
തിരുവനന്തപുരം: കേരള കാലാവസ്ഥാ അതിജീവന കാർഷിക മൂല്യ വർദ്ധക വിപണന ശൃംഖല നവീകരണ (കേര) പദ്ധതിയുടെ സംസ്ഥാന തല ഔദ്യോഗിക ഉദ്ഘാടനം മാർച്ച് രണ്ടിന്. സംസ്ഥാനത്തെ കാർഷിക രംഗത്ത് കാലാവസ്ഥാനുസൃതമായ കൃഷി രീതികൾ പ്രോത്സാഹിപ്പിക്കുന്നതിനും അനുബന്ധ കാർഷിക മേഖലാ നവീകരണത്തിനായും സംസ്ഥാന കൃഷി വകുപ്പ് ലോകബാങ്കിന്റെ സഹായത്തോടെ നടപ്പിലാക്കുന്ന പദ്ധതിയാണിത്. തിങ്കളാഴ്ച്ച വൈകീട്ട് മൂന്ന് മണിക്ക് ചേർത്തല വി.ടി.എ.എം. ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ കൃഷി വകുപ്പ് മന്ത്രി പി.പ്രസാദ് ഉദ്ഘാടനം നിർവഹിക്കും.
കാർഷിക മൂല്യശൃംഖല ആധുനികവൽക്കരിച്ചും കാലാവസ്ഥാ വ്യതിയാനങ്ങളെ അതിജീവിക്കാൻ കർഷകരെ പ്രാപ്തരാക്കിയും കാർഷിക മേഖലയ്ക്ക് പുത്തനുണർവ്വേകാൻ 2365 കോടി രൂപയുടെ പ്രവർത്തനങ്ങൾ ലക്ഷ്യമിടുന്നതാണ് കേര പദ്ധതി. കേരള കാർഷിക വികസന ഡയറക്ടറേറ്റ്, കേരള വ്യവസായ വാണിജ്യ വകുപ്പ്, പ്ലാന്റേഷൻ ഡയറക്ട്രേറ്റ്, കേരള കാർഷിക സർവകലാശാല, കേരള ജലവിഭവ വകുപ്പ്, കിൻഫ്ര, കേരള സ്റ്റാർട്ടപ്പ് മിഷൻ, എന്നിവയുടെ പങ്കാളിത്തത്തോടെയും ഇന്റർ നാഷണൽ റൈസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, സി.ഡബ്ള്യു.ആർ.ഡി.എം. തുടങ്ങിയ സ്ഥാപനങ്ങളുടെ സാങ്കേതിക സഹകരണത്തോടെയും നടപ്പിലാക്കുന്ന പദ്ധതിയിൽ അഞ്ചു വർഷക്കാലാവധി കൊണ്ട് നാലു ലക്ഷത്തോളം കർഷകർ നേരിട്ടും പത്തു ലക്ഷത്തോളം കർഷകർ പരോക്ഷമായും ഗുണഭോക്താക്കളാവും.
റബ്ബർ, ഏലം എന്നീ നാണ്യവിള കർഷകർക്കുള്ള പുനർ നടീൽ ധനസഹായ വിതരണം, എഫ്.പി.സി.കളും, എ.ബി.പി.കളും തമ്മിൽ പ്രൊഡക്ടിവ് അലയൻസിനായുള്ള ഉത്പാദക-വിപണന സഖ്യങ്ങളുടെ കരാർ ഒപ്പുവെയ്ക്കൽ, എഎസ്‌എംഇ വെബ് പോർട്ടൽ പ്രകാശനം തുടങ്ങിയവ ഉദ്‌ഘാടനത്തിന്റെ ഭാഗമായി നടത്തുന്നതാണ്. വ്യവസായ വാണിജ്യ മന്ത്രി പി.രാജീവിന്റെ അധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ മൽസ്യബന്ധന-സാംസ്കാരിക-യുവജനക്ഷേമ വകുപ്പ് മന്ത്രി സജി ചെറിയാൻ മുഖ്യാതിഥിയായിരിക്കും. കാർഷിക സാമൂഹ്യ രംഗങ്ങളിലെ പ്രമുഖർ ചടങ്ങിൽ സംബന്ധിക്കുമെന്ന് കേര പ്രൊജെക്ട് ഡയറക്ടർ ഡോ.ബി.അശോക് അറിയിച്ചു.
PIC Contact: 9037076600
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |