SignIn
Kerala Kaumudi Online
Friday, 24 April 2026 12.00 AM IST

ഷൊർണൂർ ആർക്ക് പച്ചക്കൊടി വീശും

Increase Font Size Decrease Font Size Print Page

parties

പാലക്കാട്: പാലക്കാട്, കോഴിക്കോട്, എറണാകുളം റെയിൽവേ ലൈനുകൾ സംഗമിക്കുന്ന സംസ്ഥാനത്തെ ഏറ്റവും വലിയ ജംഗ്ഷനായ ഷൊർണൂർ രാഷ്ട്രീയ കേരളത്തിൽ ചരിത്രപ്രസിദ്ധമായ നിരവധി ഏടുകൾ എഴുതിച്ചേർത്ത പ്രദേശം കൂടിയാണ്. യു.ഡിഎഫ്, എൽ.ഡി.എഫ്, എൻ.ഡി.എ മുന്നണികൾക്ക് വലിയ വേരോട്ടമുള്ള ഷൊർണൂരിൽ ഇത്തവണ ജനവിധി ആർക്ക് അനുകൂലമാകുമെന്നാണ് അറിയാനുള്ളത്. കോട്ട കാക്കാൻ എൽ.ഡി.എഫും പിടിച്ചെടുക്കാൻ യു.ഡി.എഫും നഗരസഭയിലെ മുന്നേറ്റം നിയമസഭ തിരഞ്ഞെടുപ്പിലും ആവർത്തിക്കാൻ എൻ.ഡി.എയും ഷൊർണൂരിന്റെ പ്ലാറ്റ് ഫോമിലേക്കെത്തുമ്പോൾ ജനം ആർക്ക് പച്ചക്കൊടി വീശുമെന്നാണ് ആകാംഷ.

ജില്ലയിൽ തന്നെ 2 നഗരസഭകളുള്ള ഏക നിയമസഭാ മണ്ഡലമായ ഇവിടെ 2021ൽ 36,674 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ സി.പി.എം ജയിച്ചു. ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം 23,149 ഉണ്ട്. യു.ഡി.എഫ് തരംഗം ആഞ്ഞടിച്ച കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും 3751 വോട്ടുകളുടെ ലീഡ് സി.പി.എം നേടി. ഇടതുകോട്ടയാണ് എന്ന് അവകാശപ്പെടുമ്പോഴും ചില ബുദ്ധിമുട്ടുകൾ സി.പി.എമ്മിനെ അലട്ടുന്നുണ്ട്. ഷൊർണൂർ നഗരസഭയിൽ ഭരണം നേടിയെങ്കിലും കേവലഭൂരിപക്ഷമില്ലാതെ, സ്വതന്ത്രാംഗത്തിന്റെ പിന്തുണയോടെയാണു മുന്നോട്ടുപോകുന്നത്. തൃക്കടീരിയിലും കേവല ഭൂരിപക്ഷമില്ല. ഇടഞ്ഞു നിൽക്കുന്ന പി.കെ.ശശിയുടെ നിലപാടും ഇടതുപക്ഷത്തിന് തിരിച്ചടിയാണ്.

കേരളത്തിലെ ഷെഫീൽഡ്സ് എന്നറിയപ്പെടുന്ന ഷൊർണൂരിലെ ചെറുകിട വ്യവസായ മേഖലയുടെ പുരോഗതിക്കായി ഒട്ടേറെ പദ്ധതികൾ നടപ്പാക്കിയതായി ഇടതുപക്ഷം പറയുന്നു. അടിസ്ഥാനസൗകര്യ രംഗത്ത് കുതിപ്പേക്കാൻ കഴിഞ്ഞു. നിലവിലെ എം.എൽ.എമാർ തന്നെ തുടരാനുള്ള തീരുമാനമാണെങ്കിൽ പി.മമ്മിക്കുട്ടി ഒരിക്കൽക്കൂടി സ്ഥാനാർത്ഥിയാകും. സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗവും മുൻ ഷൊർണൂർ നഗരസഭാ ചെയർമാനുമായ എം.ആർ.മുരളിക്കാണ് മറ്റൊരു സാദ്ധ്യത. കൂടാതെ മുൻ എസ്.എഫ്.ഐ സംസ്ഥാന അദ്ധ്യക്ഷൻ ആർഷോയുടെ പേരും പരിഗണനയിലുണ്ട്.

