
ഇന്ന് ജില്ലാ സെക്രട്ടേറിയറ്റും കമ്മിറ്റികളും
മുഖ്യമന്ത്രിയും 10 മന്ത്രിമാരും മത്സരിക്കും
സ്വരാജിന്റെ കാര്യത്തിൽ തീരുമാനമായില്ല
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രഖ്യാപനം വൈകുന്ന സാഹചര്യത്തിൽ സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കാൻ തിരക്ക് കൂട്ടേണ്ടെന്ന് സി.പി.എം നിലപാട്. ജില്ലാ സെക്രട്ടേറിയറ്റുകൾ കൈമാറിയ സ്ഥാനാർത്ഥി ലിസ്റ്റ് ഇന്നലെ സംസ്ഥാന സമിതി ചർച്ചചെയ്തു. ചില മണ്ഡലങ്ങളിൽ മാത്രമാണ് ചെറിയ ഭേദഗതി നിർദ്ദേശിച്ചത്.
ഇന്ന് രാവിലെ എല്ലാജില്ലകളിലും സെക്രട്ടേറിയറ്റും ഉച്ചയ്ക്ക് ശേഷം ജില്ലാ കമ്മിറ്റിയും ചേർന്ന് പട്ടികയ്ക്ക് അന്തിമരൂപമാക്കും. രണ്ട് ദിവസത്തിനു ശേഷം ചേരുന്ന സംസ്ഥാന നേതൃത്വയോഗം ഇതിന് അംഗീകാരം നൽകും. പാർട്ടി ജനറൽ സെക്രട്ടറി എം.എ. ബേബി കൂടി പങ്കെടുത്ത സംസ്ഥാന സമിതിയിൽ ജി.സുധാകരൻ വിഷയം ചർച്ച ചെയ്തില്ല.
മുഖ്യമന്ത്രിക്ക് പുറമെ നിലവിലെ പത്തു മന്ത്രിമാർ കൂടി സ്ഥാനാർത്ഥികളാവും. പി. രാജീവ് (കളമശ്ശേരി), കെ.എൻ. ബാലഗോപാൽ (കൊട്ടാരക്കര), വി.എൻ. വാസവൻ (ഏറ്റുമാനൂർ), സജി ചെറിയാൻ (ചെങ്ങന്നൂർ), എം.ബി. രാജേഷ് (തൃത്താല), പി.എ. മുഹമ്മദ് റിയാസ് (ബേപ്പൂർ), വീണാജോർജ് (ആറന്മുള), ആർ. ബിന്ദു (ഇരിഞ്ഞാലക്കുട), ഒ.ആർ. കേളു (മാനന്തവാടി), വി ശിവൻകുട്ടി (നേമം) എന്നിവരാവും മത്സരിക്കുക.
പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റംഗം എം. സ്വരാജ് മത്സരിക്കുന്ന കാര്യത്തിൽ തീരുമാനമുണ്ടായില്ല. സ്വരാജിനെ മത്സരിപ്പിക്കണമെന്ന് സംസ്ഥാന നേതൃത്വത്തിലെ ഒരു വിഭാഗം താത്പര്യം പ്രകടിപ്പിച്ചെങ്കിലും സെക്രട്ടേറിയറ്റിലോ സംസ്ഥാന സമിതിയിലോ ചർച്ചയ്ക്ക് വന്നില്ല.
എ.സി.മൊയ്തീൻ മത്സരരംഗത്തുനിന്ന് മാറാൻ സന്നദ്ധത അറിയിച്ചെങ്കിലും കുന്നംകുളത്ത് സ്ഥാനാർത്ഥിയാവാനാണ് സാദ്ധ്യത. മുൻ വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് മണലൂരിലും കെ.എൻ. ഉണ്ണികൃഷ്ണൻ തൃപ്പൂണിത്തുറയിലും മത്സരിക്കും. കോൺഗ്രസ് വിട്ട് സി.പി.എമ്മിലെത്തി പാലക്കാട്ട് ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായ ഡോ. പി. സരിനെ മത്സരിപ്പിക്കുന്നതിൽ അന്തിമതീരുമാനമായിട്ടില്ല. മറ്റ് ചില മണ്ഡലങ്ങളിലെ സ്ഥാനാർത്ഥി ചിത്രം വ്യക്തമാവുന്ന മുറയ്ക്ക് സരിന്റെ കാര്യത്തിൽ മാറ്റം വന്നേക്കാം.
ഷംസീർ, മണി ഇല്ല
നാസറിന് അനുമതിയില്ല
സ്പീക്കർ എ.എൻ.ഷംസീർ, മുൻ മന്ത്രി എം.എം.മണി, പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ എന്നിവരെ മത്സരിപ്പിക്കേണ്ടതില്ലെന്ന തീരുമാനവും അംഗീകരിക്കപ്പെട്ടു. ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ.നാസറിന്റെ പേര് കായംകുളം മണ്ഡലത്തിലേക്ക് ജില്ലാ സെക്രട്ടേറിയറ്റ് ശുപാർശ ചെയ്തെങ്കിലും മത്സരിക്കാൻ അനുമതിയില്ല. യു.പ്രതിഭയാവും സ്ഥാനാർത്ഥി. സ്ഥാനാർത്ഥിത്വത്തിൽ നിന്ന് ഒഴിവാക്കണമെന്ന് മന്ത്രി വീണാജോർജ്ജിന്റെ കുടുംബം ആവശ്യപ്പെട്ടിരുന്നെങ്കിലും പിന്നീട് തീരുമാനം മാറ്റി. പൊന്നാനിയിൽ സിറ്റിംഗ് അംഗം പി.നന്ദകുമാറിന് പകരം പി.എസ്.സി മുൻ ചെയർമാനും കേരള വഖഫ് ബോർഡ് ചെയർപേഴ്സണുമായ എം.കെ. സക്കീർ മത്സരിക്കും.
ശശിയെ പുറത്താക്കി
സി.ഐ.ടി.യുവും
പാർട്ടിയിൽ നിന്നു പുറത്താക്കിയതിന് പിന്നാലെ പി.കെ.ശശിയെ സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ് ചുമതലയിൽ നിന്നും പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കി. ഇന്നലെ ചേർന്ന സി.ഐ.ടി.യു നേതൃയോഗമാണ് തീരുമാനമെടുത്തത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |