
ഹരിപ്പാട്: ടാറിംഗ് ഇളകിയതുമൂലം രൂപപ്പെട്ട കുഴികൾ ഇരുചക്രവാഹന യാത്രികർക്ക് ഉൾപ്പെടെ കെണിയാകുന്നു. കായംകുളം- കാർത്തികപ്പളളി റോഡിൽ മുതുകുളം വെട്ടത്തുമുക്കിന് വടക്കു ഭാഗത്തും മങ്ങാട്ടുമുക്ക് പെട്രോൾ പമ്പിന് സമീപവും ഹൈസ്‌കൂൾ മുക്കിലുമാണ് കുഴികൾ രൂപപ്പെട്ടിട്ടുള്ളത്. യാത്രക്കാരുടെ ജീവന് ഭീഷണിയാകുന്ന കുഴിയിൽ ഇരുചക്രവാഹനക്കാർ നിരന്തരം അപകടത്തിൽപ്പെടുകയാണ്. ദൂര നിന്ന് കാണാനാകാത്ത കുഴികൾ വലിപ്പം അധികമില്ലെങ്കിലും ആഴമേറിയതാണ്. അതിനാൽ തന്നെ ഇത് എളുപ്പം യാത്രക്കാരുടെ ശ്രദ്ധയിൽപ്പെടില്ല. അതിനാൽ, കുഴികളിൽ ചക്രം കുടുങ്ങി യാത്രക്കാർ തെറിച്ചുപോകുന്നു. കുഴി മുന്നിൽക്കണ്ട് വാഹനങ്ങൾ വെട്ടിക്കുമ്പോഴും അപകടമുണ്ടാകുന്നു. ഇതുവഴി സഞ്ചരിച്ചിട്ടില്ലാത്ത യാത്രക്കാരണ് കൂടുതലും അപകടത്തിൽപ്പെടുന്നതെന്ന് നാട്ടുകാർ പറയുന്നു.
രാത്രിയിലെ വെളിച്ചക്കുറവും ഭീഷണി
രാത്രിയിൽ വെളിച്ചക്കുറവുള്ളതിനാൽ അപകട സാദ്ധ്യതയേറെയാണ്. മഴവെള്ളം നിറഞ്ഞാൽ കുഴികൾ വേഗത്തിൽ തിരിച്ചറിയാനും സാധിക്കില്ല. വെട്ടത്തുമുക്കിനു വടക്കു ഭാഗത്തെയും പെട്രോൾ പമ്പിന് സമീപത്തെയും കുഴികൾ അടുത്തിടെയാണ് രൂപപ്പെട്ടത്. ഈ കുഴികൾ വലുതായി വരുകയാണ്. ഹൈസ്‌കൂൾ മുക്കിൽ വലിയ കുഴിയുണ്ടായിരുന്നു. ഇത് അടച്ചതിനു സമീപത്തായാണ് ഇപ്പോൾ പുതിയ കുഴി രൂപപ്പെട്ടത്. കുഴി ഒഴിവാക്കാനായി വലത്തേക്ക് കയറിയ ബസിനെ തട്ടാതിരിക്കാൻ ശ്രമിക്കുന്നതിനിടെ ബൈക്ക് നിയന്ത്രണം വിട്ട് പാഞ്ഞുകയറി റോഡരികിൽ നിന്ന കുട്ടിയടക്കം നാലുപേർക്ക് പരിക്കേറ്റ സംഭവം ഹൈസ്‌കൂൾ മുക്കിലുണ്ടായിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |