചത് - അതാണ് ഏക ജാതി സന്ദേശത്തിന്റെ പൊരുൾ.

ഇന്ത്യയിൽ ആദ്യമായാണ് ഒരു സർവകലാശാല ശ്രീനാരായണ ഗുരുവിന്റെ ദർശനം സംബന്ധിച്ച് ഗൗരവമായ നിലയിൽ ഒരു കോഴ്സ് ആരംഭിക്കുന്നത്. ഗുരുവിന്റെ ചരിത്രവും നവോത്ഥാന പ്രവർത്തനങ്ങളും അദ്ദേഹത്തിന്റെ വിലപ്പെട്ട കൃതികളെ സംബന്ധിച്ചുമെല്ലാം ഗഹനമായി പഠിക്കാൻ താത്പര്യമുള്ള വിദ്യാർത്ഥികൾക്കും രാജ്യത്തെ ശ്രീനാരായണീയർക്കുമെല്ലാം ഈ കോഴ്സ് വളരെ പ്രയോജനകരമായിരിക്കും എന്നതിൽ സംശയമില്ല.

(ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗമാണ് ലേഖകൻ. ഫോൺ : 98471 32428)​

TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.