
തുറവൂർ : അന്ധകാരനഴി തെക്കോട്ടുള്ള പൊഴിച്ചാൽ ആഴം കൂട്ടി നവീകരിക്കുന്ന പ്രവർത്തിയുടെ ഉദ്ഘാടനം മന്ത്രി പി പ്രസാദ് നിർവഹിച്ചു. 2025 -26 വർഷത്തെ സംസ്ഥാന ബഡ്ജറ്റിൽ കൃഷി മന്ത്രിയുടെ നിർദ്ദേശപ്രകാരം അനുവദിച്ച 2.5 കോടി രൂപ ഉപയോഗിച്ചാണ് പൊഴിച്ചാൽ ആഴം കൂട്ടി നവീകരിക്കുന്നത്. പൊഴിച്ചാൽ മണലും എക്കലും അടിഞ്ഞ് ഒഴുക്ക് തടസ്സപ്പെട്ടു കിടക്കുന്നത് പട്ടണക്കാട്, കടക്കരപ്പള്ളി പഞ്ചായത്തുകളിൽ വെള്ളക്കെട്ട് രൂക്ഷമാകുന്നതിന് കാരണമാകുന്നുണ്ട്. ജലജന്യ രോഗങ്ങളും പ്രദേശത്ത് വ്യാപകമാണ്. സൗത്ത് സ്പിൽ വേയുടെ തെക്കേ ഭാഗത്തേക്ക് 3 കിലോമീറ്റർ ദൂരത്തിൽ ആഴം കൂട്ടുകയും 234 മീറ്റർ പുതിയ കൽക്കട്ട് നിർമ്മിക്കുകയും 100 മീറ്റർ നിലവിലുള്ള കൽക്കെട്ടിന്റെ ഉയരം വർദ്ധിപ്പിക്കുകയും ചെയ്യുന്നതാണ് നിർദ്ദേശിഷ്ട പദ്ധതി. ഒരു വർഷമാണ് നിർമ്മാണ കാലാവധി. പട്ടണക്കാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മമത ബി.സിംഗ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ.ജി ഹെൻട്രി, സി.ബി മോഹൻദാസ്, പഞ്ചായത്ത് അംഗങ്ങളായ വിക്ടർ ജോസ്, ബീന ലാലൻ, ബിന്ദു അശോകൻ, സി.കെ മോഹനൻ, ടി.കെ രാമനാഥൻ തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |