SignIn
Kerala Kaumudi Online
Thursday, 23 April 2026 11.48 PM IST

വേനലെത്തി; അണക്കെട്ടുകളിലെ ജലനിരപ്പ് കുറയുന്നു

Increase Font Size Decrease Font Size Print Page
malambuzha

പാലക്കാട്: സംസ്ഥാനത്ത് വേനലിന്റെ വരവറിയിച്ച് ചൂട് കൂടിയതോടെ ജലസ്രോതസുകളിൽ ജലനിരപ്പ് താഴുന്നു. പരമാവധി സംഭരണശേഷിയോട് അടുത്ത ജില്ലയിലെ ഡാമുകളിലെല്ലാം നിലവിൽ ജലനിരപ്പ് നന്നേ കുറഞ്ഞിട്ടുണ്ട്. മാർച്ച് പകുതിയോടെ അനുഭവപ്പെടാറുള്ള കൊടുംചൂടാണ് ഫെബ്രുവരിയിൽ തന്നെ ബാധിക്കുന്നത്. അണക്കെട്ടുകൾക്കൊപ്പം പുഴകളിലെയും കുളങ്ങളിലെയും മറ്റു ജലാശയങ്ങളിലെയും ജലനിരപ്പ് കുറഞ്ഞുതുടങ്ങിയിട്ടുണ്ട്. കൂടാതെ ഭൂഗർഭജലനിരപ്പ് താഴുന്നതുമൂലം കിണറുകളിലെയും കുഴൽകിണറുകളിലെയും വെള്ളവും കുറയുന്ന സ്ഥിതിയാണ്.

ജലസ്രോതസുകളിലെ വരൾച്ചാഭീഷണി കൃഷികൾക്ക് ഉണക്കുഭീഷണി ഉയർത്തുന്നു. ഉത്പന്നങ്ങൾ ഉണങ്ങി നശിക്കുന്നത് കർഷകർക്ക് കടുത്ത സാമ്പത്തിക പ്രയാസമുണ്ടാക്കും. പുഴകൾ വരളുന്നത് വിവിധ കുടിവെള്ള പദ്ധതികളെയും പ്രതികൂലമായി ബാധിക്കും. മലമ്പുഴ ഡാമിൽനിന്നും പാലക്കാട് നഗരസഭയിലേക്കും സമീപ പഞ്ചായത്തുകളിലേക്കും കുടിവെള്ളം വിതരണം ചെയ്യുന്നുണ്ട്. പല പ്രദേശങ്ങളിലെയും പ്രധാന കുടിവെള്ള ആശ്രയം തന്നെ മലമ്പുഴ വെള്ളമാണ്. കുടിവെള്ളം മുടങ്ങിയാൽ നഗരത്തിലും ഗ്രാമപ്രദേശങ്ങളിലുമെല്ലാം നാട്ടുകാർക്ക് ടാങ്കർ ജലത്തെ ആശ്രയിക്കേണ്ട ഗതികേടാണ്. കഴിഞ്ഞദിവസം ജില്ലയുടെ പടിഞ്ഞാറൻ മേഖലയിൽ മഴ പെയ്തിരുന്നു. എന്നാൽ നഗരത്തിൽ പെയ്തില്ല. അടുത്ത മൂന്നു മാസം കടുത്ത വേനൽക്കാലമാണെന്നിരിക്കെ ഇനിയുളള നാളുകളിൽ വേനൽമഴ കൂടി ലഭിച്ചില്ലെങ്കിൽ വരാനിരിക്കുന്നത് കൊടും വരൾച്ചയായിരിക്കും.

അണക്കെട്ടുകളിലെ കനാലുകൾ അടക്കും

നിലവിൽ രണ്ടാംവിള കൃഷിക്കായി മലമ്പുഴ, പോത്തുണ്ടി, മംഗലം ഡാമുകളിൽനിന്ന് വെള്ളം നൽകുന്നുണ്ട്. മംഗലം, പോത്തുണ്ടി അണക്കെട്ടുകളിലെ കനാലുകൾ ഈ മാസം 28നും മലമ്പുഴ ഇടതുകര കനാൽ മാർച്ച് അഞ്ചിനും വലതുകര കനാൽ മാർച്ച് ഏഴിനും അടക്കും.

ജലവിനിയോഗത്തിൽ നിയന്ത്രണം

പൊതുവേ ജലക്ഷാമം രൂക്ഷമായ വാളയാർ, കൊഴിഞ്ഞാമ്പാറ, നെല്ലിയാമ്പതി, ചിറ്റൂർ, അട്ടപ്പാടി ഉൾപ്പെടെ മേഖലകളിൽ ജലവിനിയോഗത്തിൽ നിയന്ത്രണം ഏർപ്പെടുത്തുകയാണ് അധികൃതർ. ഇത്തവണ കാലവർഷം കുറഞ്ഞതും ചൂട് വർദ്ധിച്ചതുമാണ് വേനലിനു മുന്നേ തന്നെ ജലസംഭരണികളിലെ വെള്ളം കുറയാൻ കാരണം.

ജില്ലയിലെ ഡാമുകളിലെ ജലനിരപ്പ് (ബ്രാക്കറ്റിൽ പരമാവധി ജലനിരപ്പ്)

 കാഞ്ഞിരപ്പുഴ ഡാം 93.55 മീറ്റർ (97.5 മീ.)

 മീങ്കര ഡാം 152 മീ. (158.36 മീ.)

 വാളയാർ ഡാം 197.62 മീ. (203 മീ.)

 മലമ്പുഴ ഡാം 105.99 മീ. (115.06 മീ.)

 പോത്തുണ്ടി ഡാം 94.88 മീ. (108.2 മീ.)

 ചുള്ളിയാർ ഡാം 145.39 മീ.(154.08 മീ.)

 മംഗലം ഡാം 68.56 മീ. (77.88)

 മൂലത്തറ റെഗുലേറ്റർ 182.20 മീ. (184.70 മീ.)

TAGS: LOCAL NEWS, PALAKKAD, DAM, WATER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.