'' ഞങ്ങളുടെ വീടുണ്ടായിരുന്ന സ്ഥലത്താണ് തുരങ്കം വരുന്നത്. കഴിഞ്ഞ ദിവസം അവിടെ പോയി നോക്കിയിരുന്നു. പ്രദേശമാകെ മാറി. മറിപ്പുഴയ്ക്ക് കുറുകെ ഒരു ചെറിയ മരപ്പാലം ഉണ്ടായിരുന്നു, അതു വഴിയാ ഞങ്ങൾ ചുമട് തലയിലേറ്റി അക്കരെ പോയിക്കൊണ്ടിരുന്നത്. ആ സമയങ്ങളിലെല്ലാം ആത്മാർത്ഥമായി ആഗ്രഹിച്ചിരുന്നു ഒരു നല്ല വഴി ഉണ്ടായിരുന്നെങ്കിൽ എന്നൊക്കെ. ആ സ്വപ്നമാണ് നടക്കാൻ പോകുന്നത് '. 60 വർഷം ജീവിച്ച മണ്ണിൽ നിന്ന് കഴിഞ്ഞ വർഷം കുണ്ടൻതോട് നിവാസിയായിരുന്ന ജോസും ഭാര്യ അൽഫോൺസയും മലയിറങ്ങിയെങ്കിലും ഇവരുടെ വാക്കുകളിൽ തുരങ്കപാത നൽകുന്ന പ്രതീക്ഷ വലുതാണ്.
വിയർപ്പൊഴുക്കിയാൽ പൊന്നുവിളയിക്കാൻ കഴിയുന്ന മണ്ണായിരുന്നിട്ടും ജോസ് ഉൾപ്പെടെയുള്ള ആനക്കാംപൊയിൽ നിവാസികളുടെ ജീവിതം അത്ര തെളിച്ചമുള്ളതായിരുന്നില്ല. അടിസ്ഥാന സൗകര്യങ്ങളുടെ കുറവ് ജനങ്ങളുടെ ദൈനംദിന ജീവിതത്തെ സാരമായി ബാധിച്ചിരുന്നു. ഇടുങ്ങിയതും വളവും തിരിവും കയറ്റിറക്കങ്ങളും നിറഞ്ഞ റോഡുകൾ മലയോര വാസികളുടെ യാത്രകളെ ദുർഘടമാക്കി. മഴക്കാലമായാൽ മണ്ണിടിച്ചിലും റോഡ് തകർച്ചയും പതിവായപ്പോൾ പല കുടുംബങ്ങളും മലയോരത്ത് ഒറ്റപ്പെട്ടു. അടിയന്തര സാഹചര്യങ്ങളിൽ ആശുപത്രിയിലെത്താൻ വൈകിയതിനാൽ ജീവൻ നഷ്ടമായ സംഭവങ്ങൾ വരെയുണ്ടായി. ആരോഗ്യ, വിദ്യാഭ്യാസ രംഗത്തെ പിന്നാക്കാവസ്ഥ നാടിന്റെ വളർച്ചയെ മുരടിപ്പിച്ചു.
തുരങ്കപാത വരുന്നതോടെ മലവഴികളിലൂടെ ദൈർഘ്യമേറിയ യാത്ര ഒഴിവാക്കി നേരിട്ടുള്ള, സുരക്ഷിതമായ യാത്രകൾക്ക് വഴിയൊരുങ്ങും. സമയലാഭവും ഉണ്ടാവും. ഗതാഗത സൗകര്യം മെച്ചപ്പെടുന്നതോടെ പുതിയ ചെറുകിട വ്യവസായങ്ങൾക്കും വിനോദസഞ്ചാരത്തിനും വഴിയൊരുങ്ങും. ഇതിലൂടെ തൊഴിൽ അവസരങ്ങൾ വർദ്ധിക്കുകയും യുവജനങ്ങൾക്ക് അന്യ നാടുകളെ ആശ്രയിക്കാതെ സ്വന്തം നാട്ടിൽ ജോലി ചെയ്യാൻ അവസരമൊരുങ്ങുകയും ചെയ്യും.
ചുരം യാത്ര ചരിത്രമാവും
വയനാട് ചുരത്തിലെ മണിക്കൂറുകൾ നീളുന്ന യാത്രാക്കുരുക്കിന് പാത വരുന്നതോടെ പരിഹാരമാവും. വയനാട് ലക്ഷ്യമാക്കി സഞ്ചാരികൾ കൂടുതലെത്തുന്ന സീസണുകളിലും അവധി ദിവസങ്ങളിലും ചുരത്തിൽ വാഹനങ്ങളുടെ നീണ്ട നിരയാണ്. തുരങ്കപാത നിർമ്മാണത്തോടെ വയനാട്-കോഴിക്കോട് യാത്രാ പ്രശ്നത്തിന് പരിഹാരമാവുക മാത്രമല്ല, ഇരുജില്ലകളിലെയും അടിസ്ഥാന സൗകര്യ വികസനം ശക്തിപ്പെടുകയും ചെയ്യും. ആരോഗ്യകേന്ദ്രങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ശുദ്ധജല പദ്ധതികൾ, വൈദ്യുതി വിതരണം എന്നിവ കാര്യക്ഷമമാകും.
യാഥാർത്ഥ്യമാവുന്നത് സ്വപ്ന പദ്ധതി: ലിന്റോ ജോസഫ് എം.എൽ.എ
സർക്കാരിന്റെ സ്വപ്ന പദ്ധതിയാണ്. വയനാട് -കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ഇരട്ട തുരങ്കമാണ് യാഥാർത്ഥ്യമാകാൻ പോകുന്നത്. ബംഗളൂരു, മെസൂരു, കൊച്ചി തുടങ്ങിയ നഗരങ്ങളുമായി ബന്ധിപ്പിക്കുന്ന വ്യവസായിക ഇടനാഴിയായി തുരങ്കപാത പ്രവർത്തിക്കും. 2022 ൽ ഫണ്ട് അനുവദിച്ച് 25ൽ തന്നെ പ്രവൃത്തി ആരംഭിക്കാൻ സാധിച്ചത് വലിയ നേട്ടമാണ്. തിരുവമ്പാടി മണ്ഡലത്തിൽ വലിയൊരു മാറ്റം സാദ്ധ്യമാകും. ടണലിന്റെ ബ്ലാസ്റ്റിംഗ് അടുത്തയാഴ്ച മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. തുരങ്കപാതയിലേക്കുള്ള റോഡ് പ്രവൃത്തിക്കായി ചില ഇടങ്ങളിൽ സ്ഥലം വിട്ട് കിട്ടാനുണ്ട്. അത് വേഗത്തിൽ ലഭ്യമാക്കാനുള്ള പ്രവർത്തനങ്ങൾ നടക്കുന്നു.
അവസാനിച്ചു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |