
തലശ്ശേരി/കണ്ണൂർ: ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജിന് നേരെ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വച്ചുണ്ടായ അക്രമത്തിന് പിന്നാലെ കണ്ണൂർ ജില്ലയിൽ അക്രമങ്ങൾ തുടരുന്നു.
കോടിയേരി കല്ലിൽ താഴെയുള്ള ഇന്ത്യൻ നാഷണൽ കോൺഗ്രസ് കമ്മിറ്റി ഓഫീസ് സാമൂഹ്യവിരുദ്ധർ തീയിട്ടു നശിപ്പിച്ചു. ബുധനാഴ്ച രാത്രി 10.30 ഓടെയാണ് ഓഫീസിനു നേരെ ആക്രമണം ഉണ്ടായത്. സംഭവത്തിനു പിന്നിൽ സി.പി.എം ആണെന്ന് കോൺഗ്രസ് നേതൃത്വം ആരോപിച്ചു. ഓഫീസിന്റെ വാതിൽ പൊളിച്ച് അകത്തുകടന്ന അക്രമി സംഘം അകത്തുണ്ടായിരുന്ന സാധനസാമഗ്രികൾക്ക് തീയിടുകയായിരുന്നു.
തലശ്ശേരിയിൽ നിന്നും ഫയർഫോഴ്സ് എത്തിയാണ് തീയണച്ചത്. ഓഫീസിൽ സൂക്ഷിച്ചിരുന്ന ഫയലുകൾ, ദേശീയ പതാക, പാർട്ടി കൊടികൾ എന്നിവ പൂർണ്ണമായും കത്തിനശിച്ചു. ഓഫീസിലെ ടെലിവിഷൻ പുറത്തേക്ക് എറിഞ്ഞ നിലയിലാണ്. കെട്ടിടത്തിന്റെ മേൽക്കൂര കത്തിനശിച്ചു. ചുവരുകളിൽ നിന്ന് സിമന്റ് അടർന്നു വീഴുകയും ചെയ്തിട്ടുണ്ട്. ഫർണ്ണിച്ചറുകൾ ഉൾപ്പെടെ ഏകദേശം ഒരു ലക്ഷത്തിലധികം രൂപയുടെ നാശനഷ്ടം സംഭവിച്ചതായി കണക്കാക്കുന്നു. ഇത് സംബന്ധിച്ച് കോൺഗ്രസ് പ്രവർത്തകർ ന്യൂമാഹി പൊലീസിൽ പരാതി നൽകി.
കെ.പി.സി സി അംഗം വി.രാധാകൃഷ്ണൻ മാസ്റ്റർ, ഡി.സി.സി സെക്രട്ടറി വി.സി പ്രസാദ്, യു.ഡി.എഫ് മണ്ഡലം ചെയർമാൻ കെ. ഖാലിദ് മാസ്റ്റർ, തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു.
പയ്യന്നൂർ കാങ്കോൽ മാത്തിലിൽ കോൺഗ്രസ് ഓഫീസ് അടിച്ച് തകർത്ത സംഭവത്തിൽ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചു. പിലാത്തറ പഴിച്ചിയിൽ ചെറുതാഴം മണ്ഡലം കമ്മിറ്റി ഓഫീസിന്റെ ജനൽ ചില്ലുകളും അടിച്ചുതകർത്തു. ചെറുതാഴം ഹനുമാരമ്പലത്തിന് സമീപത്തെ ഇന്ദിരാഭവൻ ഓയിൽ ഒഴിച്ച് അക്രമികൾ വികൃതമാക്കി. ഏഴിലോട് നിർമ്മാണത്തിലിരിക്കുന്ന കോൺഗ്രസ് ഓഫീസിന് സമീപത്തെ കൊടിമരം പിഴുതെറിഞ്ഞു. കണ്ണൂർ കക്കാട് സ്ഥിതി ചെയ്യുന്ന കോൺഗ്രസിന്റെ മണ്ഡലം കമ്മറ്റി ഓഫീസിന് നേരെയും ബുധനാഴ്ച രാത്രി കല്ലെറിഞ്ഞ് ആക്രമണമുണ്ടായി. ആറ് ജനൽ ചില്ലുകൾ അക്രമി സംഘം തകർത്തു.
സംഘർഷം വ്യാപിക്കാതിരിക്കാൻ പൊലീസ് വലിയ മുൻകരുതൽ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്. വൻ പൊലീസ് സന്നാഹം കണ്ണൂർ ഡിസിസി ഓഫീസിന് മുൻപിലും സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിന് മുൻപിലും ഉണ്ട്. ഓഫീസുകൾ കേന്ദ്രീകരിച്ച് അക്രമം നടക്കാനുള്ള സാധ്യത കണക്കിലെടുത്താണ് പൊലീസ് മുൻകരുതൽ സ്വീകരിച്ചിരിക്കുന്നത്.സിപിഎം ആക്രമണം അഴിച്ചുവിടുമ്പോൾ പൊലീസ് കയ്യും കെട്ടി നോക്കിനിൽക്കുകയാണെന്ന് മുസ്ലിംലീഗും കോൺഗ്രസും ആരോപിച്ചു. അക്രമികൾക്കെതിരെ ശക്തമായ നടപടിവേണമെന്നും പൊലീസ്് അക്രമികളെ സംരക്ഷിക്കരുതെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.
പ്രിയദർശിനി മന്ദിരത്തിൽ റീത്ത് വച്ചു
കൊളശ്ശേരി കോൺഗ്രസ് ഓഫീസായ പ്രിയദർശിനി മന്ദിരത്തിലും ഓഫീസിനു മുന്നിലെ കൊടിമരത്തിന് സമീപവും റീത്ത് സമർപ്പിച്ചു.റീത്തിനൊപ്പം ആദരാഞ്ജലികൾ എന്ന് പേപ്പറിൽ എഴുതിയ നിലയിലാണ്. തലശ്ശേരി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എം.പി.അരവിന്ദാക്ഷൻ, ബ്ലോക്ക് ഭാരവാഹി സുശീൽ ചന്ദ്രോത്ത്, സുരേഷ് ബാബു, എം.പി.സുധീർ ബാബു തുടങ്ങിയവർ ഓഫീസ് സന്ദർശിച്ചു.മഞ്ഞോടിയിൽ കോൺസിന്റെ രണ്ട് ബോർഡുകളും ഈങ്ങയിൽ പീടികയിൽ സ്ഥാപിച്ച ഒരു ബോർഡും നശിച്ചിച്ചിട്ടുണ്ട്.
പ്രതിഷേധയോഗം ചേർന്നു
കോടയേരി കല്ലിൽ താഴെ പ്രവർത്തിച്ചുവരുന്ന പാറൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഓഫീസ് തീവച്ച് നശിപ്പിച്ചതിൽ പ്രതിഷേധിച്ച് പ്രകടനവും പൊതുയോഗവും നടത്തി. കെപിസിസി അംഗം വി രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പ്രസിഡന്റ് കെ.ശശിധരൻ അദ്ധ്യക്ഷത വഹിച്ചു.ഡി.സി സി ജനറൽ സെക്രട്ടറി വി.സി പ്രസാദ്, ടി.എച്ച്.നാരായണൻ, കെ. ജയരാജ്,സി പി.പ്രസിൽ ബാബു, എം.വി.സതീശൻ,ഇ.വിജയകൃഷ്ണൻ,വി.ദിവാകരൻ മാസ്റ്റർ,ടി.പി.പ്രേമനാഥൻ മാസ്റ്റർ, സന്ദീപ് കോടയേരി,ദീപ സുരേന്ദ്രൻ, പി.ദിനേശൻ തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |