SignIn
Kerala Kaumudi Online
Saturday, 28 February 2026 4.39 AM IST

നാലുവർഷ ബിരുദ കോഴ്സുകളിൽ സൗജന്യ ഇന്റേൺഷിപ്പുമായി കേരള സർവകലാശാല

Increase Font Size Decrease Font Size Print Page
new

സർവകലാശാലയുടെ വിവിധ വകുപ്പുകളിലും സ്ഥാപനങ്ങളിലും കോളേജുകളുകളിലും ലബോറട്ടറികളിലും നാലുവർഷ ബിരുദ വിദ്യാർത്ഥികൾക്ക് സൗജന്യ ഇന്റേൺഷിപ്പ് സൗകര്യമൊരുക്കാൻ വൈസ്ചാൻസലർ ഡോ.മോഹനൻ കുന്നുമ്മൽ നിർദ്ദേശിച്ചു. സർവകലാശാല നൽകിയ ഭൂമിയിൽ പ്രവർത്തിക്കുന്ന ടെക്നോപാർക്കിലും ഐ.ടി, കമ്പ്യൂട്ടർ വിഷയങ്ങളിൽ കുട്ടികൾക്ക് ഇന്റേൺഷിപ്പൊരുക്കും. ബിരുദ ഇന്റേൺഷിപ്പിന് 12,000 രൂപവരെ ഈടാക്കുന്ന കൊള്ളയെക്കുറിച്ച് 'കേരളകൗമുദി' പ്രസിദ്ധീകരിച്ച റിപ്പോർട്ടിനെത്തുടർന്നാണ് നടപടി.

നാലാം സെമസ്റ്ററിന് ശേഷമുള്ള അവധിക്കാലത്ത് 90മുതൽ 120മണിക്കൂർ വരെയാണ് (15-20ദിവസം) ഇന്റേൺഷിപ്പ്. വിദ്യാർത്ഥികളുടെ നൈപുണ്യം വർദ്ധിപ്പിക്കുക, തൊഴിൽ പരിശീലനം നൽകുക, ഗവേഷണ അഭിരുചി വളർത്തുക എന്നിവ ലക്ഷ്യമിട്ട് നാലുവർഷബിരുദത്തിൽ രണ്ട് ക്രെഡിറ്റിന്റെ സമ്മർ ഇന്റേൺഷിപ്പ് നിർബന്ധമാണ്. മേജർ, മൈനർ വിഷയങ്ങളിൽ അല്ലെങ്കിൽ വിദ്യാർത്ഥികൾക്ക് താത്പര്യമുള്ള മേഖലകളിൽ ഇന്റേൺഷിപ്പ് ചെയ്യാം. എന്നാൽ ഉന്നതവിദ്യാഭ്യാസ കൗൺസിൽ സജ്ജമാക്കിയ പോർട്ടലിലടക്കം സൗജന്യ ഇന്റേൺഷിപ്പുണ്ടായിരുന്നില്ല. വൻതുക ഇന്റേൺഷിപ്പിനായി ചെലവിടേണ്ടത് സാമ്പത്തികമായി പിന്നാക്കമുള്ളവർക്ക് വൻ ബാദ്ധ്യതയാവുന്നതായി 'കേരളകൗമുദി' ചൂണ്ടിക്കാട്ടിയിരുന്നു. ഇതേത്തുടർന്നാണ് സൗജന്യ ഇന്റേൺഷിപ്പൊരുക്കാൻ വൈസ്ചാൻസലർ നടപടി തുടങ്ങിയത്.

നിലവിൽ സർവകലാശാലയുടെ ഫിസിക്സ് അടക്കം വകുപ്പുകളിൽ പുറമെനിന്നുള്ളവർക്ക് ഇന്റേൺഷിപ്പ് അനുവദിക്കുന്നുണ്ട്. കാര്യവട്ടം ക്യാമ്പസിലെ നാലുവർഷ വിദ്യാർത്ഥികൾക്ക് ക്യാമ്പസിൽ തന്നെ ഇന്റേൺഷിപ്പിന് അവസരമൊരുക്കും. അഫിലിയേറ്റഡ് കോളേജുകളിലെ വിദ്യാർത്ഥികൾക്ക് മറ്റ് കോളേജുകൾ, തദ്ദേശസ്ഥാപനങ്ങൾ, സർവകലാശാലയുടെ സ്ഥാപനങ്ങൾ, സ്വകാര്യ, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെല്ലാം ഇന്റേൺഷിപ്പ് സജ്ജമാക്കും. ഇതിനായി കോളേജുകൾക്ക് മറ്റ് സ്ഥാപനങ്ങളുമായി ധാരണാപത്രം ഒപ്പിടാം. കോളേജുകളിലെ സെന്റർ ഒഫ് എക്സലൻസുകളിലെ സൗകര്യങ്ങളും ഉപയോഗിക്കാം. ഇതിന് വേഗത്തിൽ നടപടികളെടുക്കാൻ ഐ.ക്യു.എ.സി കോ-ഓർഡിനേറ്റർമാരോട് വൈസ്ചാൻസലർ നിർദ്ദേശിച്ചു. ഐ.ടി കമ്പനികളിൽ സൗജന്യ ഇന്റേൺഷിപ്പ് നൽകണമെന്ന് ടെക്നോപാർക്ക് സി.ഇ.ഒയോട് വി.സി ഡോ.മോഹനൻ കുന്നുമ്മൽ ആവശ്യപ്പെട്ടു.

'' 'കേരളകൗമുദി' ചൂണ്ടിക്കാട്ടിയപ്പോഴാണ് പ്രശ്നത്തിന്റെ ഗൗരവം മനസിലായത്. കുട്ടികൾക്ക് ആശങ്ക വേണ്ട. പരമാവധി ഇന്റേൺഷിപ്പ് സൗജന്യമായി ഒരുക്കും''

--ഡോ.മോഹനൻ കുന്നുമ്മൽ,

വി.സി, കേരള യൂണിവേഴ്സിറ്റി

TAGS: KU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.