
കഴിഞ്ഞദിവസം രാജസ്ഥാൻ റോയൽസിനെതിരെ കൊൽക്കത്ത നൈറ്റ്റൈഡേഴ്സ് കളത്തിലിറങ്ങുമ്പോൾ സീസണിൽ ഒറ്റ ജയം പോലുമില്ലായിരുന്നു. കളിച്ച ആറുമത്സരങ്ങളിൽ അഞ്ചെണ്ണവും തോറ്റു. ഒരു കളി മഴകൊണ്ടുപോയി. അങ്ങനെ കിട്ടിയ ഒറ്റപ്പോയിന്റുമായി പട്ടികയിൽ ഏറ്റവും അവസാന സ്ഥാനത്ത്. രാജസ്ഥാൻ ഉയർത്തിയ 155/9 എന്ന സ്കോർ ചേസ് ചെയ്യാനിറങ്ങിയ കൊൽക്കത്ത 13.3 ഓവറിൽ 85/6 എന്ന നിലയിൽ മറ്റൊരു തോൽവി മുന്നിൽക്കണ്ടു.
എന്നാൽ ഏഴാം വിക്കറ്റിൽ ക്രീസിലൊരുമിച്ച റിങ്കു സിംഗും (34 പന്തുകളിൽ ആറുഫോറും രണ്ട് സിക്സുമടക്കം പുറത്താകാതെ 53 റൺസ്) അൻകുൽ റോയ്‌യും (16 പന്തുകളിൽ പുറത്താകാതെ 29 റൺസ്) ചേർന്ന് ടീമിന്റെ സീസണിലെ ആദ്യ വിജയത്തിലേക്ക് ബാറ്റുവീശി. വ്യക്തിഗത സ്കോർ എട്ടിൽ നിൽക്കേ ഒരു ക്യാച്ചിൽ നിന്ന് രക്ഷപെട്ട റിങ്കു അൻകുലിനൊപ്പം 76 റൺസിന്റെ അപരാജിത കൂട്ടുകെട്ടാണ് സൃഷ്ടിച്ചത്. അവസാന ഓവറിന്റെ നാലാം പന്തിൽ വിക്കറ്റ് കീപ്പർക്ക് പിന്നിലേക്ക് സിക്സടിച്ച റിങ്കു അർദ്ധസെഞ്ച്വറി തികയ്ക്കുകയും വിജയം കുറിക്കുകയും ചെയ്തു. റിങ്കുവിന്റെ സീസണിലെ ആദ്യ അർദ്ധസെഞ്ച്വറിയാണ് രാജസ്ഥാനെതിരെ പിറന്നത്.
നാലോവറിൽ 14 റൺസ് മാത്രം വഴങ്ങി വൈഭവ് സൂര്യവംശിയേയും (46) ധ്രുവ് ജുറേലിനെയും (5), റിയാൻ പരാഗിനേയും (12) വീഴ്ത്തിയ രാജസ്ഥാന്റെ സ്പിന്നർ വരുൺ ചക്രവർത്തിയാണ് പ്ളേയർ ഒഫ് ദ മാച്ച്.ഒരു മത്സരം മഴയെടുത്തതിനാൽ ആകെ മൂന്നുപോയിന്റുമായി പട്ടികയിലെ ഏറ്റവും താഴെനിന്ന് ഒരു പടവ് കയറി ഒൻപതാം സ്ഥാനത്താണിപ്പോൾ കൊൽക്കത്ത.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |