കർശന നടപടിയുമായി ജില്ലാ ദുരന്ത നിവാരണ അതോറിട്ടി
കൊല്ലം: വേനൽ കടുക്കുന്ന സാഹചര്യത്തിൽ, ശുദ്ധജല സ്രോതസുകളിൽ നിന്ന് ജലചൂഷണം നടത്തുന്നർക്കെതിരെ കർശന നടപടിക്ക് ജില്ലാ ദുരന്തനിവാരണ അതോറിട്ടി യോഗത്തിൽ തീരുമാനം. കുടിവെള്ളക്ഷാമം നേരിടുന്ന പ്രദേശങ്ങളിൽ ജലലഭ്യത ഉറപ്പാക്കാൻ തദ്ദേശസ്ഥാപനങ്ങൾക്ക് തനത്, പ്ലാൻ ഫണ്ടുകളിൽ നിന്ന് തുക വിനിയോഗിച്ച് ഗുണനിലവാരമുള്ള കുടിവെള്ള വിതരണം ഉറപ്പാക്കാൻ അനുമതി നൽകി.
ഉയർന്ന താപനിലയുടെ പശ്ചാത്തലത്തിൽ, തദ്ദേശസ്ഥാപന പരിധിയിലുള്ള മാലിന്യ നിക്ഷേപ കേന്ദ്രങ്ങളുടെ അഗ്‌നിസുരക്ഷാ ഓഡിറ്റ് പരിശോധന വേഗം പൂർത്തിയാക്കണം. മാലിന്യസംഭരണ കേന്ദ്രങ്ങൾ, ലെഗസി ഡംപ് സൈറ്റുകൾ എന്നിവിടങ്ങളിൽ ഫയർ ഓഡിറ്റ് 25നകം പൂർത്തിയാക്കണം. വനമേഖല, വലിയ തോട്ടങ്ങൾ, പറമ്പുകൾ, മൈതാനങ്ങൾ എന്നിവിടങ്ങളിൽ തീ പടരാതിരിക്കാൻ ഫയർ ബ്രേക്കുകൾ, ഫയർ ലൈനുകൾ തുടങ്ങിയവ സ്ഥാപിച്ചിട്ടുണ്ട്. വാച്ചർമാർ, റേഞ്ച് ഓഫീസർമാർ, ആർ.ആർ.ടി ഉൾപ്പെടുത്തുന്ന ക്വിക്ക് റെസ്‌പോൺസ് ടീം എന്നിവർ സജ്ജമാണ്. മനുഷ്യ, വന്യജീവി സംഘർഷം നിയന്ത്രിക്കുന്നതിന് സൗരവേലികൾ സ്ഥാപിക്കൽ, വനമേഖലകളിലെ ജലസ്രോതസുകൾ വൃത്തിയാക്കൽ, പുതിയ ചെക്ക്ഡാം നിർമാണം തുടങ്ങിയവ നടപ്പിലാക്കി.
വെയിലത്ത് ജോലിചെയ്യുന്നവർക്ക്, മേയ് 20 വരെ പുനക്രമീകരിച്ച തൊഴിൽസമയം കർശനമായി പാലിക്കുന്നുണ്ടെന്ന് തൊഴിലുടമകളും തൊഴിൽവകുപ്പും ഉറപ്പുവരുത്തണം. ഉച്ചയ്ക്ക് 12 മുതൽ 3 വരെ വിശ്രമവേളയാണ്. ജോലിസമയം രാവിലെ 7 മുതൽ വൈകിട്ട് 7 വരെയുള്ള സമയത്ത് എട്ട് മണിക്കൂറായി നിജപ്പെടുത്തണം. ഷിഫ്റ്റ് വ്യവസ്ഥയിൽ ജോലിചെയ്യുന്നവർ രാവിലത്തെ ഷിഫ്റ്റ് ഉച്ചയ്ക്ക് 12ന് അവസാനിക്കുന്ന തരത്തിലും വൈകിട്ട് മൂന്നിന് ആരംഭിക്കുന്ന രീതിയിലും പുനക്രമീകരിക്കണം.
...................................
കെ.ഐ.പിയുടെ ഭാഗമായുള്ള ഇടതുകര കനാലിൽ ജലവിതരണം ഉടൻ പുനരാരംഭിക്കും
നീരൊഴുക്ക് സുഗമമാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു
എഴുന്നള്ളത്തിന് കൊണ്ടുവരുന്ന ആനകളുടെ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് ഉറപ്പാക്കണം
എഴുന്നള്ളിപ്പ് സ്ഥലങ്ങളിൽ ആൾക്കൂട്ട നിയന്ത്രണ സംവിധാനങ്ങൾ ഏർപ്പെടുത്തണം
ഉത്സവപ്പറമ്പുകളിൽ എത്തിക്കുന്ന കുടിവെള്ളം, മറ്റ് ഭക്ഷ്യവസ്തുക്കൾ പരിശോധനയ്ക്ക് വിധേയമാക്കും
ശീതളപാനിയങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങൾ, തട്ടുകടകൾ എന്നിവിടങ്ങളിൽ പരിശോധന
..........................
ജലചൂഷണം, മലിനമാക്കൽ ശ്രദ്ധയിൽപ്പെട്ടാൽ ഫോൺ: 9400987680
ജില്ലാ ലേബർ ഓഫീസർ 0474 2794820, അസിസ്റ്റന്റ് ലേബർ ഓഫീസർ ഒന്നാം സർക്കിൾ 8547655361 അസിസ്റ്റന്റ് ലേബർ ഓഫീസർ രണ്ടാം സർക്കിൾ 8547655362 കുണ്ടറ 8547655363 കൊട്ടാരക്കര 8547655364 പുനലൂർ 8547655367 ശാസ്താംകോട്ട 8547655368 കരുനാഗപ്പള്ളി 8547655369 പരവൂർ 8547655371 ചടയമംഗലം 8547655372
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |