
കോഴിക്കോട്: സ്കൂൾ പാചക തൊഴിലാളികൾക്ക് ഇൻഷ്വറൻസ്, വിരമിക്കൽ ആനുകൂല്യം ഉൾപ്പെടെ മന്ത്രിതല ചർച്ചയിലെടുത്ത തീരുമാനങ്ങൾ നടപ്പാക്കുന്നില്ലെന്ന് ആക്ഷേപം. സംസ്ഥാന ബഡ്ജറ്റിൽ പ്രതിദിന വേതനം കൂട്ടിയത് വെറും 25 രൂപയും.
മിനിമം വേതനപരിധിയിൽ നിന്ന് സ്കൂൾ പാചക തൊഴിലാളികളെ ഒഴിവാക്കിയ ഉത്തരവ് റദ്ദാക്കാമെന്നും കേന്ദ്രവിഹിതം ലഭ്യമായില്ലെങ്കിലും വേതനത്തിലെ സംസ്ഥാന വിഹിതം നൽകാമെന്നും ഉറപ്പു നൽകിയിരുന്നു. ഹെൽത്ത് കാർഡ് ആറ് മാസത്തിന് പകരം വർഷത്തിലൊരിക്കൽ നൽകിയാൽ മതിയെന്ന ഉറപ്പും പാലിച്ചില്ലെന്ന് സ്കൂൾ പാചക തൊഴിലാളി യൂണിയൻ (എ.ഐ.ടി.യു.സി) കുറ്റപ്പെടുത്തി. 500 വിദ്യാർത്ഥികൾക്ക് ഒരു തൊഴിലാളിയെന്ന അനുപാതം പ്രായോഗികമല്ല. ഇത്രയും കുട്ടികൾക്ക് ഒരാളെക്കൊണ്ട് ഭക്ഷണമുണ്ടാക്കാനാകില്ല. സ്വന്തം ചെലവിലാണ് ഇപ്പോൾ തൊഴിലാളികൾ സഹായികളെ വയ്ക്കുന്നത്. ഇതോടെ ഇവരുടെ ഓണറേറിയം കുറയുന്നു. മിനിമം കൂലി 700 രൂപയാക്കണമെന്ന ആവശ്യവും നടപ്പാക്കിയില്ല. പല സ്കൂളുകളിലും കുട്ടികൾ കുറഞ്ഞതിനെ തുടർന്ന് സംസ്ഥാനത്ത് 108 തൊഴിലാളികൾക്ക് തൊഴിലില്ലാതായി.
വിദ്യാർത്ഥി-തൊഴിലാളി അനുപാതം 250 ആക്കാമെന്ന് 2025 ഏപ്രിലിൽ നടന്ന ചർച്ചയിൽ മന്ത്രി ഉറപ്പുനൽകിയതും നടപ്പാക്കിയില്ലെന്നും ആക്ഷേപമുണ്ട്. ഓഗസ്റ്റിൽ രണ്ടാംവട്ട ചർച്ചയിൽ 300 കുട്ടികൾക്ക് ഒരു തൊഴിലാളിയായി അനുപാതം പുനഃക്രമീകരിക്കാൻ തീരുമാനിച്ചതും നടപ്പായില്ല. തൊഴിലാളികൾക്ക് എല്ലാ മാസവും അഞ്ചാംതിയതിക്ക് മുമ്പായി ഓണറേറിയം നൽകാമെന്നതും നടപ്പായിട്ടില്ല. വിലക്കയറ്റത്തിന് ആനുപാതികമായി വേതനം പരിഷ്കരിക്കുന്നുമില്ല.
കേരളത്തിൽ ഒരു തൊഴിലാളിക്ക് ലഭിക്കുക
പ്രതിമാസം 12,000- 13,500 രൂപ
പ്രവൃത്തി ദിനത്തിൽ 600 - 675 രൂപ
പ്രതിമാസ ശരാശരി പ്രവൃത്തിദിനം- 20
സംസ്ഥാനത്ത് തൊഴിലാളികൾ- 13,327
നവംബറിലെ സംസ്ഥാന വിഹിതമായ 400 രൂപയും ഡിസംബറിലെ കേന്ദ്ര-സംസ്ഥാന വിഹിതമായ 1,000 രൂപയും ജനുവരിയിലെ വേതനവും ഇപ്പോൾ കുടിശ്ശികയാണ്.
-പി.ജി.മോഹനൻ,
സംസ്ഥാന ജനറൽ സെകട്ടറി,
സ്കൂൾ പാചക തൊഴിലാളി യൂണിയൻ (എ.ഐ.ടി.യു.സി)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |