SignIn
Kerala Kaumudi Online
Thursday, 26 February 2026 3.52 AM IST

രാജീവ് ചന്ദ്രശേഖറുമായി മുഖാമുഖം, 'മത്സരിക്കുന്നത് ജയിക്കാൻ തന്നെ'

Increase Font Size Decrease Font Size Print Page

rajeev-chandrasekhar-

rajeev-chandrasekhar

 ജാതിയും മതവും നോക്കി സ്ഥാനാർത്ഥികളെ നിർത്താറില്ല

 കോൺഗ്രസ് മുക്ത കേരളമല്ല, വേണ്ടത് അഴിമതിമുക്ത കേരളം
 ജമാ അത്തെ ഇസ്ലാമി മുസ്ലീമിനും അപകടം
 ബി.ജെ.പിയിൽ ഗ്രൂപ്പുണ്ട്, അത് മോദിജി ഗ്രൂപ്പ്
 ശശി തരൂരിനും സ്വാഗതം
 രണ്ടു മണ്ഡലത്തിൽ സുരേന്ദ്രൻ മത്സരിച്ചത് മിസ്റ്റേക്കായി

?​ നിയമസഭാ തിരഞ്ഞെടുപ്പിലെ പ്രതീക്ഷ.

 ജയിക്കാൻ വേണ്ടിയുള്ള മത്സരമാണ്, നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി നയിക്കുന്ന എൻ.ഡി.എ വെറും അക്കാഡമിക് മത്സരത്തിനല്ല, ജയിക്കാൻ വേണ്ടിയാണ് ഇറങ്ങുന്നത്. 140 സീറ്റുകളിലും എൻ.ഡി.എ സ്ഥാനാർത്ഥികൾ മത്സരിക്കും.

?​ ജയ പ്രതീക്ഷ എവിടെയൊക്കെ.

 തിരുവനന്തപുരം, ആലപ്പുഴ, തൃശ്ശൂർ, പാലക്കാട് തുടങ്ങി കേരളത്തിലെ എല്ലാ ജില്ലകളിലും എൻ.ഡി.എയ്ക്ക് ജയസാദ്ധ്യതയുണ്ട്. കഴിഞ്ഞ കുറേ കാലമായി കേരളം ഭരിച്ച എൽ.ഡി.എഫും യു.ഡി.എഫും നാടിനെ നശിപ്പിച്ചു. വികസനത്തിനു വേണ്ടി കേരളം ഒരു മാറ്റം ആഗ്രഹിക്കുന്നു. . അത് ജനം തീരുമാനിച്ചുകഴിഞ്ഞു.

?​ പ്രധാന എതിരാളി.

 ഇവിടെ എൽ.ഡി.എഫും യു.ഡി.എഫും ഒന്നല്ലേ! അവരെങ്ങനെയാണ് രണ്ടാകുന്നത്?​ രണ്ടുപേരും മാറിമാറി ഭരിച്ച് നശിപ്പിച്ചതല്ലേ കേരളം?​ പത്തുകൊല്ലം ഭരിച്ച ഇടതുപക്ഷം ഇവിടെ എന്തു ചെയ്തു?​


?​ സി.പി.എമ്മും ബി.ജെ.പിയും തമ്മിൽ അന്തർധാരയുണ്ടെന്നാണല്ലോ കോൺഗ്രസ് ആരോപണം.

 യഥാർത്ഥത്തിൽ ദേശീയതലത്തിൽ കോൺഗ്രസും ഇടതു പാർട്ടികളും 'ഇന്ത്യ" മുന്നണിയുടെ ഭാഗമാണ്. അവർ ഒറ്റ കക്ഷിയാണ്. എന്നിട്ട് ഞങ്ങൾക്കെതിരെ അന്തർധാര ആരോപണം ഉന്നയിക്കുന്നത് ജനങ്ങളെ കബളിപ്പിക്കാനാണ്. കഴിഞ്ഞ 10 വർഷം പ്രതിപക്ഷത്തിരുന്ന കോൺഗ്രസ് സഭയിൽ ജനങ്ങളുടെ പ്രശ്‌നങ്ങൾ ഉന്നയിക്കുന്നതിൽ പൂർണ പരാജയമല്ലേ?

