ദുരന്തനിവാരണ രംഗത്ത് അഗ്നിരക്ഷാസേന നടത്തുന്നത് അതുല്യമായ സേവനമെന്ന് മുഖ്യമന്ത്രി
ഇടുക്കി: ദുരന്തനിവാരണ രംഗത്ത് അഗ്നിരക്ഷാസേന നടത്തുന്നത് അതുല്യമായ സേവനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജില്ലാ ഫയർ സ്റ്റേഷൻ സ്റ്റാഫ് ക്വാർട്ടേഴ്സ് ഉദ്ഘാടനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി. . ദുരന്തമുഖങ്ങളിൽ നിന്നും സഹായം തേടുന്നവരുടെ മാനസികാവസ്ഥ മനസിലാക്കി അവർക്കൊപ്പം നിൽക്കാൻ അഗ്നിരക്ഷാവകുപ്പിന് കഴിയുന്നു. ഇത് തുടരട്ടെ എന്നും മുഖ്യമന്ത്രി പറഞ്ഞു. ചടങ്ങിൽ ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ അദ്ധ്യക്ഷത വഹിച്ചു. ക്വാർട്ടേഴ്സ് കെട്ടിടത്തിന്റെ ശിലാഫലകം മന്ത്രി അനാശ്ചാദനം ചെയ്തു.
ഫയർ റസ്‌ക്യൂ സർവീസസ് ഡയറക്ടർ ജനറൽ നിതിൻ അഗർവാൾ ഓൺലൈനായി സ്വാഗതം ആശംസിച്ചു. റീജിയണൽ ഫയർ ഓഫീസർ സുജിത് കുമാർ ജെ.എസ്., ഇടുക്കി സ്റ്റേഷൻ ഓഫീസർ അഖിൻ സി, വാഴത്തോപ്പ് പഞ്ചായത്തംഗങ്ങളായ പ്രഭാ തങ്കച്ചൻ, നാഷാദ് ടി.ഇ രാഷ്ട്രീയ സാമൂഹ്യ സംഘടനാ പ്രതിനിധികളായ എം.വി. ബേബി, ജോസ് കുഴിക്കണ്ടം, ഫയർ ആന്റ് റസ്‌ക്യൂ സർവീസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
നിർമ്മാണച്ചെലവ് 3.68 കോടി
വാഴത്തോപ്പ് പഞ്ചായത്തിലെ ആലിൻചുവട്ടിൽ പ്രവർത്തിക്കുന്ന ഇടുക്കി ഫയർ സ്റ്റേഷന്റെ സ്റ്റാഫ് ക്വാർട്ടേഴ്സിൽ മൂന്ന് നിലകളിലായി ആറ് കോർട്ടേഴ്സുകളാണുള്ളത്. 3.68 കോടിയാണ് നിർമ്മാണച്ചെലവ്. രണ്ടു ബെഡ്രൂം, ഒരു സ്റ്റഡി റൂം, ഒരു ഹാൾ, കിച്ചൻ, വർക് ഏരിയ, രണ്ടു ടോയ്ലറ്റ് എന്നിവ ഉൾപ്പെടുന്ന ഓരോ ക്വാർട്ടേഴ്സിനും 860 സ്‌ക്വയർ ഫീറ്റ് വിസ്തീർണമാണുള്ളത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |