
കേരളത്തിലെ ഫുട്ബാൾ പ്രേമികൾ ഹൃദയത്തോട് ചേർത്തുവച്ച ക്ളബാണ് കേരള ബ്ളാസ്റ്റേഴ്സ്. ഇതുവരെ കിരീടം നേടാനായിട്ടില്ലെങ്കിലും ബ്ളാസ്റ്റേഴ്സിന്റെ മഞ്ഞക്കുപ്പായമണിഞ്ഞ് ആർപ്പുവിളിക്കുന്ന ആരാധകർ മനസുനിറയ്ക്കുന്ന കാഴ്ചയാണ്. ആ ബ്ളാസ്റ്റേഴ്സിന് തങ്ങളുടെ ഹോം ഗ്രൗണ്ടായ കൊച്ചി കലൂർ സ്റ്റേഡിയത്തിൽ ഐ.എസ്.എൽ കളിക്കാൻ കഴിയുമോയെന്ന് ഉറപ്പില്ലാത്ത സാഹചര്യമാണ് സംജാതമായിരിക്കുന്നത്. സ്റ്റേഡിയം ഉടമകളായ ഗ്രേറ്റർ കൊച്ചിൻ ഡെവലപ്പ്മെന്റ് അതോറിറ്റി വാടകയിനത്തിൽ വരുത്തിയ വർദ്ധനവാണ് കാരണം.
ഓൾ ഇന്ത്യ ഫുട്ബാൾ ഫെഡറേഷനും സ്വകാര്യ കമ്പനിയായ എഫ്.ഡി.എസ്.എല്ലും തമ്മിലുള്ള തർക്കവും കോടതി വ്യവഹാരവുമൊക്കെയായി ഈ സീസണിൽ ഐ.എസ്.എൽ അഞ്ചുമാസമാണ് വൈകിയത്. കേന്ദ്ര കായിക മന്ത്രാലയത്തിന്റെ ഇടപെടലാണ്, സീസൺ മുടങ്ങാതിരിക്കാൻ ഫെഡറേഷൻ സ്വന്തം കയ്യിൽ നിന്ന് പണം മുടക്കി ലീഗ് നടത്താൻ വഴിയൊരുക്കിയത്.
ഏറെനാളത്തെ കാത്തിരിപ്പിനു ശേഷം ലീഗ് തുടങ്ങിയപ്പോഴാണ് ഗ്രൗണ്ട് വാടക ഇനത്തിൽ ബ്ളാസ്റ്റേഴ്സിനെ വെട്ടിലാക്കാൻ ജി.സി.ഡി.എ ശ്രമിക്കുന്നത്. വിളിച്ചുവരുത്തി ഇലയിട്ട ശേഷം ഊണില്ലെന്ന് പറയുന്നതുപോലെയാണ് ജി.സി.ഡി.എയുടെ വാടക കൂട്ടിച്ചോദിക്കൽ. ഈ സീസണിൽ കൊച്ചി വിട്ട് മറ്റൊരു സ്റ്റേഡിയംതേടിയ ബ്ളാസ്റ്റേഴ്സ്, കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയം ഏറെക്കുറെ ഉറപ്പിച്ചതാണ്. എന്നാൽ അവിടെ അറ്റകുറ്റപ്പണികൾ തീരാതെവന്നതിനാൽ മഞ്ചേരിയിലേക്ക് മാറാൻ ശ്രമിച്ചു. ആ ചർച്ചകൾ പുരോഗമിക്കുമ്പോഴാണ് ബ്ളാസ്റ്റേഴ്സ് കൊച്ചി വിട്ടു പോകരുത് എന്ന ആവശ്യവുമായി ജി.സി.ഡി.എ ബ്ളാസ്റ്റേഴ്സിനെ സമീപിക്കുന്നത്. പ്രതിദിന വാടക 8.4 ലക്ഷം രൂപയിൽ നിന്ന് രണ്ടുലക്ഷമാക്കി കുറയ്ക്കാമെന്ന് ജി.സി.ഡി.എ ചെയർമാൻ നൽകിയ വാഗ്ദാനം വിശ്വസിച്ച് തിരിച്ചുവന്ന ക്ളബിന് പക്ഷേ കളിയോടടുത്തപ്പോൾ പുളിയറിഞ്ഞു. വാടകകുറച്ചത് എക്സിക്യുട്ടീവ് കമ്മറ്റി അംഗീകരിച്ചില്ലെന്നും, ഒരു കളിക്ക് 4.25 ലക്ഷം വച്ച് വാടക നൽകണമെന്നും ജി.സി.ഡി.എ അറിയിച്ചു.
ബ്ലാസ്റ്റേഴ്‌സ് ക്വാഷൻ ഡെപ്പോസിറ്റായി നൽകിയ ഒരു കോടി രൂപയിൽ നിന്ന് സ്റ്റേഡിയത്തിനുണ്ടായ നഷ്ടം കണക്കാക്കി 28 ലക്ഷം രൂപ കുറച്ചിരുന്നു. ഈ 28 ലക്ഷം രൂപയും പുതുക്കിയ വാടകനിരക്കായ 4.25 ലക്ഷം വീതം ശേഷിക്കുന്ന എട്ട് മത്സരങ്ങളുടെ ആകെ തുകയായ 36.16 ലക്ഷം രൂപയും ഒന്നിച്ചടയ്ക്കണമെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് ജി.സി.ഡി.എ. ഇതിന് വഴങ്ങാനാവില്ലെന്ന തീരുമാനത്തിൽ ക്ളബും. ആദ്യ മത്സരത്തിനു മുമ്പ് സ്റ്റേഡിയത്തിലെ മീഡിയ റൂം പൂട്ടുകയും ടീമുടമകളെപ്പോലും ഇറക്കിവിടുകയും ചെയ്ത് നാണം കെടുത്തുകയുമുണ്ടായി. ചർച്ചകൾ പലകുറി നടന്നെങ്കിലും ഫലമുണ്ടായതുമില്ല. എം.എൽ.എ ഉമാ തോമസിന് അപകടമുണ്ടാക്കിയ നൃത്തസന്ധ്യ സ്റ്റേഡിയത്തിനുണ്ടാക്കിയ കേടുപാടുകൾ പോലും തങ്ങളുടെ തലയിൽ കെട്ടിവയ്ക്കുകയാണെന്ന് ബ്ളാസ്റ്റേഴ്സ് ഉടമകൾ പറയുന്നു. മെസിക്ക് വരാൻവേണ്ടി പുതുക്കിപ്പണിഞ്ഞവർ ഗാലറിയിലേക്ക് വെള്ളച്ചാട്ടംസൃഷ്ടിച്ചതും മാറ്റേണ്ടത് ബ്ളാസ്റ്റേഴ്സിന്റെ ചുമലിലായി. കഴിഞ്ഞ 11 കൊല്ലമായി കോടികളാണ് വാടകഇനത്തിൽ ബ്ളാസ്റ്റേഴ്സിൽനിന്ന് ജി.സി.ഡി.എയ്ക്ക് ലഭിച്ചത്!
ക്ളബും ഐ.എസ്.എല്ലും ഒരു പ്രതിസന്ധിഘട്ടത്തിൽ നിൽക്കുമ്പോൾ പണത്തിനായി ഇത്തരം നാടകങ്ങൾ നടത്തുന്നത് ശരിയല്ല. പശ്ചിമ ബംഗാൾപോലുള്ള സംസ്ഥാനങ്ങളിൽ ഫുട്ബാൾ സ്റ്റേഡിയങ്ങൾ ക്ളബുകൾക്ക് അമിത വാടകയില്ലാതെ ലഭിക്കുന്നതിന് സർക്കാർതന്നെ മുന്നിട്ടിറങ്ങിയിട്ടുണ്ട്. അതുകൊണ്ടാണ് അവിടങ്ങളിൽ ഫുട്ബാൾ വളരുന്നതും. കച്ചവടത്തിനും കലാപരിപാടികൾക്കും കൊടുത്ത് ജി.സി.ഡി.എ പോലുള്ള സ്ഥാപനങ്ങൾക്ക് കീശവീർപ്പിക്കാനുള്ളതല്ല സ്റ്റേഡിയങ്ങൾ. അത് കളിക്കാർക്കുള്ളതാണ്. പരിപാലനച്ചെലവുമാത്രം ഈടാക്കി സ്റ്റേഡിയങ്ങൾ മത്സരങ്ങൾക്ക് വിട്ടുകൊടുക്കാൻ സർക്കാർ തലത്തിൽ ഇടപെടലുണ്ടാകണം. അല്ലെങ്കിൽ, പുതുതായി പണിയുന്ന സ്റ്റേഡിയങ്ങളൊക്കെയും വിൽപ്പനച്ചരക്കുകളായി മാറും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |