SignIn
Kerala Kaumudi Online
Friday, 27 February 2026 7.39 AM IST

പോർക്കളം തിളയ്ക്കുന്നു: സീറ്റ് ഉറപ്പിച്ച് വീണയും ജനീഷും,​ മാറ്റത്തിനായി പുതുയുഗ യാത്ര

Increase Font Size Decrease Font Size Print Page
ele

പത്തനംതിട്ട: കണ്ണൂരിൽ കെ.എസ്.യു പ്രതിഷേധത്തിനിടെ മന്ത്രി വീണാജോർജിന് പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ച സമയത്ത് നടന്ന സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് യോഗം ആറന്മുളയിലും കോന്നിയിലും നിലവിലെ എം.എൽ.എമാരായ വീണാജോർജും കെ.യു.ജനീഷ്കുമാറും മത്സരിക്കണമെന്ന നിർദേശം സംസ്ഥാന നേതൃത്വത്തിന് നൽകാൻ തീരുമാനിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ പുതുയുഗ യാത്ര ഇന്ന് ജില്ലയിൽ എത്തുന്നതോടെ യു.ഡി.എഫും പോർക്കളത്തിലെത്തും. അടൂരിൽ തുടങ്ങുന്ന യാത്ര അഞ്ച് മണ്ഡലങ്ങളിലുമെത്തും. അണിയറ പ്രവർത്തനങ്ങളുമായി എൻ.ഡി.എയും ജില്ലയിൽ സജീവമായി.

ആറന്മുള സ്റ്റാർ മണ്ഡലം

വീണാ ജോർജിന് എതിരായ കെ.എസ്.യു പ്രതിഷേധത്തെ തുടർന്നുണ്ടായ സംഘർഷാന്തരീക്ഷത്തിൽ, വീണയുടെ മണ്ഡലമായ ആറന്മുളയിലെത്തുന്ന വി.ഡി.സതീശൻ എന്ത് പറയുമെന്ന ആകാംക്ഷ ഉയർന്നിട്ടുണ്ട്. പത്തനംതിട്ട ബസ് സ്റ്റാൻഡാണ് സ്വീകരണ വേദി. വീണയെ തറപറ്റിക്കാൻ യൂത്ത് കോൺഗ്രസ് നേതാവ് അബിൻ വർക്കി അല്ലെങ്കിൽ കെ.പി.സി.സി അംഗം പി.മോഹൻരാജ്, ഡി.സി.സി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ എന്നിവരെ കോൺഗ്രസ് പരിഗണിക്കുന്നു. എൻ.ഡി.എ സ്ഥാനാർത്ഥിയാകുമെന്ന് കരുതുന്ന ബി.ജെ.പി മുൻ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ മണ്ഡലത്തിൽ സജീവമായിട്ടുണ്ട്.

കോന്നി കൊട്ടിക്കയറും

കോന്നിയിൽ ജനീഷ് കുമാറുമായി കനത്ത മത്സരം നടത്താൻ യു.ഡി.എഫ് കൺവീനറും കോന്നി മുൻ എം.എൽ.എയുമായ അടൂർ പ്രകാശിനേ കഴിയൂവെന്ന് കോൺഗ്രസിൽ പൊതു അഭിപ്രായമുണ്ട്. എം.പിമാർ മത്സരിക്കേണ്ടെന്ന ഹൈക്കമാൻഡ് തീരുമാനത്തിൽ ഇളവ് നൽകിയാലേ അടൂർ പ്രകാശിന് സാദ്ധ്യതയുള്ളൂ. പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ, കോന്നി ബ്ളാേക്ക് പഞ്ചായത്ത് പ്രസിഡന്റ് റോബിൻ പീറ്റർ എന്നിവരും പട്ടികയിലുണ്ട്. ബി.ഡി.ജെ.എസ് ഇത്തവണ കോന്നിയിൽ മത്സരിക്കുമെന്നാണ് സൂചന. സംസ്ഥാന വൈസ് പ്രസിഡന്റ് കെ.പത്മകുമാറിനെയാണ് പരിഗണിക്കുന്നത്.

അടൂരിൽ ആവേശമേറും

അടൂരിൽ തുടരെ മൂന്നുതവണ വിജയിച്ച ചിറ്റയം ഗോപകുമാറിന് തുല്യനായ ജനകീയ നേതാവിനെ കണ്ടെത്താൻ സി.പി.ഐ വിഷമിക്കുകയാണ്. മാനദണ്ഡത്തിൽ ഇളവ് നൽകി ചിറ്റയത്തെ വീണ്ടും മത്സരിപ്പിക്കണമെന്ന് പാർട്ടിയിൽ അഭിപ്രായം ഉയരുന്നുണ്ട്. കോൺഗ്രസിൽ പന്തളം സുധാകരൻ, ബാബു ദിവാകരൻ എന്നിവരാണ് ചർച്ചയാകുന്ന പേരുകൾ.

കേരള കോൺഗ്രസുകളുടെ പോരാട്ടം

തിരുവല്ലയിൽ നിലവിലെ എം.എൽ.എ സോഷ്യലിസ്റ്റ് ജനതാദൾ നേതാവ് മാത്യു.ടി.തോമസ് എൽ.ഡി.എഫിന് വേണ്ടി വീണ്ടും മത്സരിച്ചേക്കും. യു.ഡി.എഫിൽ കേരളകോൺഗ്രസ് ജെയ്ക്കാണ് സീറ്റ്. എൻ.ഡി.എയ്ക്കുവേണ്ടി ബി.ജെ.പി വക്താവ് അനൂപ് ആന്റണി മണ്ഡലത്തിൽ സജീവമായി. റാന്നിയിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി കേരളകോൺഗ്രസ് എം നേതാവ് പ്രമോദ് നാരായണൻ വീണ്ടും മത്സരിക്കാനാണ് സാദ്ധ്യത. കെ.ജയവർമ്മ, റിങ്കു ചെറിയാൻ തുടങ്ങിയ പ്രാദേശിക നേതാക്കൾക്കാണ് കോൺഗ്രസിൽ മുൻഗണന.

TAGS: LOCAL NEWS, PATHANAMTHITTA, GENE3
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.