സി.പി..എമ്മും ബി.ജെപിയും തമ്മിൽ രഹസ്യ ധാരണയുണ്ടെന്ന കോൺഗ്രസ് ആരോപണം വെറും സങ്കല്പം മാത്രമാണ്. ശബരിമല കൊള്ളനടന്നപ്പോൾ ഇവർ എന്താണ് ചെയ്തത്?​ ആരോഗ്യ മേഖലയും വിദ്യാഭ്യാസ മേഖലയും തകർന്നപ്പോൾ ഇവിടുത്തെ കോൺഗ്രസ് എന്തു ചെയ്തു?​ തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ മാത്രമുള്ള നാടകമാണ് കേരളത്തിൽ ഇരുമുന്നണികളും നടത്തുന്നത്. ബി.ജെ.പി ഇരുമുന്നണികളുമായും ഒരു സഹകരണത്തിനുമില്ല.

?​ യു.ഡി.എഫിന്റെ ജമാഅത്തെ ഇസ്‌ലാമി ബന്ധം അപകടമെന്ന് ബി.ജെ.പി പറയുന്നു...

 സാധാരണ മലയാളിയോട് ചോദിക്കൂ,​ ആരാണ് കോൺഗ്രസിനെ നിയന്ത്രിക്കുന്നതെന്ന് ?യു.ഡി.എഫ് അധികാരത്തിൽ വന്നാൽ ആരാവും ഭരണത്തെ നിയന്ത്രിക്കുക എന്നതിനുള്ള ഉത്തരം ജമാഅത്തെ ഇസ്‌ലാമി എന്നായിരിക്കും.അവരുടെ കാശാണ് ഇവരുടെ തിരഞ്ഞെടുപ്പ് ഫണ്ട്. അത് നാടിന് അപകടമാണ്. യു.ഡി.എഫിനെ നിയന്ത്രിക്കുന്നത് ജമാഅത്തെ ഇസ്‌ലാമിയാണ്. അവരുടെ ആശയങ്ങൾ ഭരണഘടനാ വിരുദ്ധമാണ്. അവരെ മെയിൻ സ്ട്രീമിലേക്ക് കൊണ്ടുവരരുത്. അത് നാടിന് അപകടമാണ്. ഹിന്ദൂസിനും ക്രിസ്ത്യനും മാത്രമല്ല,​ ഇസ്ലാമിനും അവർ അപകടമാണ്.

?​ കാന്തപുരം- മോദി സന്ദർശനത്തെക്കുറിച്ച്...

 ഇന്ത്യ എല്ലാവരുടെയും ഇന്ത്യയാണ്. കാന്തപുരത്തിന്റെ സന്ദർശനത്തിൽ എന്താണ് പ്രശ്‌നം?​ അതേസമയം,​ വർഗീയത പരത്തുന്നവരെ തുറന്ന് എതിർക്കും. ഒരു വിട്ടുവീഴ്ചയും ഉണ്ടാവില്ല.

?​ കേരളത്തിൽ ബി.ജെ.പിക്ക് മുസ്ലീം സ്ഥാനാർഥികളുണ്ടാകുമോ.

 മതവും സമുദായവും നോക്കിയല്ല സ്ഥാനാർഥികളെ നിർത്തുന്നത്. കഴിവുള്ളവർ എല്ലാകാലത്തും എൻ.ഡി.എയുടെ ഭാഗമാവും. അതിലൊന്ന്. ഇതിലൊന്ന് എന്ന ടോക്കണിസത്തിന് ഇല്ല.

?​ ഭരണത്തുടർച്ചയാണ് എൽ.എഡി.എഫ് മുന്നോട്ടു വയ്ക്കുന്നത്...

 അഴിമതി തുടരുമെന്നാണോ,​ അതോ സ്വർണക്കൊള്ള തുടരുമെന്നോ...


?​ കേന്ദ്ര ബഡ്ജറ്റിൽ കേരളത്തിന് ആമയും തേങ്ങയും മാത്രമേ ഉള്ളുവെന്നാണല്ലോ വിമർശനം.

 അത് വെറും നുണ പ്രചാരണമാണ്. കേന്ദ്ര ബഡ്ജറ്റിൽ കേരളത്തെ അവഗണിക്കുന്നു എന്ന ആരോപണം തെറ്റാണ്. വന്ദേ ഭാരത് ട്രെയിനുകൾ ഉൾപ്പെടെയുള്ള പദ്ധതികൾ കേരളത്തിലില്ലേ?​ കടം വാങ്ങിയിട്ട് അത് വികസന പ്രവർത്തനങ്ങൾക്ക് കൃത്യമായി ഉപയോഗിക്കുന്നില്ല. കേന്ദ്രം കേരളത്തെ അവഗണിക്കുന്നു എന്നത് പച്ചക്കള്ളമാണ്. 15-ാം ധനകാര്യ കമ്മിഷൻ നിർദ്ദേശിച്ച എല്ലാ ഫണ്ടും കേരളത്തിന് ലഭിക്കുന്നുണ്ട്. .കേന്ദ്ര ബഡ്ജറ്റ് വിഹിതം കൂടിയില്ലേ?​ എന്നാൽ കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്, ശമ്പളം കൊടുക്കാൻ പോലും പണമില്ലാത്ത അവസ്ഥയാണ് ഇവിടെ. പലിശ കൊടുക്കാനാണ് പണം വിനിയോഗിക്കുന്നത്. ഇന്ത്യയിൽ നരേന്ദ്ര മോദി സർക്കാർ കൊണ്ടുവന്ന വികസന മാതൃക കേരളത്തിലും നടപ്പിലാക്കാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്.

?​ ശശീ തരൂരിന് ബി.ജെ.പിയിലേക്ക് ക്ഷണമുണ്ടോ.

 ശശി തരൂർ ബി.ജെ.പിയിലേക്ക് വരാൻ താത്പര്യം പ്രകടിപ്പിച്ചാൽ സ്വാഗതം ചെയ്യും. മാത്രമല്ല,​ രാജ്യത്തിന്റെ വികസനത്തിനു വേണ്ടി പ്രവർത്തിക്കാൻ തയ്യാറുള്ള ആരെയും ബി.ജെ.പി സ്വീകരിക്കും.

?​ തിരുവനന്തപുരം കോർപ്പറേഷനിലെ വിജയം താങ്കളുടെ വിജയമല്ലേ...

 ഒരിക്കലുമില്ല. അത് കൂട്ടായ വിജയമാണ്. തിരുവനന്തപുരത്ത് ലോക് സഭയിൽ ചെറിയ വോട്ടിന് ഞാൻ പരാജയപ്പെട്ടപ്പോൾ കോർപറേഷൻ പിടിച്ചെടുക്കണമെന്നത് വ്യക്തിപരമായ ഒരു വാശിയായിരുന്നു. പക്ഷെ അതൊന്നും എന്റെ നേട്ടമല്ല. എല്ലാവരും ആത്മാർത്ഥമായി ഇറങ്ങിയപ്പോൾ ജയം കണ്ടു.

?​ മുൻകാല പ്രസിഡന്റിനെപ്പോലെ രണ്ടിടത്ത് മത്സരിക്കുന്നുണ്ടോ.

 ഒരിക്കലുമില്ല. മത്സരിക്കുന്നുണ്ടെങ്കിൽ അത് നേമത്തായിരിക്കും. കെ. സുരേന്ദ്രൻ എന്റെ അടുത്ത സുഹൃത്താണ്. പക്ഷെ അന്ന് മഞ്ചേശ്വരത്തു മാത്രം മത്സരിച്ചിരുന്നെങ്കിൽ ജയിക്കുമായിരുന്നു. അല്ലെങ്കിൽ കോന്നിയിൽ ജയിക്കുമായിരുന്നു. രണ്ടിടത്ത് മത്സരിച്ചത് മിസ്റ്റേയ്ക്കായിപ്പോയി.


?​ ബി.ജെ.പിയിൽ കേരളത്തിലെ നേതാക്കൾ വിവിധ ഗ്രൂപ്പുകളല്ലേ.

 ബി.ജെ.പിയിൽ ഗ്രൂപ്പിസം ഇല്ല. എനിക്കൊരിക്കലും അത് അനുഭവപ്പെട്ടിട്ടില്ല. പാർട്ടിക്കുള്ളിൽ ഒരൊറ്റ ഗ്രൂപ്പേ ഉള്ളൂ, അതിന്റെ പേര് നരേന്ദ്ര മോദിജി എന്നാണ്.

?​ കേരളത്തിൽ ആരാണ് പ്രതിപക്ഷം...?

 നിങ്ങൾപറയുന്നു,​ യു.ഡി.എഫ് ആണ് പ്രതിപക്ഷമെന്ന്. കഴിഞ്ഞ 10 വർഷം കേരളത്തിലെ പ്രതിപക്ഷം അവരുടെ ഉത്തരവാദിത്വം നിർവഹിക്കുന്നതിൽ പരാജയപ്പെട്ടു. സർക്കാരിന്റെ സാമ്പത്തിക കെടുകാര്യസ്ഥതയോ അഴിമതിയോ നിയമസഭയിൽ വേണ്ടവിധം ചർച്ചയാക്കാൻ അവർക്ക് കഴിഞ്ഞില്ല. പിന്നെ അവരാണ് പ്രതിപക്ഷം എന്നു പറയുന്നതിൽ എന്താണ് അർത്ഥം?​

?​ കേരള സ്റ്റോറി- 2 നെ ബി.ജെ.പി അനുകൂലിക്കുന്നുണ്ടോ.

 ഒരു സിനിമ കാണണോ വേണ്ടയോ എന്നത് ജനങ്ങളുടെ വ്യക്തിപരമായ തീരുമാനമാണ്. ക്രിയേറ്റീവ് സ്വാതന്ത്ര്യത്തെ തടയേണ്ടതില്ല. ഭരണഘടന ഉയർത്തിപ്പിടിക്കുന്നവർ എല്ലാ കാര്യത്തിലും ആ സമീപനം സ്വീകരിക്കണം. അല്ലാതെ തങ്ങൾക്കിഷ്ടമുള്ളിടത്ത് ഭരണഘടന; അല്ലാത്തിടത്ത് വേണ്ട എന്ന കാഴ്ചപ്പാടല്ല പുലർത്തേണ്ടത്. ഞാൻ വ്യക്തിപരമായി ഒരു സിനിമയെയും എൻഡോഴ്‌സ് ചെയ്യുന്നില്ല. അഭിപ്രായ സ്വാതന്ത്ര്യം എല്ലാവർക്കുമുണ്ട്. ഇഷ്ടമുള്ളവർക്ക് കാണാം,​ അല്ലാത്തവർ കാണേണ്ട. 'എമ്പുരാൻ" ബി.ജെ.പിക്ക് എതിരാണെന്ന അഭിപ്രായമുണ്ടായി. ഞാനത് കണ്ടിട്ടില്ല. കാണുന്നവർക്ക് കാണാം, കാണാത്തവർ കാണേണ്ട.

(അഭിമുഖത്തിന്റെ പൂർണരൂപം കാണാൻ ക്യൂ ആർ കോഡ് സ്കാൻ ചെയ്യുക )

TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.