ഇടതുപക്ഷത്തിന് ശക്തമായ പിന്തുണ നൽകിയിട്ടും വികസനം എത്തിനോക്കാത്ത ഇടമായി ഷൊർണൂർ എന്നതാണ് യു.ഡി.എഫിന്റെ വുമർശനം. മണ്ഡലത്തിൽ സംഘടനാ സംവിധാനം തീരെ ഇല്ലെന്നതാണ് കോൺഗ്രസ് നേരിടുന്ന വെല്ലുവിളി. ഷൊർണൂർ നഗരസഭയിലും വാണിയംകുളം പഞ്ചായത്തിലും ബി.ജെ.പിക്കു പിന്നിൽ മൂന്നാം സ്ഥാനത്താണ് യു.ഡി.എഫ്. ഡി.സി.സി ജനറൽ സെക്രട്ടറി ടി.വൈ.ഷിഹാബുദ്ദീന്റെ പേരാണ് ഇവിടെ പ്രധാനമായും യു.ഡി.എഫ് പരിഗണിക്കുന്നത്. കെ.കൃഷ്ണകുമാർ, വി.കെ.ശ്രീകൃഷ്ണൻ എന്നിവരും സാദ്ധ്യതാ പട്ടികയിൽ ഉണ്ട്.

2016ൽ ബി.ഡി.ജെ.എസ് മത്സരിച്ച സീറ്റ് 2021ൽ ബി.ജെ.പി തിരിച്ചെടുത്തു. രാഷ്ട്രീയത്തിൽ തിളങ്ങിനിന്നിരുന്ന സന്ദീപ് വാരിയരാണ് അന്നു ബി.ജെ.പിയുടെ സ്ഥാനാർത്ഥിയായത്. രണ്ടാം സ്ഥാനം നിലനിർത്താൻ യു.ഡി.എഫിന് ആയെങ്കിലും ബിജെപിയുമായുള്ള വോട്ട് വ്യത്യാസം വെറും 753 മാത്രം. ഇത്തവണ ബി.ജെ.പി സ്ഥാനാർത്ഥിയായി സംസ്ഥാന നേതാക്കളാരെങ്കിലും വന്നേക്കും. കൂടാതെ നഗരസഭാംഗം ഇ.പി.നന്ദകുമാറിന്റെ പേരും സാദ്ധ്യതാ പട്ടികയിലുണ്ട്.

മണ്ഡല ചരിത്രം

ഷൊർണൂർ ഉൾപ്പെട്ട പഴയ പട്ടാമ്പി മണ്ഡലത്തിൽ നിന്ന് ഇ.എം.എസ്, ഇ.പി.ഗോപാലൻ, കെ.ഇ.ഇസ്മായിൽ, എം.പി.ഗംഗാധരൻ, സി.പി.മുഹമ്മദ് തുടങ്ങിയ പ്രമുഖർ നിയമസഭയിലെത്തിയിട്ടുണ്ട്. പട്ടാമ്പിയെ വിഭജിച്ച് ഷൊർണൂർ നിയമസഭാ മണ്ഡലം രൂപീകരിച്ചപ്പോൾ 2011ൽ സി.പി.എമ്മിലെ കെ.എസ്.സലീഖയാണ് ജയിച്ചത്. 2016ൽ കോൺഗ്രസിലെ സി.സംഗീതയെ പരാജയപ്പെടുത്തി സി.പി.എമ്മിലെ പി.കെ.ശശി എം.എൽ.എ ആയി. വിവാദങ്ങളുമായി ബന്ധപ്പെട്ട് പി.കെ.ശശിക്ക് സീറ്റ് നിഷേധിച്ചതോടെ 2021ൽ സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.മമ്മിക്കുട്ടിയെ മത്സരിപ്പിച്ചു. യു.ഡി.എഫിലെ ടി.എച്ച്.ഫിറോസ് ബാബുവിനെ പരാജയപ്പെടുത്തി അദ്ദേഹം എം.എൽ.എ ആയി.

 2021 വോട്ടുനില
പി.മമ്മിക്കുട്ടി (എൽഡിഎഫ്): 74,400
ടി.എച്ച്.ഫിറോസ്ബാബു (യുഡിഎഫ്): 37,726
സന്ദീപ് വാരിയർ (ബിജെപി): 36,973

ഭൂരിപക്ഷം: 36,674 (എൽഡിഎഫ്)

 യു.ഡി.എഫ് ഭരിക്കുന്ന തദ്ദേശസ്ഥാപനങ്ങൾ: ചളവറ (നറുക്കെടുപ്പിലൂടെ) നെല്ലായ. എൽഡിഎഫ് ഭരിക്കുന്ന തദ്ദേശസ്ഥാപനങ്ങൾ: ഷൊർണൂർ, ചെർപ്പുളശ്ശേരി നഗരസഭകൾ, വാണിയംകുളം, വെള്ളിനേഴി, അനങ്ങനടി, തൃക്കടീരി.

TAGS: LOCAL NEWS, PALAKKAD, SHORNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.