SignIn
Kerala Kaumudi Online
Thursday, 26 February 2026 3.53 AM IST

കാലോചിതമായ തീരുമാനം

Increase Font Size Decrease Font Size Print Page

psc

എഴുപതുകളിലും എൺപതുകളിലും ചെറുപ്പക്കാരുടെ സ്വപ്നം സർക്കാർ ജോലിക്കപ്പുറം ഗൾഫിലേക്ക് പോകുക എന്നതായിരുന്നു. സർക്കാർ ജോലികളിൽ ശമ്പളം അന്ന് ഉന്നത ഉദ്യോഗസ്ഥന്മാർക്കുവരെ വളരെ തുച്ഛമായിരുന്നു. എന്നാൽ ഗൾഫിലും മറ്റും ചെറിയ ജോലിക്കു പോലും വലിയ ശമ്പളമായിരുന്നു. ഗൾഫിൽ ലേബറായി ജോലിചെയ്യുന്ന ആൾ പോലും നാട്ടിലെ സർക്കാർ ഉദ്യോഗസ്ഥന്റെ വീടിനേക്കാൾ വലിയ വീട് വയ്ക്കുന്ന കാലം അങ്ങനെയാണ് തുടങ്ങിയത്. സർക്കാർ ജോലിക്ക് ഇന്നുള്ള ആകർഷണീയത കൈവരുമെന്ന് അന്നൊന്നും ആരും സ്വപ്നത്തിൽപ്പോലും ചിന്തിച്ചിരുന്നില്ല. തൊണ്ണൂറുകൾക്കു ശേഷം,​ആഗോളവത്‌കരണത്തിന്റെ വരവോടെ ലോകക്രമങ്ങളും സാമ്പത്തിക സമവാക്യങ്ങളുമൊക്കെ അപ്പാടെ മാറിമറിഞ്ഞു. കോളേജ് അദ്ധ്യാപകന്റെ ശമ്പളം കേട്ടാൽ ഗൾഫുകാരൻ പോലും ഞെട്ടുന്ന സാഹചര്യമുണ്ടായി. സർക്കാർ ഉദ്യോഗസ്ഥരുടെ ശമ്പളം ഉയർന്ന അക്കങ്ങളിലെത്തി!

ഇന്നിപ്പോൾ നാട്ടിൽ ഒരു സർക്കാർ ജോലി കിട്ടിയാൽ ജീവിതം സുരക്ഷിതമായി എന്നാണ് ഭൂരിപക്ഷം ഉദ്യോഗാർത്ഥികളും കരുതുന്നത്. എന്നാൽ ജോലി കിട്ടുക എന്നത് അതീവ ബുദ്ധിമുട്ടുള്ളതായി മാറിയിരിക്കുന്നു. പതിനെട്ട് വയസു കഴിഞ്ഞാൽ ഒരാൾക്ക് പി.എസ്.സി പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള യോഗ്യതയാകുമെങ്കിലും ആ പ്രായത്തിൽ വിദ്യാഭ്യാസം പൂർത്തിയാക്കുന്നതിനും മറ്റുമാണ് ഭൂരിപക്ഷം ചെറുപ്പക്കാരും ഊന്നൽ നൽകുന്നത്. ഇരുപത്തിയഞ്ച് വയസോടെ ജോലി തിരയാൻ തുടങ്ങുന്നതായിരുന്നു പഴയ ട്രെൻഡ്. അതിലും ഇപ്പോൾ മാറ്റം വരുകയും പഠനത്തിനൊപ്പം പി.എസ്.സി കോച്ചിംഗിന് പോകുന്നവരുടെ എണ്ണം കൂടുകയും ചെയ്തിട്ടുണ്ട്. പി.എസ്.സി പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചാൽ തന്നെ,​ അത് നടത്തി ലിസ്റ്റ് പ്രസിദ്ധീകരിക്കുമ്പോഴേക്കും വർഷങ്ങൾ കടന്നുപോകും.

മൂന്ന് വർഷമാണ് ഒരു ലിസ്റ്റിന്റെ കാലാവധി. ആദ്യ തവണ തന്നെ പി.എസ്.സി പരീക്ഷ എഴുതി ജോലി നേടുന്നവർ വളരെ കുറവാണ്. പല തവണ അതിന് ശ്രമിക്കേണ്ടിവരും. അതിനാൽ,​ പി.എസ്.സി പരീക്ഷയ്ക്ക് അപേക്ഷിക്കുന്നതിനുള്ള ജനറൽ വിഭാഗത്തിന്റെ പ്രായപരിധി 36 വയസ്സിൽ നിന്ന് ഉയർത്തണമെന്ന ന്യായമായ ആവശ്യം നിരവധി വർഷങ്ങളായി ഉദ്യോഗാർത്ഥികൾ ഉന്നയിക്കുന്നതാണ്. രണ്ടാം പിണറായി സർക്കാരിന്റെ അവസാന കാലത്തെങ്കിലും അതിനുള്ള തീരുമാനം വന്നത് അത്യന്തം ഉചിതമാണ്. പി.എസ്.സി പരീക്ഷ എഴുതാനുള്ള ഉയർന്ന പ്രായപരിധി പൊതുവിഭാഗത്തിന് 40 വയസായി ഉയർത്തിയത് സുപ്രധാനമായ തീരുമാനം തന്നെയാണ്.

ഒ.ബി.സി വിഭാഗത്തിലുള്ളവർക്ക് നിലവിലെ 39-ൽ നിന്ന് 43 വയസാക്കി. പട്ടികവിഭാഗക്കാർക്ക് 41-ൽ നിന്ന് 45 വയസുവരെയും ഉയർത്തി. വിധവകൾക്ക് നിലവിൽ അഞ്ചു വർഷം പ്രായപരിധിയിൽ ഇളവുണ്ട്. ഇവർക്ക് കൂട്ടിയ നാലു വർഷത്തിന്റെ ആനുകൂല്യം ലഭിക്കും. നിലവിൽ 75 ലക്ഷത്തോളം പേരാണ് പി.എസ്.സിയിൽ ജോലിക്കായി ഒറ്റത്തവണ രജിസ്ട്രേഷൻ നടത്തിയിട്ടുള്ളത്. ഇവരിൽ 36 കഴിഞ്ഞ് 40 വരെയെത്തി പി.എസ്.സി വിജ്ഞാപനങ്ങൾക്ക് അപേക്ഷിക്കാനാകാത്ത 16 ലക്ഷത്തോളം പേരുണ്ടാകും. ഇവർക്ക് സർക്കാരിന്റെ തീരുമാനം പ്രയോജനം ചെയ്യുന്നതാണ്. ഇതിനൊപ്പം പെൻഷൻ പ്രായവും കൂട്ടേണ്ടതാണെങ്കിലും തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കെ പ്രതിഷേധമുണ്ടാകും എന്നത് കണക്കിലെടുത്താവാം,​ സർക്കാർ അതിന് മുതിരാത്തത്. ആയുർദൈർഘ്യം വളരെ കൂടിവരുന്നതിനാൽ എന്തായാലും അടുത്ത സർക്കാരിന് ആ തീരുമാനം എടുക്കാതിരിക്കാനാവില്ല.

TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.