
മുംബയ്: ട്വന്റി-20 ലോകകപ്പ് സെമിഫൈനലിൽ ഇന്ത്യയോടേറ്റ തോൽവിക്ക് കാരണം ഫീൽഡിംഗിലെ പിഴവുകളാണെന്ന് തുറന്നു സമ്മതിച്ച് ഇംഗ്ലണ്ട് ക്യാപ്ടൻ ഹാരി ബ്രൂക്ക്. തുടക്കത്തിൽ തന്നെ മലയാളി താരം സഞ്ജു സാംസണിന്റെ ക്യാച്ച് കൈവിട്ടത് മത്സരത്തിന്റെ ഗതി മാറ്റിയെന്നും അദ്ദേഹം പറഞ്ഞു. മത്സരശേഷം നടന്ന പ്രസന്റേഷൻ സെറിമണിയിൽ സംസാരിക്കുകയായിരുന്നു ഇംഗ്ലണ്ട് ക്യാപ്ടൻ.
'ഇന്ത്യ ബാറ്റു ചെയ്യുമ്പോൾ പന്ത് സ്‌പിൻ ചെയ്യുമെന്നുമാണ് ഞങ്ങൾ കരുതിയത്. പക്ഷേ അവർക്ക് ബാറ്റു ചെയ്യാൻ പാകത്തിന് നല്ല സുഖമായി പന്ത് കിട്ടുന്നുണ്ടായിരുന്നു. അത് ഇന്ത്യ ശരിക്കും മുതലാക്കി. സഞ്ജുവിന്റെ ക്യാച്ച് കളഞ്ഞത് എന്റെ ഭാഗത്തുനിന്നുണ്ടായ വലിയൊരു അബദ്ധമാണ്, ഞാൻ അത് സമ്മതിക്കുന്നു. ഞങ്ങൾ ഫീൽഡിംഗിൽ ഒട്ടും ഉഷാറായിരുന്നില്ല. ഇന്ത്യയെപ്പോലെ ഫോമിലുള്ള ഒരു ടീമിനെതിരെ ഇത്തരം വിട്ടുവീഴ്ചകൾ ചെയ്താൽ കളി കൈവിട്ടുപോകുമെന്ന് ഉറപ്പാണ്.
ക്യാച്ചുകൾ ജയത്തെ ബാധിക്കുമെന്ന് പറയുന്നതിൽ കാര്യമുണ്ട്. നിർഭാഗ്യവശാൽ ആ പന്ത് എന്റെ കൈയിൽ നിന്നും വഴുതിപോയി. സഞ്ജു അത് കൃത്യമായി ഉപയോഗിച്ചു, അത്രയും മികച്ച രീതിയിൽ അദ്ദേഹം ബാറ്റ് ചെയ്തതുകൊണ്ടാണ് ഇന്ത്യയ്ക്ക് ജയം എളുപ്പമാക്കിയത്.
ആ ക്യാച്ച് വിട്ടത് മത്സരത്തിലുടനീളം എന്റെ മനസിനെ അലട്ടി. ഓരോ തവണ സ്‌കോർ ബോർഡിലേക്ക് നോക്കുമ്പോഴും സഞ്ജു റൺസ് അടിച്ചുകൂട്ടുന്നത് ഞാൻ കാണുന്നുണ്ട്. ഇന്ന് എനിക്ക് എങ്ങനെയെങ്കിലും 80-90 റൺസെങ്കിലും എടുക്കേണ്ടി വരുമെന്ന് അപ്പോൾ തന്നെ എനിക്ക് തോന്നിയിരുന്നു. ആ സാഹചര്യത്തിൽ അതത്ര എളുപ്പമായിരുന്നില്ല.
ബെഥൽ അതിശയിപ്പിക്കുന്ന പ്രകടനമാണ് കാഴ്ചവച്ചത്. വലിയ ഭാവിയുള്ള കളിക്കാരനാണവൻ. ആദ്യ പന്ത് മുതൽ അവൻ കളിച്ച രീതിതന്നെ അവന്റെ കഴിവ് ലോകത്തിന് കാട്ടിക്കൊടുക്കുന്നതാണ്. മൊത്തത്തിൽ നോക്കിയാൽ ഈ ടൂർണമെന്റിൽ നന്നായി തന്നെയാണ് ഞങ്ങൾ കളിച്ചത്. മത്സരം തീരുന്നത് വരെ പോരാടാൻ കഴിഞ്ഞു, പക്ഷേ നിർഭാഗ്യവശാൽ ഇന്ന് വിജയം കൂടെയുണ്ടായില്ല.' ബ്രൂക്ക് കൂട്ടിച്ചേർത്തു.
ഇന്ത്യ ഉയർത്തിയ 254 റൺസെന്ന കൂറ്റൻ വിജയലക്ഷ്യത്തിന് മുന്നിൽ പതറാതെ ബാറ്റ് വീശിയെങ്കിലും പൊരുതി തോൽക്കുകയായിരുന്നു ഇംഗ്ലണ്ട്. 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 246 റൺസ് നേടാനെ ഇംഗ്ലണ്ടിന് കഴിഞ്ഞുള്ളൂ. ഞായറാഴ്ച അഹമ്മദാബാദിൽ നടക്കുന്ന ഫൈനലിൽ ന്യൂസിലാൻഡ് ആണ് ഇന്ത്യയുടെ എതിരാളികൾ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |